2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

പി.സി ജോര്‍ജിനെതിരേ കര്‍ശന നടപടി വേണം: ദേശീയ വനിതാ കമ്മിഷന്‍

 

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി ഉന്നയിച്ച കന്യാസ്ത്രീയെയും അവരെ പിന്തുണക്കുന്നവരെയും ആക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എക്കെതിരേ നടപടി വേണമെന്ന് ദേശീയ വനിതാകമ്മിഷന്‍. പി.സി ജോര്‍ജിനെതിരേ കടുത്ത നടപടിയാവശ്യപ്പെട്ട് ഡി.ജി.പിക്ക് ഉടന്‍ കത്തയക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.
ഒരു എം.എല്‍.എ എന്ന നിലക്ക് പീഡനക്കേസിലെ ഇരകള്‍ക്ക് ഒപ്പം നില്‍ക്കുന്നതിനുപകരം അവരെ ആക്ഷേപിക്കുന്ന പി.സി ജോര്‍ജിന്റെ പ്രസ്താവന ലജ്ജാകരമാണെന്നും വിഷയത്തില്‍ സ്വമേധയ കേസെടുത്ത് മുന്നോട്ടുപോവുമെന്നും കമ്മിഷന്‍ അറിയിച്ചു. ഇരയായ കന്യാസ്ത്രീയെ അടുത്തിടെ നേരിട്ടുകണ്ടിരുന്നു. അവര്‍ അങ്ങേയറ്റം മാനസികനില തകര്‍ന്നിരിക്കുകയാണ്. റേഷന്‍, സ്റ്റൈപ്പന്‍ഡ് എന്നീ അടിസ്ഥാന അവകാശം പോലും ചര്‍ച്ച് അവര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്.
പഞ്ചാബ്, കേരള സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി കമ്മിഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്നും രേഖാ ശര്‍മ പറഞ്ഞു. പി.സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കമ്മിഷന്‍ അംഗം ശമീനാ ശഫീഖും പ്രതിഷേധംഅറിയിച്ചു. ബിഷപ്പിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും പരിശുദ്ധകളാണോ എന്ന് അപ്പോള്‍ അറിയാമെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം. ഒരാള്‍ രണ്ടുവര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു എന്നു പറയുന്നവരെ എന്താണ് വിളിക്കേണ്ടതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.