2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പിണറായി വിജയന്‍ സി.പി.എമ്മിന്റെ ആരാച്ചാര്‍: മുല്ലപ്പള്ളി

 

കല്യോട്ട് (കാസര്‍കോട്): പിണറായി വിജയന്‍ സി.പി.എമ്മിന്റെ ആരാച്ചാരെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ കുടുംബത്തിന് യു.ഡി.എഫ് സമാഹരിച്ച കുടുംബ സഹായ ഫണ്ട് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി വധവുമായി സാദൃശ്യമുള്ള കൊലപാതകമാണിത്. പരിശീലനം ലഭിച്ച ഗുണ്ടകള്‍ ആണ് കൊന്നത്. പെരിയ കേസന്വേഷണം സി.പി.എം അട്ടിമറിക്കുകയാണ്. സി.ബി.ഐ അന്വേഷണത്തെ പിണറായിയും സി.പി.എമ്മും ഭയക്കുന്നു. അന്വേഷണം നീതിപൂര്‍വമാകണമെങ്കില്‍ കേസ് സി.ബി.ഐ അന്വേഷിക്കണം.പ്രതികളുടെ ഭാര്യമാരും ബന്ധുക്കളും പാര്‍ട്ടി നേതാക്കളുമാണ് സാക്ഷിപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ പോലും തിരിമറി നടത്തി. സത്യസന്ധരായ അന്വേഷണ ഉദ്യോഗസ്ഥരെ ആദ്യമെ തന്നെ നീക്കംചെയ്തു. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്ന നടപടി ഉണ്ടാകരുത്. അക്രമരാഷ്ടീയം അവസാനിപ്പിക്കാന്‍ കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണം.

സി.പി.എമ്മിനെതിരേ ശബ്ദമുയര്‍ത്തിയതിനാണ് സി.ഒ.ടി നസീറിനെ അക്രമിച്ചത്. കൃപേഷിനെയും ശരത്തിനെയും കൊന്നത് പോലെ നസീറിനെയും കൊല്ലാന്‍ ശ്രമമുണ്ടായി. പൊലിസ് നസീര്‍ പറഞ്ഞത് പൂര്‍ണമായും രേഖപ്പെടുത്തിയിട്ടില്ല. പിണറായി അഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ആര്‍ക്കും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പൊലിസ് ചോദ്യം ചെയ്യുന്നില്ല. അക്രമത്തിന്റെ അടിവേര് പിഴുതെടുക്കുന്നവരെ കോണ്‍ഗ്രസിന് വിശ്രമമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫ് ജില്ലയിലെ 41 കേന്ദ്രങ്ങളില്‍നിന്ന് സമാഹരിച്ച 64,14,191 രൂപ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന് നല്‍കി. ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍, കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, നിയുക്ത എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.