2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പുകഞ്ഞ കുഞ്ഞില പുറത്ത്

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ജോസ് കെ.മാണി വിഭാഗം യു.ഡി.എഫില്‍നിന്നു പുറത്തായി. യു.ഡി.എഫുമായുണ്ടാക്കിയ ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തതാണ് യു.ഡി.എഫില്‍നിന്നു ജോസ് കെ.മാണി പക്ഷത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് പി.ജെ.ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും തമ്മില്‍ നിലനിന്ന തര്‍ക്കങ്ങള്‍ക്ക് അവസാനമെന്ന നിലയിലാണ് ജോസ് കെ.മാണി വിഭാഗത്തെ തള്ളുന്നതിന് യു.ഡി.എഫ് തീരുമാനമെടുത്തത്. ഇതോടെ മാസങ്ങളായി യു.ഡി.എഫില്‍ നിലനിന്ന അനിശ്ചിതത്വമാണ് അവസാനിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് രാജിവച്ചപ്പോള്‍ കേരള കോണ്‍ഗ്രസിലെ പി.ജെ.ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും അവകാശവാദമുന്നയിച്ചു.
തുടര്‍ന്ന് ഇരു വിഭാഗവുമായി ചര്‍ച്ച ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുണ്ടാക്കിയ ധാരണപ്രകാരം അആദ്യ എട്ട് മാസം ജോസ് പക്ഷത്തിനും ബാക്കിയുള്ള ആറ് മാസം ജോസഫ് പക്ഷത്തിനും പ്രസിഡന്റ് സ്ഥാനമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ എട്ട് മാസം പൂര്‍ത്തിയായിട്ടും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ജോസ് പക്ഷം തയാറായില്ല.
തുടര്‍ന്ന് പി.ജെ ജോസഫ് മുന്നണിയേയും കോണ്‍ഗ്രസിനെയും സമീപിച്ച് ധാരണ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതോടെ യു.ഡി.എഫില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇരു വിഭാഗങ്ങളുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തുകയും രണ്ടു വിഭാഗത്തെയും മുന്നണിയില്‍ നിര്‍ത്തിക്കൊണ്ടുപോകുന്നതിന് യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പരമാവധി പരിശ്രമിക്കുകയും ചെയ്തു. ആദ്യം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇരു പക്ഷവുമായി ചര്‍ച്ച നടത്തി.
പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ബെന്നി ബഹന്നാന്‍ എന്നിവരും മറ്റു ഘടകകക്ഷി നേതാക്കളും ഇരു വിഭാഗവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ജോസ് വിഭാഗം രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടെടുക്കുകയായിരുന്നു. മാത്രമല്ല, പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിന് നിബന്ധനകളും മുന്നോട്ടുവച്ചു. ഇതോടെ നിലപാട് കടുപ്പിച്ച ജോസഫ് വിഭാഗം മുന്നണി വിടുമെന്നും അവിശ്വാസം കൊണ്ടുവരുമെന്നും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പി.ജെ ജോസഫ് മുന്നണിക്ക് അന്ത്യശാസനം നല്‍കുകയും ചെയ്തു.
ഇതോടെയാണ് അന്തിമ തീരുമാനമെടുക്കേണ്ടതിലേക്ക് യു.ഡി.എഫ് നേതൃത്വവും കോണ്‍ഗ്രസും എത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എന്നിവര്‍ ഇന്നലെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് രാവിലെ യോഗം ചേര്‍ന്നത്. യോഗത്തിനിടെ പി.ജെ ജോസഫ്, ടി.യു കുരുവിള, ജോയ് എബ്രഹാം, മോന്‍സ് ജോസഫ് എന്നിവരും നേതാക്കളെ കണ്ടിരുന്നു.
അന്തിമ തീരുമാനമെടുക്കുന്നതിനു മുന്‍പ് ഇന്നലെ രാവിലെ ജോസ് കെ.മാണിയുമായി ഉമ്മന്‍ ചാണ്ടി ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും നിലപാട് മാറ്റാന്‍ അവര്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് കടുത്ത തീരുമാനത്തിലേക്ക് പോയത്.
യു.ഡി.എഫ് നേതൃത്വത്തെ പരസ്യമായി തള്ളി, ഇത്തരത്തിലൊരു ധാരണയുണ്ടായിരുന്നില്ലെന്ന നിലപാടെടുത്ത ജോസ് കെ.മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജോസ് പക്ഷത്തെ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുപ്പിക്കില്ല. അടുത്ത ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കും.
ധാരണ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് സമയം കൊടുത്തിട്ടും അവര്‍ അംഗീകരിച്ചില്ല. വളരെ മാന്യമായ രീതിയിലാണ് ജോസ് വിഭാഗത്തോട് സംസാരിച്ചത്.
ജനാധിപത്യപരമായ രീതിയില്‍വേണ്ട എല്ലാ നടപടികളും സ്വീകരിച്ചു. ഇനിയൊരു ആശയവിനിമയത്തിന്റെ ആവശ്യമില്ലാത്തതിനാല്‍ ഇപ്പോള്‍ സംസാരിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു തീരുമാനമെടുക്കുമ്പോള്‍ ലാഭനഷ്ടക്കണക്ക് നോക്കിയിട്ടില്ലെന്നും ബെന്നി ബഹന്നാന്‍ പറഞ്ഞു. ട

” ആത്മാഭിമാനം
പണയം വയ്ക്കില്ല ”

കോട്ടയം: യു.ഡി.എഫ് നേതാക്കള്‍ രാഷ്ട്രീയ അജണ്ട ബോധപൂര്‍വം നടപ്പാക്കുകയാണ് ചെയ്തതെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. കേരള കോണ്‍ഗ്രസ് ആത്മാഭിമാനം പണയം വയ്ക്കില്ല. മുന്നണിയില്‍ നിന്ന് പുറത്താക്കിയ യു.ഡി.എഫ് തീരുമാനം രാഷ്ട്രീയ അനീതിയാണ്. മുന്നണിയെ കെട്ടിപ്പടുത്ത കെ.എം മാണിയെയാണ് ഈ നടപടിയിലൂടെ യു.ഡി.എഫ് പുറത്താക്കിയതെന്നും ജോസ് കെ. മാണി പറഞ്ഞു.
യു.ഡി.എഫ് തീരുമാനം വന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ച കെ.എം മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ് തള്ളിപ്പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണയില്‍ രാജിവയ്ക്കണമെന്നാണ് യു.ഡി.എഫ് പറയുന്നതെന്നും ജോസ് കെ. മാണി ആവര്‍ത്തിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.