2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പിന്‍വലിച്ചത് 14.18 ലക്ഷം കോടി രൂപ; വിപണിയിലെത്തിച്ചത് 1.05 ലക്ഷം കോടി മാത്രം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചത് 14.18 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകള്‍. ഇത്രയും പണം ഒറ്റയടിക്ക് അസാധുവാക്കിയപ്പോള്‍ സര്‍ക്കാര്‍ പകരം എത്തിച്ചത് ഒന്നര ലക്ഷം കോടി രൂപ മാത്രം. വിപണിയിലെത്തിച്ചതാക്കട്ടെ എളുപ്പത്തില്‍ വിപണന സാധ്യതയില്ലാത്ത 2000 രൂപ മാത്രം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് ന്യൂസ് റിസര്‍ച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് സര്‍ക്കാറിന്റെ വീഴ്ച വ്യക്തമാക്കിയത്.
പിന്‍വലിച്ച പണത്തിന്റെ അത്രയും കറന്‍സികള്‍ വിപണിയിലെത്തിക്കാന്‍ ദീര്‍ഘകാലമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നവംബര്‍ എട്ടിന് രാത്രിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തില്‍ പണം അസാധുവാക്കുന്നതിനെ വളരെ ലാഘവത്തോടെയാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിന്റെ അനന്തര ഫലം എത്രമാത്രം ഭയാനകമായിരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹവും റിസര്‍വ് ബാങ്കും ഒരുപോലെ അജ്ഞരായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
രാജ്യത്തെ മൊത്തം കറന്‍സിയുടെ 86 ശതമാനമാണ് വിപണയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. നോട്ടുക്ഷാമം പരിഹരിക്കാന്‍ മൂന്ന് ലക്ഷം കോടി മൂല്യം വരുന്ന 150 കോടി കറന്‍സികളാണ് വിപണിയിലെത്തിച്ചത്. വിപണയിലെ 14 ശതമാനം കറന്‍സി നോട്ടുകളുമായി ഇടപാട് നടത്താന്‍ പുതിയതായി പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ക്ക് കഴിയാത്തതാണ് രാജ്യം ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധിക്ക് കാരണം. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ 500 രൂപയുടെ 2000 കോടി കറന്‍സികള്‍ പുറത്തിറക്കിയാലേ കഴിയൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍.ബി.ഐ അടിച്ചിറക്കിയ പുതിയ കറന്‍സികളുടെ ഔദ്യോഗിക വിവരം ഇതുവരെ ലഭ്യമല്ല. സുരക്ഷാ കാരണങ്ങളാലാണ് വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തതെന്നും മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിക്ക് മറുപടിയായി ആര്‍.ബി.ഐ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം നവംബര്‍ 10 മുതല്‍ 18 വരെ ബാങ്കുകളിലൂടെയും എ.ടി.എമ്മുകളിലൂടെയും 1.03 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘
അസാധുവാക്കിയ നോട്ടുകളില്‍ 5.44 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. 500 രൂപയുടെ 5 കോടി രൂപ വരെ നോട്ടുകളാണ് ആര്‍.ബി.ഐ ഓരോ ദിവസവും അച്ചടിച്ച് വിപണിയിലെത്തിക്കുന്നത്. 20,000 കോടി രൂപ മൂല്യം വരുന്ന 40 കോടി 500 രൂപാ നോട്ടുകളാണ് ഇതുവരെ ആര്‍.ബി.ഐ വിപണിയിലെത്തിച്ചതെന്നും ക്രെഡിറ്റ് ന്യൂസ് പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News