2018 April 20 Friday
ആരുടെ സംസാരം അധികമായോ അവരുടെ അബദ്ധങ്ങളും അധികമായിരിക്കും
ഉമറുല്‍ ഫാറൂഖ് (റ)

പി.പി ആറിന്റെ’ചാത്തു’

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
പി.പി രാമചന്ദ്രന്റെ ചാത്തു ചിത്ര പരമ്പരയില്‍ നിന്ന്്‌

പി.പി രാമചന്ദ്രന്റെ ചാത്തു ചിത്ര പരമ്പരയില്‍ നിന്ന്്‌

പ്രശസ്ത എഴുത്തുകാരന്‍ വി.കെ.എന്നിന്റെ ചാത്തുവിനെ അറിയാത്ത മലയാള സാഹിത്യ പ്രേമികള്‍ ഉണ്ടാവില്ല. നര്‍മവും ചിന്തയും ധ്യാനവും ഒന്നിപ്പിച്ച ചാത്തു ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു . ഇപ്പോഴിതാ ഈ ചാത്തുവിന് മറ്റൊരു പകര്‍പ്പ്. കവി പി.പി രാമചന്ദ്രന്റെ ചാത്തു. കവി പി.പി രാമചന്ദ്രന്റെ സാങ്കല്‍പിക കഥാപാത്രമായ ചാത്തു മലകള്‍ക്കിടയിലൂടെ മുടങ്ങാതെ ഉദിച്ചുയരുന്നതും കാത്ത് നിരവധി വായനക്കാരും സാഹിത്യ പ്രേമികളുമാണ് കാത്തിരിക്കുന്നത്. അതുകൊണ്ടാണല്ലോ മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിലെ ചാത്തു പുസ്തകരൂപത്തിലേക്ക് എത്തിയത്.
അലസനും അധിപനുമായ ചാത്തു എന്ന സാങ്കല്പിക കഥാപാത്രത്തെ കുംഭകര്‍ണ സേവയില്‍നിന്ന് ഉണര്‍ത്താന്‍ എന്നും എന്തെങ്കിലും കുസൃതികാട്ടി ഉദിക്കുന്ന സൂര്യനും കാക്കയെന്നോ കുയിലെന്നോ വിവേചിക്കാനാകാത്ത ഒരു കിളിയും ഇവര്‍ക്കു പശ്ചാത്തലമായി ഇരു മലകളും ഇതാണ് പി.പി ആറിന്റെ  ചാത്തൂണ്‍സ് എന്ന ചിത്രപരമ്പര. ഫേസ്ബുക്കിലും ബ്ലോഗിലുമായാണ് വായനക്കാര്‍ക്ക് വേണ്ടി പി.പി ആറിന്റെ ചാത്തൂണ്‍ നര്‍മം വിതറിയത്.
ഞാറ്റുവേല എന്നൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അതിരാവിലെ ഒരു സുപ്രഭാതാംശസ എന്ന നിലയ്ക്ക് തുടങ്ങിയതായിരുന്നു ഈ കൗതുകം. ചിത്രമിടാത്ത ദിവസങ്ങളില്‍’ചാത്തു ഉദിക്കാത്തതെന്ത്’ എന്ന് പലരും പരിഭവിക്കാന്‍ തുടങ്ങി. ചാത്തുവും സൂര്യനും ഒന്നായി. അങ്ങനെ അത് ഒരു മുടങ്ങാത്ത നിത്യാഭ്യാസമായി. പിന്നീട് എഫ്ബിയിലും ഇട്ടുപോന്നു. പലരും ഇഷ്ടപ്പെടുന്നു എന്ന് പ്രതികരണങ്ങളില്‍ നിന്നു മനസിലായതോടെയാണ് പി.പി.ആര്‍ ഇതിനെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത്.
ചിലര്‍ കേവലകൗതുകങ്ങളായി തള്ളി.’നിങ്ങളെന്നെ ചാത്തൂണിസ്റ്റാക്കി’ എന്ന് ഒരിക്കല്‍ സ്വയം കമന്റു ചെയ്തു. അതുകൊണ്ട് ഈ വരമൊഴിക്ക് ചാത്തൂണ്‍സ് എന്നു പേരിട്ടു എന്ന് പി.പി രാമചന്ദ്രന്‍ പറയുന്നു.
