2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

പിറകോട്ടോടി ഗോകുലം

 

പനജി: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലത്തിന്റെ തോല്‍വി തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് 3-1 എന്ന സ്‌കോറിനായിരുന്നു ഗോകുലം പരാജയപ്പെട്ടത്. 14-ാം മിനുട്ടില്‍ മാര്‍ക്കസ് ജോസഫിലൂടെ ഗോകുലം ആദ്യം ഗോള്‍ കണ്ടെത്തിയെങ്കിലും പിന്നീട് മൂന്ന് ഗോളുകള്‍ വഴങ്ങുകയായിരുന്നു. 37-ാം മിനുട്ടില്‍ ചര്‍ച്ചില്‍ താരം ദവ്ദ സീസേ ഗോള്‍ നേടി സമനില പിടിച്ചു. 57, 91 മിനുട്ടുകളില്‍ വില്ലിസ് പ്ലാസയാണ് ചര്‍ച്ചിലിന്റെ മറ്റു രണ്ട് ഗോളുകള്‍ നേടിയത്.
പുതുതായി ഗോകുലത്തിലെത്തിയ മാര്‍ക്കസ് ജോസഫ് അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ കണ്ടെത്തിയെങ്കിലും ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നു. അവസാനമായി നടന്ന നാല് മത്സരങ്ങളിലും ഗോകുലത്തിന് തോല്‍വിയായിരുന്നു.
സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗോകുലം പട്ടികയില്‍ മൂന്നാം സ്ഥാനത്ത് വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ടീം മോശം ഫോമിലേക്ക് പോയതേടെ ജയം അകലുകയായിരുന്നു. നിലവില്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഗോകുലം. തുടക്കത്തില്‍ മലയാളി താരങ്ങളായ രാജേഷ്, വി.പി സുഹൈര്‍ അടങ്ങുന്ന മുന്നേറ്റനിര മികച്ച റിസല്‍റ്റുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ഇവരെ മാറ്റി പരീക്ഷിക്കുകയായിരുന്നു. മുന്നേറ്റത്തിലുണ്ടായിരുന്ന അന്റോണിയോ ജര്‍മന് പകരമായി എത്തിയ ക്രിസ്റ്റ്യന്‍ സബയേയും മുന്നേറ്റത്തിലിറക്കി ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍ മത്സരങ്ങള്‍ കഴിയും തോറും പുതിയ താരങ്ങളെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ ദിവസവും രണ്ട് പുതിയ താരങ്ങളെയാണ് ഗോകുലം ടീമിലെത്തിച്ചത്. നേരത്തെ ചര്‍ച്ചിലുമായുള്ള ഹോം മത്സരത്തില്‍ ഗോകുലത്തിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.