2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

പി.കെ ശശിയെ അറസ്റ്റ് ചെയ്യണം: ബിന്ദുകൃഷ്ണ

കൊല്ലം: സ്ത്രീ സുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വരുവാന്‍ വീര്യം കാട്ടിയ സി.പി.എം അധികാരം ലഭിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടി സഹോദരിമാരെ പോലും പാര്‍ട്ടി നേതാക്കള്‍ തന്നെ പീഡനത്തിന് വിധേയമാക്കുന്ന നാണംകെട്ട സമീപനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
ഷൊര്‍ണൂര്‍ എം.എല്‍.എ പി. കെ ശശിയെ പീഡനത്തിന്റെ പേരില്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ച് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മന്ത്രിയും, എം.എല്‍.എമാരും മല്‍സരിച്ച് പീഡന വീരന്‍മാരായി മാറുന്ന പിണറായി ഭരണത്തില്‍ ഇരകളെ സംരക്ഷിക്കാതെ വേട്ടക്കാരനെ സംരക്ഷിക്കുന്ന സമീപനമാണ് ഇടത് ഭരണത്തിന്റെ വേറിട്ട കാഴ്ചയെന്നും, ഒടുവിലായി ഷൊര്‍ണൂരിലെ എം. എല്‍.എ, പി കെ ശശിക്കെതിരേ പാര്‍ട്ടി പ്രവര്‍ത്തക തന്നെ പീഡിപ്പിച്ചതായി പരാതി നല്‍കിയപ്പോള്‍ നീതി ലഭിക്കാന്‍ മഹിളാ നേതാവ് കൂടിയായ പോളിറ്റ് ബ്യൂറോ അംഗത്തെ സമീപിച്ചിട്ടും നീതി ലഭിക്കാതെ കേരളത്തിന്റെ സാമൂഹിക മനസാക്ഷിയുടെ മുന്നില്‍ നിസഹായായി നില്‍ക്കുന്ന അവസ്ഥയാണ് പിണറായി ഭരണത്തില്‍ നിലനില്‍ക്കുന്നതെന്നും ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി.
ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രന്‍ അധ്യക്ഷനായി. ഭാരവാഹികളായ കെ കെ സുനില്‍കുമാര്‍, കാഞ്ഞിരംവിള അജയകുമാര്‍, എന്‍ ഉണ്ണികൃഷ്ണന്‍, സന്തോഷ് തുപ്പാശേരി, ത്രിദീപ് കുമാര്‍, പി എസ് പ്രദീപ്, കൃഷ്ണവേണി ശര്‍മ, രഘു പാണ്ഡവപുരം, ആര്‍ രാജ്‌മോഹന്‍, ബിജു ലൂക്കോസ്, യു വഹീദ, ലൈലാ കുമാരി സംസാരിച്ചു.
ചിന്നക്കടയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് റഷീദ്, ബിജു കുളങ്ങര, എം കമറുദ്ദീന്‍, കൊട്ടിയം സാജന്‍, അജയന്‍ ചവറ, മഷ്‌കൂര്‍, സക്കീര്‍ ഹുസൈന്‍, ശിവപ്രസാദ്, ഉളിയക്കോവില്‍ സന്തോഷ്, ബോബന്‍ ബോസ്, പി ലിസ്റ്റണ്‍, ശങ്കര നാരായണന്‍, ജയപ്രകാശ്, മരിയാന്‍, ഷെഫീക്ക് കിളികൊല്ലൂര്‍, അനില്‍കുമാര്‍, സിദ്ദിക്ക്, പനയം സജീവ്, പൊന്നമ്മ മഹേശ്വരന്‍, മീനുലാല്‍, റീന സെബാസ്റ്റ്യന്‍, ശാന്തിനി ശുഭദേവന്‍, ബ്രിജിത്ത്, ജലജ, ഷഹീര്‍ പള്ളിത്തോട്ടം, കോതേത്ത് ഭാസുരന്‍, ജി വേണു നേതൃത്വം നല്‍കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.