പി.പി. ആര്‍ ചിത്രം വരയ്ക്കാനൊന്നും പഠിച്ചിട്ടില്ല. എന്നാല്‍ കുട്ടിക്കാലം തൊട്ടേ  അഭിരുചിയുണ്ടായിരുന്നു. മനസിലുണ്ടാവുന്ന രൂപങ്ങള്‍ വിരലുകൊണ്ട് വായുവില്‍ വരച്ചു തൃപ്തിയടയുകയായിരുന്നു പതിവ്. കടലാസില്‍ വരയ്ക്കാന്‍ ധൈര്യമില്ലായിരുന്നു.
പിന്നീട് വട്ടംകുളം വായനശാല പുലരി എന്നൊരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ചിത്രങ്ങള്‍ വരച്ചു. പി.സുരേന്ദ്രന്റേയും നന്ദന്റേയും കഥകള്‍ക്ക് ഇലസ്‌ട്രേഷന്‍ ചെയ്തു. ആ ധൈര്യത്തിലാണ് ഇപ്പോള്‍ മൊബൈലില്‍ ചാത്തൂനെ വരക്കാന്‍ തുടങ്ങിയത്.
‘കഴിഞ്ഞ ബിനാലെക്കാലത്ത് കാര്‍ട്ടൂണിസ്റ്റ് സുനില്‍ നമ്പുവിനോടൊപ്പം ചുറ്റിക്കറങ്ങുമ്പോള്‍ അയാള്‍ തന്റെ മൊബൈല്‍ സ്‌ക്രീനില്‍ പ്രത്യേകതരം പേന ഉപയോഗിച്ച് വരക്കുന്നതു കണ്ടു. സ്‌കെച്ച് ചെയ്യാനും മായ്ക്കാനും ഷെയര്‍ ചെയ്യാനും നല്ല സൗകര്യം. അത്തരമൊരു മൊബൈല്‍ സംഘടിപ്പിക്കാന്‍ സുനിലാണ് പ്രചോദനമായത്. വരയ്ക്കാന്‍ ഉപകരിക്കുന്നു എന്നതിനേക്കാളേറെ മായ്ക്കാന്‍ ഉപകരിക്കുന്നു എന്നതാണ് ഡിജിറ്റല്‍ വരയില്‍ എനിക്ക് സഹായകമായി തോന്നിയത്. കടലാസ് വേണ്ട. മഷിവേണ്ട. ചവറ്റുകുട്ട വേണ്ട. മൊബൈല്‍ വരകളിലൂടെയാണ് ചാത്തൂന്‍ എന്ന കഥാപാത്രം പിറന്നത്. ‘  ചാത്തൂന്‍ എന്ന കഥാപാത്രത്തിന്റെ പിറവിയെക്കുറിച്ച് കവിയുടെ വാക്കുകള്‍ .
മലകള്‍ക്കിടയിലൂടെ ഉദിച്ചുയരുന്ന ഉദയസൂര്യന്റെ ദൃശ്യമായിരുന്നു ചാത്തൂണ്‍സിന്റെ തുടക്കം. വി.കെ.എന്നിന്റെ ചാത്തുവിന്റെ മറ്റൊരു പകര്‍പ്പ്. ചാത്തു ഉണര്‍ന്നാലേ ഉദിക്കാന്‍ അനുവാദമുള്ളു എന്നതുകൊണ്ട് മലകളുടെ മറപറ്റി നില്‍ക്കുകയാണല്ലോ സൂര്യന്‍! അതായിരുന്നു ആദ്യത്തെ വര .
ചാത്തൂണ്‍ ഒരു പരമ്പരയായിട്ട് അധികനാളായില്ല. ഇടക്കു മുടങ്ങിയും വീണ്ടും തുടങ്ങിയും അതു തുടര്‍ന്നു. മാസങ്ങള്‍ക്ക് മുന്‍പ് ആ പരമ്പരയിലെ ചിത്രങ്ങള്‍ സമാഹരിച്ച് ഒരു പുസ്തകം പുറത്തുവന്നു. ആറങ്ങോട്ടുകരയിലെ’പാഠശാല’യായിരുന്നു പ്രസാധകര്‍. പൊന്നാനി എ.വി സ്‌കൂളിലെ അധ്യാപകനായിരുന്ന പി.പി.ആര്‍ ഈ വര്‍ഷം സ്വയം വിരമിക്കുകയായിരുന്നു . ഇപ്പോള്‍ വായനയും എഴുത്തും റിസര്‍ച്ചുമായി കഴിയുന്നു.
ഇടശ്ശേരിയും ഉറൂബും ഗോവിന്ദനും അക്കിത്തവും എഴുത്തിലൂടെ നടത്തിയ മനുഷ്യസങ്കീര്‍ത്തനം തന്നെയാണ് സമാന്തരമായി കെ.സി.എസും പത്മിനിയും നമ്പൂതിരിയും വരയിലൂടെ ആവിഷ്‌കരിച്ചത്. അതിന്റെ കാവ്യാത്മകമായ മറ്റൊരു രൂപമാണ് പി.പി ആറിന്റെ വര. വരയ്ക്കുന്ന കവി  എന്നും പറയാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.