2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പി ജയരാജന്റെ ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐ നീക്കം തുടങ്ങി

തലശ്ശേരി: ശുക്കൂര്‍ വധക്കേസിലും സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ മനോജ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പി.ജയരാജന്റെ ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐ നീക്കം തുടങ്ങി. ഇതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് സി.ബി.ഐക്ക് കിട്ടിയ നിയമോപദേശമെന്നറിയുന്നു. ശുക്കൂര്‍ കേസില്‍ 32-ാം പ്രതി സ്ഥാനത്ത് ഉള്‍പ്പെടുത്തിയ പി.ജയരാജനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ച് വിളിപ്പിച്ച് അറസ്റ്റ് ചെയ്യുകയോ നിലവിലെ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കുകയോ ചെയ്യാമെന്നുള്ള രണ്ട് നിയമോപദേശങ്ങളാണ് സി.ബി.ഐക്ക് ലഭിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച് അടുത്തദിവസം തന്നെ സി.ബി.ഐ നടപടികള്‍ തുടങ്ങിയേക്കും. നേരത്തെ തലശ്ശേരി കോടതി ജയരാജന് ജാമ്യം നല്‍കിയപ്പോള്‍ സി.ബി.ഐ അപ്പീലിന് പോകാതിരുന്നതും ശുക്കൂര്‍ കേസ് മുന്നില്‍ കണ്ടാണെന്നാണ് സൂചന.

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ 25-ാം പ്രതിയായ ജയരാജന് മാര്‍ച്ച് 23 നാണ് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യമനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയത്. ശുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരേ പി.ജയരാജനുള്‍പ്പെടെയുള്ളവര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. അതില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുന്‍പേ സി.ബി.ഐ പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയത് ജയരാജന്റെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും സൂചനയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News