2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

“പിന്‍വലിച്ചതു വെറുതേ” നിരോധിച്ച 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി: റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: കള്ളപ്പണം പിടിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 

രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന പ്രധാനമന്ത്രിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും വാദം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍.ബി.ഐ ഇക്കാര്യം അറിയിച്ചത്.
നിരോധിച്ച 1000, 500 രൂപ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നെന്നും ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016 നവംബര്‍ എട്ടിന് രാത്രിയാണ് രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
ആ സമയത്ത് 15.41 ലക്ഷം കോടിയുടെ 1000, 500 നോട്ടുകളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടിയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. 10,720 കോടിയുടെ നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്താത്തത്.
പിന്‍വലിച്ച നോട്ടുകളുടെ അത്രയും മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അതിവേഗം എണ്ണുന്നതിനുള്ള ഹൈസ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് സിസ്റ്റം ഉപയോഗിച്ച് ഒരു വര്‍ഷത്തോളമെടുത്താണ് റിസര്‍വ് ബാങ്ക് തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ത്തത്. വലിയൊരു ജോലി പൂര്‍ത്തിയാക്കിയെന്നാണ് ഇതേക്കുറിച്ച് ബാങ്ക് പ്രതികരിച്ചത്.
നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് പുതിയ 2,000, 500, 200 തുടങ്ങിയ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതിനായി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 8,000 കോടിയോളം രൂപ ചെലവായതായും റിസര്‍വ് ബാങ്ക് പറയുന്നു. വിവിധ ബാങ്കുകള്‍ വഴി ശേഖരിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുകയെന്ന വലിയ ശ്രമം അവസാനിച്ചതായി ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഭിച്ച നോട്ടുകളെല്ലാം പരിശോധിച്ച് പ്രത്യേക സംവിധാനം വഴി എണ്ണിത്തിട്ടപ്പെടുത്തി. പിന്നീട് നോട്ടുകളെല്ലാം നശിപ്പിച്ചതായും ആര്‍.ബി.ഐ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നോട്ടുനിരോധനം കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
മൂന്നു ലക്ഷം കോടി രൂപയുടെ കള്ളപ്പണം തിരികെകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയുമോയെന്ന് ചോദിച്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, നോട്ടുനിരോധനത്തെ മോദി നിര്‍മിത ദുരന്തമെന്നും വിശേഷിപ്പിച്ചു.
കള്ളപ്പണം, അഴിമതി, വ്യാജ നിര്‍മിതി തുടങ്ങിയവ പ്രതിരോധിക്കുന്നതിനായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകള്‍ അസാധുവാക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നത്.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.