2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പി.എസ്.ജിക്ക് നാലില്‍ നാല്

നാലില്‍ നാലും ജയിച്ചാണ് പി.എസ്.ജി പ്ലേ ഓഫിലേക്ക് മുന്നേറിയത്. എ ഗ്രൂപ്പിലെ മത്സരത്തില്‍ ക്ലബ് ബ്രഗിനെയാണ് ടീം ഒരു ഗോളിന് പരാജയപ്പെടുത്തിയത്. അതോടെ കളിച്ച നാലു മത്സരങ്ങളില്‍ നാലും സ്വന്തമാക്കാന്‍ പി.എസ്.ജിക്ക് കഴിഞ്ഞു. നെയ്മറില്ലാതെ ഇറങ്ങിയ പി.എസ്.ജിക്കായി 22ാം മിനുട്ടില്‍ മൗറോ ഇക്കാര്‍ഡിയാണ് വല തുളച്ചത്. ഫ്രഞ്ച് ചാംപ്യന്‍മാരെ വിറപ്പിച്ചായിരുന്നു ക്ലബ് ബ്രഗിന്റെ അടിയറവ് പറയല്‍. ഗോളുതിര്‍ക്കുന്നതില്‍ പി.എസ്.ജിയേക്കാള്‍ മുന്നിട്ട ക്ലബ് ബ്രഗിന് പക്ഷേ, ഗോള്‍കീപ്പര്‍ കൈലര്‍ നവാസ് തടയിടുകയായിരുന്നു.

സിറ്റിക്ക് കാത്തിരിക്കണം
സീസണിലെ ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫിലേക്ക് ചുവടുവയ്ക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇനിയും കാത്തിരിക്കണം. ഇന്നലെ അത്‌ലാന്റയ്‌ക്കെതിരായ മത്സരത്തിലെ സമനിലയാണ് സിറ്റിയുടെ പ്ലേ ഓഫ് ലക്ഷ്യത്തിന് വിനയായത്. മത്സരം 1-1ന്റെ സമനിലയില്‍ കലാശിച്ചു. ഏഴാം മിനുട്ടിലാണ് സിറ്റിയുടെ ഏകഗോള്‍. നിലവില്‍ ടീമില്‍ മികച്ച ഫോം തുടരുന്ന റഹീം സ്റ്റെര്‍ലിങ്ങാണ് ഗോള്‍ സ്‌കോറര്‍. എന്നാല്‍ നിര്‍ഭാഗ്യം എന്നു പറയട്ടെ, 43ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസ് പെനാല്‍റ്റി പാഴാക്കിയതും 81ാം മിനുട്ടില്‍ ഗോള്‍ കീപ്പര്‍ ക്ലൗഡിയോ ബ്രാവോയ്ക്ക് വാറിലൂടെ ചുവപ്പു കാര്‍ഡ് കിട്ടിയതും സിറ്റിയുടെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു. 49ാം മിനുട്ടില്‍ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മരിയോ പാസലിക്കിന്റെ വകയായിരുന്നു അത്‌ലാന്റയുടെ ഗോള്‍നേട്ടം. ഇനി അടുത്ത മത്സരത്തില്‍ ഗ്രൂപ്പില്‍ രണ്ടാമതുള്ള ഷാക്തറിനെതിരേ സമനില കണ്ടെത്തിയാല്‍ സിറ്റിക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാം. നിലവില്‍ നാല് മത്സരങ്ങളില്‍നിന്ന് സിറ്റിക്ക് 12ഉം ഷാക്തറിന് അഞ്ചും പോയിന്റുകളാണുള്ളത്.

ലെവന്‍ഡോവ്‌സ്‌കി തന്നെ
ബുണ്ടസ്‌ലിഗയില്‍ ബയേണിനായി തുടര്‍ച്ചയായ മത്സരങ്ങളില്‍ ഗോള്‍ നേടി റെക്കോര്‍ഡിട്ട പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ചാംപ്യന്‍സ് ലീഗിലും ഒട്ടും കുറച്ചില്ല. ഇന്നലെ താരവും (69ാം മിനുട്ട്) ഗോള്‍ നേടിയ മത്സരത്തില്‍ ഒളിംപിയാക്കോസ് പിറൗസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ ടീം ബി ഗ്രൂപ്പില്‍നിന്ന് പ്ലേ ഓഫിലേക്ക് കടന്നു. ഇവാന്‍ പെരിസിച്ചിന്റെ(89) വകയായിരുന്നു രണ്ടാം ഗോള്‍. നാലു കളികളില്‍ നാലും ജയിച്ചായിരുന്നു (12 പോയിന്റ്) ബയേണിന്റെ പ്രവേശനം. രണ്ടാമതുള്ള ടോട്ടനത്തിന് ഏഴ് പോയിന്റുണ്ട്.

യുവെയ്ക്കും മധുരം
ലോക്കോമോട്ടീവ് മോസ്‌കോയെ 2-1ന് പരാജയപ്പെടുത്തിയാണ് യുവന്റസ് പ്ലേ ഓഫ് സാധ്യത ഉറപ്പിച്ചത്. നാലാം മിനുട്ടില്‍ ആരോണ്‍ റംസി, 90ാം മിനുട്ടിലെ എക്‌സ്ട്രാ ടൈമില്‍ ഡഗ്ലസ് കോസ്റ്റ എന്നിവരാണ് ഗോള്‍ സ്‌കോറര്‍. ലോക്കോമോട്ടീവിനായി റഷ്യന്‍ താരം അലക്‌സി മിറാന്‍ചുക്ക് (12) ഗോള്‍ നേടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.