2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പിടികൂടിയ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ ഉടന്‍ വിട്ട് നല്‍കണമെന്ന് ഇറാന്‍

 

തെഹ്‌റാന്‍: ബ്രിട്ടന്‍ പിടിച്ചെടുത്ത തങ്ങളുടെ എണ്ണക്കപ്പല്‍ ഉടന്‍ വിട്ടുനല്‍കണമെന്ന് ഇറാന്‍. യൂറോപ്യന്‍ യൂനിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ജിബ്രാള്‍ട്ടര്‍ തുറമുഖത്തുവച്ച് ഇറാന്റെ ഗ്രേസ് -1 എണ്ണക്കപ്പല്‍ ബ്രിട്ടീഷ് നാവികസേന പിടികൂടിയിരുന്നു. തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പിടികൂടിയ കപ്പല്‍ ഇതുവരെ വിട്ടുതന്നിട്ടില്ലെന്ന് ഇറാന്‍ തുറമുഖ വിഭാഗം മേധാവി ജലാല്‍ അസ്‌ലമി പറഞ്ഞു. ചില രേഖകള്‍ കൈമാറിയതിനെ തുടര്‍ന്ന് കപ്പല്‍ വിട്ടുതരാന്‍ ബ്രിട്ടന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതുടനെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രേസ്-1 പിടിച്ചെടുത്തതോടെ ഇറാനുമായുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി ജിബ്രാള്‍ട്ടര്‍ വക്താവ് അറിയിച്ചു. ഗ്രേസ്-1 പിടിച്ച് രണ്ടാഴ്ചയ്ക്കകം അന്താരാഷ്ട്ര സമുദ്രനിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ബ്രിട്ടന്റെ സ്റ്റെനാ ഇംപെറോ കപ്പല്‍ ഇറാന്‍ വിപ്ലവ സേന പിടികൂടിയിരുന്നു. എന്നാല്‍ കപ്പലുകള്‍ പരസ്പരം കൈമാറാമെന്ന ഇറാന്റെ നിര്‍ദേശം ബ്രിട്ടന്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് യു.എസ് നേതൃത്വത്തിലുള്ള സുരക്ഷാ സംഘത്തോടൊപ്പം ചേര്‍ന്ന് ഹൊര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകപ്പലുകള്‍ക്ക് യുദ്ധക്കപ്പലിന്റെ അകമ്പടി അയച്ചുവരുകയാണ് ബ്രിട്ടന്‍. എന്നാല്‍ ഇറാന്റെ ഭീഷണി നേരിടാന്‍ വിവിധ രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്ത നാവികപ്പടയെ ഗള്‍ഫില്‍ വിന്യസിക്കുകയെന്ന യു.എസ് നിര്‍ദേശത്തോട് മിക്ക രാജ്യങ്ങളും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.