2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പി. കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസ് പ്രതികളെ വെറുതെ വിട്ടു

 

സ്വന്തം ലേഖകന്‍
ആലപ്പുഴ: സി.പി.എം വിഭാഗീയതയുമായി ബന്ധപ്പെട്ട് ഏറെ വിവാദമുണ്ടാക്കിയ പി. കൃഷ്ണപിള്ള സ്മാരകം തീയിട്ട കേസിലെ പ്രതികളെയെല്ലാം ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു.
കഞ്ഞിക്കുഴി കണ്ണര്‍കാട്ടെ സ്മാരകത്തിന് തീയിട്ട് കൃഷ്ണപിള്ളയുടെ പ്രതിമ കേടുവരുത്തിയ കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന ലതീഷ് ബി. ചന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളെയാണ് ദൃക്‌സാക്ഷികളുടെയും തെളിവുകളുടെയും അഭാവത്തില്‍ കോടതി വെറുതെ വിട്ടത്.
പി.കൃഷ്ണപിളള അവസാന നാളുകള്‍ കഴിഞ്ഞിരുന്ന ചെല്ലികണ്ടത്തില്‍ വീടിന് 2013 ഒക്ടോബര്‍ 31നു പുലര്‍ച്ചെ 1.30നാണ് തീ പിടിച്ചത്. ആദ്യം ലോക്കല്‍ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ അഞ്ച് പ്രതികളായിരുന്നു ഉണ്ടായിരുന്നത്.
എസ്.എഫ്.ഐ മുന്‍ നേതാവും കേരള സര്‍വകലാശാല യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ലതീഷ് ബി ചന്ദ്രനായിരുന്നു ഒന്നാം പ്രതി.
സി.പി.എം. കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി. സാബു, സി.പി.എം അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു മറ്റു പ്രതികള്‍. സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമായി നടന്ന ആക്രമണമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പാര്‍ട്ടി സ്മാരക മന്ദിരം പോലും സംരക്ഷിക്കാന്‍ പിണറായി പക്ഷത്തിന് കഴിയുന്നില്ലെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ആസൂത്രിത ആക്രമണമായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
പ്രതികളെ അറസ്റ്റ് ചെയ്ത തതോടെ സി.പി.എം ഇവരെ പുറത്താക്കുകയും ചെയ്തു. 2016 ഏപ്രില്‍ 28ന് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയെങ്കിലും 2019 മാര്‍ച്ച് 14 നാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ആകെ 72 സാക്ഷികള്‍. സി.പി.എം നേതാക്കളായ സജി ചെറിയാന്‍ എം.എല്‍ എ, സി.ബി ചന്ദ്രബാബു ഉള്‍പ്പെടെ 59 സാക്ഷികള്‍ കേസില്‍ മൊഴി നല്‍കി.
കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും സാക്ഷികള്‍ മൊഴി മാറ്റിയതും പ്രതികളെ വെറുതെ വിടുന്നതിന് കാരണമായി.
സി.പി.എമ്മിലെ പിണറായി – വി.എസ് ഗ്രൂപ്പ് പോര് രൂക്ഷമായിരുന്ന ഘട്ടത്തിലാണ് സംഭവം നടക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് വി.എസ് പക്ഷത്തെ ഏരിയാ സെക്രട്ടറി സി.കെ ഭാസ്‌കരനെ സ്ഥാനത്തുനിന്ന് ജില്ലാ കമ്മിറ്റി മാറ്റിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.