2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പിതാവിന്റെ സ്മരണകളുറങ്ങുന്ന തെക്കന്‍കാശിയില്‍ സൈനികര്‍ക്കും പ്രവര്‍ത്തകര്‍ക്കും രാഹുലിന്റെ ബലിതര്‍പ്പണം

നിസാം കെ അബ്ദുല്ല

 

തിരുനെല്ലി(വയനാട്): പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നലെ രാഹുല്‍ ഗാന്ധി തെക്കന്‍ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി മാഹാവിഷ്ണു ക്ഷേത്രത്തിലെത്തിയത് പ്രിയപിതാവിന്റെ സ്മരണകളുമായി.

രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തെക്കന്‍ കാശിയിലെത്തിയ രാഹുല്‍ ഗാന്ധി പിതാവിനടക്കം തന്റെ കുടുംബത്തിലെ ഏഴ് തലമുറകള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമുത്യുവരിച്ച ജവാന്‍മാര്‍ക്കും മറ്റ് ഭീകരാക്രമണങ്ങളില്‍ വീരമൃത്യൂ വരിച്ച ജവാന്‍മാര്‍ക്കും രാഷ്ട്രീയ അക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമായി ബലിതര്‍പ്പണം നടത്തി.

പിതാവിനും മുത്തശ്ശിയായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും അടക്കം തന്റെ പുര്‍വികരും പരേതരുമായ ഏഴ് തലമുറകളുടെ മോക്ഷത്തിന് വേണ്ടിയായിരുന്നു ക്ഷേത്രത്തില്‍ പിതൃതര്‍പ്പണ പൂജയും പാപനാശിനിയില്‍ ബലികര്‍മവും നടത്തിയത്. കണ്ണൂരില്‍ നിന്ന് രാവിലെ 10.30ഓടെ തിരുനെല്ലി എസ്.എ.യു.പി സ്‌കൂളിലെ താല്‍കാലിക ഹെലിപ്പാഡില്‍ വന്നിറങ്ങിയ രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം പ്രത്യേക വാഹനവ്യൂഹത്തില്‍ പഞ്ചതീര്‍ഥം വിശ്രമമന്ദിരത്തില്‍ എത്തി.
വിശ്രമമന്ദിരത്തിലെ മുറിയിലെത്തി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാറി മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് പടികള്‍ കയറി ക്ഷേത്ര മുറ്റത്തെത്തിയത്. ഓഫീസിലെത്തി പിതൃതര്‍പ്പണ പൂജക്കുള്ള രശീതി വാങ്ങിയ ശേഷം നടയില്‍ പ്രാര്‍ഥന നടത്തി പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് പാപനാശിനിയിലേക്ക് പിതൃകര്‍മത്തിനായി നീങ്ങി. പാപനാശിനിയിലെത്തിയ അദ്ദേഹം മുത്തശ്ശി അടക്കമുള്ള ഏഴ് തലമുറകള്‍ക്കും പിതാവിനും ആദ്യം ബലിതര്‍പ്പണം നടത്തി.

തുടര്‍ന്ന് പുല്‍വാമയിലും വിവിധ കാലഘട്ടങ്ങളിലും സൈന്യത്തില്‍ നിന്ന് വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കും പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രക്തസാക്ഷിത്വം വരിച്ച കൃപേഷ്, ശരത്‌ലാല്‍ അടക്കമുള്ള എല്ലാവര്‍ക്കും വെവ്വേറെ പിണ്ഡം വെച്ച് പ്രാര്‍ഥിച്ചു. പാപനാശിനിയില്‍ കാര്‍മികനായ പയ്യന്നൂര്‍ കരുവള്ളൂര്‍ സ്വദേശി പയ്യള്ളിക്ക ഇല്ലത്ത് ഗണേശന്‍ ഭട്ടതിരി ചൊല്ലി കൊടുത്ത സംസ്‌കൃത മന്ത്രോച്ചാരണങ്ങള്‍ രാഹുല്‍ ഏറ്റുചൊല്ലി. പഞ്ചതീര്‍ഥ കുളവും സന്ദര്‍ശിച്ച് വീണ്ടും ക്ഷേത്രത്തിലേക്ക് മടങ്ങി.
നടയിലെത്തി പ്രാര്‍ഥിച്ച ശേഷം ക്ഷേത്രം മേല്‍ശാന്തി ഇ.എന്‍ കൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും പ്രസാദവും നിവേദ്യവും സ്വീകരിച്ച് ദക്ഷിണ നല്‍കി മടങ്ങി. അര മണിക്കൂര്‍ കൊണ്ട് എല്ലാ ചടങ്ങുകളും പൂര്‍ത്തീകരിച്ചു. ക്ഷേത്രദര്‍ശനത്തിന് ശേഷം അടുത്ത് നിന്നവരെ അഭിവാദ്യം ചെയ്യാനും ഹസ്തദാനം നടത്താനും രാഹുല്‍ ഗാന്ധി മറന്നില്ല. കുറച്ചുപേര്‍ക്കൊപ്പം സെല്‍ഫിക്കും പോസ് ചെയ്താണ് മടങ്ങിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.