2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ക്വാറി ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.
കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ അന്‍വര്‍ നല്‍കിയ പുനഃപരിശോധനാ ഹരജി കോടതി തള്ളി. ഉത്തരവ് പുനഃപരിശോധന നടത്തുന്നതിനുള്ള കാരണങ്ങള്‍ ഹരജിയില്‍ വ്യക്തമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ക്വാറി ബിസിനസില്‍ ഓഹരി നല്‍കാമെന്ന് പറഞ്ഞ് പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
കര്‍ണാടകയിലെ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അന്‍വര്‍ പണം തട്ടിയെന്നാരോപിച്ച് മലപ്പുറം പാണക്കാട് സ്വദേശി സലിം നല്‍കിയ പരാതിയില്‍ മഞ്ചേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. ബിസിനസില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം നല്‍കിയ ശേഷം വാങ്ങിയ പണം തിരികെ നല്‍കാതെയും ബിസിനസില്‍ പങ്കാളിയാക്കാതെയും വഞ്ചിച്ചുവെന്നാണ് അന്‍വറിനെതിരെയുള്ള ആരോപണം.
എം.എല്‍.എയായതിനാല്‍ അന്‍വര്‍ സ്വാധീന ശക്തിയുള്ള വ്യക്തിയാണെന്ന് വിലയിരുത്തി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അന്‍വര്‍ പുനഃപരിശോധനാ ഹരജി നല്‍കിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.