2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പിതാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍

തൊടുപുഴ: മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മുട്ടം തുടങ്ങനാട് മൂലഞ്ചേരി നടുത്തറയില്‍ വീട്ടില്‍ ഗോപിനാഥന്‍ (49) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ മകന്‍ ഷജിന്‍ (26) നെയാണ് മുട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പാലായില്‍ വച്ചാണ് ഷജിന്‍ പിടിയിലായത്. തുടങ്ങാനാടുള്ള വീട്ടില്‍വച്ച് കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് ഗോപിനാഥന് മര്‍ദനമേറ്റത്. അമ്മ ഷൈലജയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ പേരില്‍ പിതാവിനെ മര്‍ദിച്ചതായി ഷജിന്‍ പൊലിസിനോട് സമ്മതിച്ചു. ഷജിനെ മര്‍ദനം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇടുക്കി മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി.

കഴിഞ്ഞ ഏഴിന് വൈകിട്ട് ഏഴുമണിയോടെ ഷിജിന്‍ തുടങ്ങനാട്ടിലെ വീട്ടിലെത്തി ഗോപിനാഥിനെ മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഗോപിനാഥിന്റെ സുഹൃത്തുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

ആദ്യം തൊടുപുഴ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു. നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമെ വ്യക്തമാവുകയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന ഇടുക്കി സി.ഐ ഇ.പി റെജി, മുട്ടം എസ്.ഐ ജയകുമാര്‍, അഡീഷണല്‍ എസ് .ഐ സുകു, എ.എസ്.ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.