2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

പിണക്കം തീര്‍ന്നു; വാഴക്കാട് പഞ്ചായത്തില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഒന്നിക്കുന്നു

വാഴക്കാട്: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെചൊല്ലി വേര്‍പിരിഞ്ഞ വാഴക്കാട് പഞ്ചായത്തിലെ മുസ്‌ലിം ലീഗും കോണ്‍ഗ്രസും വീണ്ടും ഒന്നിക്കുന്നു. 36 വര്‍ഷത്തോളം നിലനിന്നിരുന്ന കോണ്‍ഗ്രസ് ലീഗ് ബന്ധമാണ് കഴിഞ്ഞ തവണ സീറ്റ് വിഭജനത്തെചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇല്ലാതായത്.
തുടര്‍ന്ന് കോണ്‍ഗ്രസ് സി.പി.എമ്മുമായി ചേര്‍ന്ന് വികസന മുന്നണി രൂപീകരിച്ച് മത്സരിക്കുകയും ഭരണം നേടുകയും ചെയ്തു. എന്നാല്‍ ഭരണസമിതി യോഗത്തില്‍ അജന്‍ഡയില്‍ ഇല്ലാത്ത വനിതാ മതില്‍ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷമായ ലീഗിന് പഞ്ചായത്ത് പ്രസിഡന്റ് അനുമതിനല്‍കി. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗിനൊപ്പം ഭരണ കക്ഷിയിലെ കോണ്‍ഗ്രസും ചേര്‍ന്നപ്പോള്‍ വികസനമുന്നണിയിലെ സി.പി.എം പ്രസിഡന്റ് എം.ഹാജറുമ്മ യോഗത്തില്‍ നിന്ന് ഇറങ്ങിപോവുകയും വൈകുന്നേരത്തോടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്യുകയായിരുന്നു.
പ്രസിഡന്റ് രാജിവച്ചതോടെ പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഭരണ സമിതിയോഗത്തില്‍ വനിതാമതില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കഴിഞ്ഞ പ്രാവശ്യം അവതരിപ്പിച്ച വനിതാമതില്‍ പ്രമേയം ഫയലില്‍ കാണാനില്ലെന്ന് പറഞ്ഞ് ആക്ടിങ് പ്രസിഡന്റ് ജൈസല്‍എളമരം ചര്‍ച്ച നിരസിച്ചിരുന്നു. ഇതോടെ വികസന മുന്നണിയായി ഭരണം മുന്നോട്ട് പോകുമെന്ന രീതിയിലായി.എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലില്‍ കോണ്‍ഗ്രസും ലീഗും ഒന്നിച്ച് യു.ഡി.എഫ് ബന്ധം പുനസ്ഥാപിക്കുകയായിരുന്നു.വികസന മുന്നണയിലെ വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ ജൈസല്‍ എളമരമാണ് നിലവില്‍ പ്രസിഡന്റിന്റെ പദവി വഹിക്കുന്നത്.
ഇന്ന് നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി മത്സരിക്കും. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം ആയതിനാല്‍ വനിതാ അംഗങ്ങളിലാത്ത കോണ്‍ഗ്രസ് ലീഗ് അംഗത്തെ പിന്തുണക്കും. നിലവില്‍ മുസ്‌ലിം ലീഗിന് ഏഴും, ബി.ജെ.പിക്ക് ഒന്നും സീറ്റുകളാണുള്ളത്. വികസന മുന്നണിയായി മത്സരിച്ചിരുന്ന കോണ്‍ഗ്രസിലെ നാല് അംഗങ്ങളും വിജയിച്ചിരുന്നു. 19 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ ഏഴ് ലീഗ് അംഗങ്ങളും നാല് കോണ്‍ഗ്രസ് അംഗങ്ങളും ഒന്നിക്കുന്നതോടെ ഭരണം യു.ഡി.എഫിന്റെ കൈകളില്‍ എത്തും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.