2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പി.എസ്.സി ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: പി.എസ്.സിയിലെ പരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നു.
അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തുനിന്ന് അനൂപ് ജേക്കബാണ് പി.എസ്.സി പരീക്ഷാ തട്ടിപ്പുകേസ് സംബന്ധിച്ച് അടിയന്തര പ്രമേയ അവതരണാനുമതി തേടിയത്. കേസില്‍ അന്വേഷണം വഴിതിരിച്ചു വിടാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും തട്ടിപ്പിനെത്തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍നിന്നുള്ള നിയമനം മരവിപ്പിച്ചതിനാല്‍ മറ്റു ഉദ്യോഗാര്‍ഥികളുടെ ഭാവി തുലാസിലാണെന്നും അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണം. 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യം നേടി പുറത്തിറങ്ങിയത്. പ്രതികള്‍ക്ക് ജാമ്യം കിട്ടിയതും അന്വേഷണത്തിലുണ്ടായ വീഴ്ചകളും പരിശോധിക്കാനാണു സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അനൂപ് ജേക്കബ് പറഞ്ഞു.
പി.എസ്.സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും കുറ്റവാളികളെ കുറ്റവാളികളായി തന്നെയാണു സര്‍ക്കാര്‍ കാണുന്നതെന്നും പ്രതികള്‍ക്ക് ഒരുതരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നല്‍കില്ലെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ പരിധിയില്‍ വരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്.
എങ്കിലും റാങ്ക് പട്ടികയില്‍നിന്ന് താല്‍ക്കാലികമായി അഡൈ്വസ് മെമ്മോ നല്‍കുന്നതിനുള്ള സാധ്യത പി.എസ്.സിക്കു മുന്നില്‍ അവതരിപ്പിക്കും. കേസില്‍ ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമായത്. കോപ്പിയടി സംബന്ധിച്ച് കേസിലെ പ്രതി സമൂഹമാധ്യമത്തില്‍ നടത്തിയ പ്രതികരണം പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.