2019 November 21 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പീഡന കേസ്: നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരായ പീഡന കേസില്‍ നിയമം അതിന്റെ വഴിക്ക് പോകണമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ രണ്ടു നീതി പാടില്ല. 

ഇതേപറ്റി വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇതുവരെ ലഭ്യമായത്. കേസ് അന്വേഷണം നടക്കുന്നതിനാല്‍ കുടുതല്‍ പ്രതികരണത്തിനില്ല. പി. ശശി എം.എല്‍.എക്കെതിരായ പീഡന കേസിലും നിയമം നിയമത്തിന്റെ വഴിക്കാണ് പോകേണ്ടത്്. അല്ലാതെ പാര്‍ട്ടിവഴിക്കല്ല. ഇക്കാര്യത്തിലും ഇരട്ടനീതി പാടില്ല. പീഡന കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എയെ അറസ്റ്റ് ചെയ്തിട്ടും പാര്‍ട്ടി കാര്യമായി പ്രതികരിക്കാതിരുന്നത് ഈ വിശ്വാസത്താലാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ദുരിതാശ്വാസ സഹായം നല്‍കുന്നത് സംബന്ധിച്ച ഉത്തരവില്‍ പോലും വ്യക്തതയില്ല. പ്രഖ്യാപിച്ച പതിനായിരം രൂപ പോലം സര്‍ക്കാര്‍ പട്ടികയിലുള്ള 6.6 ലക്ഷം പേര്‍ക്ക് ഇതുവരെ നല്‍കിയിട്ടുമില്ല. പലരും ബന്ധുവീടുകളില്‍ അഭയം തേടി. മഴ കാരണം ഒരു മാസമായി ജോലിക്കു പോകാത്തവരുണ്ട്്. അവരെയും സഹായത്തില്‍ ഉള്‍പ്പെടുത്തണം. ആദ്യഘട്ട സഹായ വിതരണത്തിന് ആകെ വേണ്ടത് 600 കോടിയാണ്. ഇതുപോലും ഇതുവരെ കലക്ടര്‍മാര്‍ക്ക് പൂര്‍ണമായി നല്‍കിയിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതില്‍ പരാജയമാണെന്നതിന് തെളിവാണ് സൗജന്യ റേഷന്‍ അനുവദിച്ചതിലുള്ള കാലതാമസം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തുക അടിസ്ഥാന വികസനത്തിന് ഉപയോഗിക്കരുത്. ആ തുക ദുരിതാശ്വാസത്തിന് മാത്രം ഉപയോഗിക്കണം. അതു കഴിഞ്ഞ് മിച്ചമുണ്ടെങ്കില്‍ മാത്രം മാറ്റി വിനിയോഗിക്കാം. ദുരിതബാധിതര്‍ക്ക് വീടിന്റെ അറ്റകുറ്റപ്പണി തീര്‍ക്കാനായി ഒരു ലക്ഷം രൂപ പലിശരഹിത വായ്പയെന്നത്് അംഗീകരിക്കാനാവില്ല. അത് അവരെ വീണ്ടും കടക്കെണിയിലാക്കും.
ഇന്ധന വില കാര്യത്തില്‍ ഇനിയും കയ്യുംകെട്ടിനോക്കിനില്‍ക്കാനാവില്ല. എക്‌സൈസ് തീരുവ കൂട്ടുന്നതാണ് വിലക്കയറ്റത്തിന് കാരണം. കൂടാതെ ക്രൂഡോയില്‍ സംസ്‌കരണ നിരക്കും കൂട്ടി. 15 രാജ്യങ്ങളിലേക്ക് പെട്രോള്‍ കയറ്റി അയക്കുന്നത് 53 രൂപയ്ക്കാണ്.
എന്നിട്ടും ഇവിടെ കൊള്ളവിലയ്ക്കാണ് വില്‍ക്കുന്നത്്. സംസ്ഥാന സര്‍ക്കാരിന് അധിക നികുതി വേണ്ടെന്നുവയ്ക്കാം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയിലാക്കിയാല്‍ വില കുറയുമെങ്കിലും അതിനും കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.