
മേപ്പാടി: പാഷന് ഫ്രൂട്ട് കൃഷിയിലും ഒരു കൈ നോക്കി ജില്ലയിലെ കര്‍ഷകര്‍. പുതിയ കൃഷിയെന്ന നിലയില്‍ ജില്ലയിലെ നിരവധി കര്‍ഷകരാണ് ഇപ്പോള്‍ പാഷന് ഫ്രൂട്ട് കൃഷി ചെയ്യുന്നത്. പാഷന് ഫ്രൂട്ടിന് മികച്ച വില ലഭിക്കുന്നതാണ് കൃഷി സജീവമാക്കാന്‍ കാരണം. ചിലവ് കുറവും മികച്ച വരുമാനവുമാണ് പാഷന് ഫ്രൂട്ട് കൃഷിയുടെ പ്രത്യേകത. കാപ്പിയും കുരുമുളകും റബറുമെല്ലാം കര്‍ഷകരെ ചതിച്ചതോടെ പുതിയ പരീക്ഷണമെന്ന നിലക്കാണ് വയനാട്ടില്‍ വ്യാപകമായി കര്‍ഷകര്‍ പാഷന് ഫ്രൂട്ട് കൃഷി ആരംഭിച്ചിരിക്കുന്നത്.
മേപ്പാടി മാനിവയല്‍ സുനില്‍ മന്ദിരത്തില്‍ കെ.ജി സുനിലും സുഹൃത്തുക്കളും ചേര്‍ന്ന് ചെമ്പോത്തറയില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് പാഷന് ഫ്രൂട്ട് കൃഷി ആരംഭിച്ചു. കൃഷിയുടെ സാധ്യത തിരിച്ചറിഞ്ഞാണ് പാഷന് ഫ്രൂട്ടിലേക്ക് തിരിഞ്ഞത്. തുടക്കത്തിലെ മുടക്ക് മുതല്‍ മാത്രമെ ആവശ്യമുള്ളു. പിന്നീട് കാര്യമായ പരിചരണം ആവശ്യമില്ല. കാര്യമായ കീട രോഗബാധയും ഉണ്ടാവില്ല.
വയല്‍ പ്രദേശങ്ങളില്‍ പോലും പാഷന് ഫ്രൂട്ട് കൃഷി ചെയ്യാം. ബ്രൗണ്‍ നിറത്തിലുള്ള കാവേരി ഇനത്തില്‍ പെട്ട പാഷന് ഫ്രൂട്ടാണ് ഇപ്പോള്‍ കൂടുതല്‍ പേരും കൃഷി ചെയ്യുന്നത്.വയനാട്ടില്‍ ഇപ്പോള്‍ 20 ഏക്കര്‍ സ്ഥലത്ത് കൃഷിയുണ്ട്. ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ ഒന്നര ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഇടവിളയായി പച്ചമുളകും വെള്ളരിയുമാണ് കൃഷി ചെയ്യുന്നത്. വിപണി കണ്ടെത്തലായിരുന്നു കര്‍ഷകര്‍ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ കര്‍ഷകര്‍ കൂട്ടായ്മ രൂപീകരിച്ച് ഇപ്പേര് വിപണി ഉറപ്പ് വരുത്തിയ ശേഷമാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ പാഷന് ഫ്രൂട്ടിന് വലിയ ഡിമാന്റുണ്ട്. സ്ക്വാഷ് നിര്‍മാണത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്.
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും തൈകളും നല്‍കുന്നുണ്ട്. കൃഷി വകുപ്പില്‍നിന്നും കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചാല്‍ പാഷന് ഫ്രൂട്ട് കൃഷിയില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു.