2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

പാഴാക്കിയ നാല് വര്‍ഷം


 

കൊവിഡ് മനുഷ്യരാശിയെ പ്രതിസന്ധിയിലാക്കിയപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് അതൊരു കച്ചിത്തുരുമ്പായാണ് മാറിയത്. നാല് വര്‍ഷത്തെ ഭരണ പരാജയവും ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവച്ച് കൊവിഡിലൂടെ പിടിച്ചുകയറി രക്ഷപ്പെടാനാവുമോ എന്നാണ് സര്‍ക്കാരിന്റെ നോട്ടം. വന്‍ പി.ആര്‍ കമ്പനികളുടെ അകമ്പടിയോടെ സി.പി.എമ്മിന്റെ സൈബര്‍സേന നടത്തുന്ന പ്രചാരണ കോലാഹലങ്ങള്‍ക്ക് പക്ഷെ സത്യത്തെ മൂടിവയ്ക്കാനാവില്ല.
കൊവിഡ് വ്യാപനം ചെറുക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടം സംസ്ഥാനത്തെ ജനങ്ങളുടെയും ആരോഗ്യ സംവിധാനത്തിന്റെയും നേട്ടമാണ്. മാറിമാറി വന്ന സര്‍ക്കാരുകള്‍ കെട്ടിയുയര്‍ത്തിയ അതിശക്തമായ ആരോഗ്യ സംവിധാനത്തിന്റെ കരുത്താണത്.
സ്പ്രിംഗ്ലര്‍ കൊള്ള

കൊവിഡിന്റെ മറവില്‍ ആട്ടിന്‍തോലണിഞ്ഞ് രക്ഷക വേഷത്തിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും യഥാര്‍ഥമുഖം ഇടയ്ക്കിടെ പുറത്തുചാടുന്നുണ്ട്. ഈ ദുരന്തത്തിനിടയില്‍ ഇതുതന്നെ അവസരം എന്ന മട്ടില്‍ സ്പ്രിംഗ്ലര്‍ എന്ന അന്താരാഷ്ട്ര പി.ആര്‍ കമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരം മറിച്ചുവില്‍ക്കാന്‍ നോക്കിയതാണ് അതിലൊന്ന്. പ്രതിപക്ഷം ആ അഴിമതി പുറത്തു കൊണ്ടുവരാതിരുന്നെങ്കില്‍ സര്‍ക്കാരിനും അന്താരാഷ്ട്ര പി.ആര്‍ കമ്പനിക്കും കൊവിഡ് ഒരു ചാകരയായി മാറുമായിരുന്നു. ഭരണഘടനാ തത്വങ്ങളെയും നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍ പറത്തിനടത്തിയ ഈ കൊള്ള കോടതിയും പിടികൂടിയതോടെ പറഞ്ഞതെല്ലാം വിഴുങ്ങി, ചെയ്തതെല്ലാം തിരുത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

നാല് വര്‍ഷത്തെ ഭരണം

സംസ്ഥാനത്തിന് എന്തുനല്‍കി
കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണംകൊണ്ട് സംസ്ഥാനത്തിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കും എന്തു നേടിക്കൊടുക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു എന്നതാണ് കാതലായ ചോദ്യം. വലിയ ഒരു പൂജ്യം എന്നതിനപ്പുറം ഒന്നുമില്ല. നാല് വര്‍ഷം കേരളത്തിന് പാഴായി എന്നു മാത്രമല്ല, വികസനരംഗത്ത് കാതങ്ങളോളം പിന്നിലാവുകയും തലമുറകളോളം കേരളം കടത്തില്‍ മുങ്ങുകയും ചെയ്തു. നാല് വര്‍ഷത്തിനിടയില്‍ പേരിനെങ്കിലും എടുത്തുകാട്ടാന്‍ പറ്റുന്ന നല്ലൊരു പദ്ധതി ആരംഭിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
സാമ്പത്തിക അടിത്തറ തകര്‍ത്തു

കേരളത്തിന്റെ സാമ്പത്തിക അടിത്തറ അടുത്തെങ്ങും തിരിച്ചുകയറാനാവാത്ത വിധം തകര്‍ത്തു എന്നതാണ് ഈ സര്‍ക്കാരിന്റെ പൊറുക്കാനാവാത്ത തെറ്റ്. വലിയ സാമ്പത്തിക ശാസ്ത്രജ്ഞന്റെ മട്ടും ഭാവവുമായി നടക്കുന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തലതിരിഞ്ഞ സാമ്പത്തിക നടപടികള്‍ കേരളത്തെ കടക്കെണിയിലാക്കി. യു.ഡി.എഫ് അധികാരമൊഴിയുമ്പോള്‍ 1.57 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ പൊതുകടം. ഇപ്പോഴത് 2.50 ലക്ഷം കോടിയും കഴിഞ്ഞ് മുന്നോട്ടു കുതിക്കുകയാണ്. നാലു വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാര്‍ വരുത്തിവച്ചത് ഒരു ലക്ഷം കോടിയുടെ കടം. കിഫ്ബി വഴി കൊള്ളപ്പലിശയ്ക്ക് വാങ്ങിക്കൂട്ടിയ കടം വേറെ.

അനിയന്ത്രിതമായ ധൂര്‍ത്ത്

കടം വാങ്ങിയ പണമെല്ലാം ധൂര്‍ത്തടിക്കുകയും ആഘോഷങ്ങള്‍ക്കും മാമാങ്കങ്ങള്‍ക്കും വാരിവിതറുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. മന്ത്രിസഭാ വാര്‍ഷികങ്ങള്‍ക്ക് ചെലവിട്ട കോടികള്‍ക്ക് കണക്കില്ല. മാസാമാസം വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന അധിക കാബിനറ്റ് പദവികള്‍ അഞ്ചാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്. തോറ്റ എം.പിക്ക് ലാവണമൊരുക്കാന്‍ ഡല്‍ഹിയില്‍ കാബിനറ്റ് പദവി നല്‍കിയെങ്കിലും മലയാളികള്‍ക്ക് ഏറ്റവുമധികം സഹായം ആവശ്യമായി വന്ന കൊവിഡ് കാലത്ത് അദ്ദേഹം അവിടെ ഉണ്ടായില്ല.
മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ഒതുക്കി ഇരുത്തുന്നതിന് മാത്രമായി സൃഷ്ടിച്ച ഭരണപരിഷ്‌കാര കമ്മിഷന്‍ എന്ന വെള്ളാനയ്ക്കും ചെലവായി 7.13 കോടി രൂപ. മുഖ്യമന്ത്രിക്ക് മാത്രം ഏഴോളം ഉപദേശകര്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്ക് ലൈക്ക് കൂട്ടാനും അപദാനങ്ങള്‍ പാടാനും എതിരാളികളെ തേജോവധം ചെയ്യാനുമുള്ള സൈബര്‍സേനയ്ക്ക് ചെലവ് ഖജനാവില്‍ നിന്ന് 4.32 കോടി.
മുഖ്യമന്ത്രിയുടെ പി.ആര്‍ വര്‍ക്കിനുള്ള സ്‌പോണ്‍സേര്‍ഡ് ടെലിവിഷന്‍ പരിപാടിക്ക് വര്‍ഷാവര്‍ഷം നാലും അഞ്ചും കോടി വേറെ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശസഞ്ചാരത്തിനും ചെലവായി കോടികള്‍. കൂടാതെ, കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാന്‍ പൊതുഖജനാവില്‍നിന്ന് ചെലവായത് കോടികളാണ്.

ശാസ്ത്രീയമായ അഴിമതി

ശാസ്ത്രീയമായ അഴിമതിയില്‍ സ്‌പെഷലൈസ് ചെയ്ത സര്‍ക്കാരാണിത്. സ്പ്രിംഗ്ലര്‍ പോലെ ആരും അറിയാതെ നടത്തിയ മറ്റൊന്നാണ് ബ്രൂവറി അഴിമതി. അതീവരഹസ്യമായി മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത് പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷമായിരുന്നെങ്കില്‍ പൊലിസ് തലപ്പത്തെ കോടികളുടെ പകല്‍ക്കൊള്ള പിടികൂടിയത് സി.എ.ജി ആയിരുന്നു.
കോടികള്‍ കൈമറിഞ്ഞ മറ്റൊന്നാണ് കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് അഴിമതി. കോട്ടയം, കോലത്ത്‌നാട് ട്രാന്‍സ്ഗ്രിഡ് പാക്കേജുകളുടെ കരാര്‍ എസ്റ്റിമേറ്റിന്റെ പല മടങ്ങ് ഉയര്‍ത്തി രണ്ട് കുത്തക കമ്പനികള്‍ക്ക് നല്‍കിയതു വഴി 261 കോടിയുടെ അഴിമതിയാണ് നടത്തിയത്. വികസനരാഹിത്യത്തിന് മറുമരുന്ന് എന്ന നിലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കിഫ്ബിയെ അഴിമതിയുടെയും ധൂര്‍ത്തിന്റെയും കൂടാരമാക്കി മാറ്റി. അഴിമതി പിടിക്കപ്പെടുമെന്നതിനാല്‍ ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ ഓഡിറ്റ് പോലും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
പ്രളയ പുനരധിവാസം

വാചകമടിയില്‍ ഒതുങ്ങി

കൊവിഡിന് പുറമേ ഓഖിയും രണ്ടു പ്രളയവുമാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. അതില്‍ ഓഖിയും ആദ്യ പ്രളയവും സര്‍ക്കാരിന്റെ കൈത്തെറ്റിന്റെ ഫലമാണ്. ഈ മൂന്ന് ദുരന്തങ്ങളിലും സഹായമെത്തിക്കുന്നതിലും പുനരധിവാസത്തിലും ദയനീയ പരാജയമാണുണ്ടായത്. കേരള പുനര്‍നിര്‍മിതി വാചകമടിയില്‍ ഒതുങ്ങി. പ്രഖ്യാപനങ്ങള്‍ വാരിച്ചൊരിഞ്ഞതല്ലാതെ ഒന്നും നടത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വസനിധിയിലേയ്ക്ക് ലഭിച്ച 4750.8 കോടിയില്‍ ഏതാണ്ട് പകുതിയോളം രൂപ, 2120 കോടി ചെലവഴിക്കാതെ കൈയില്‍ വച്ചിരിക്കുകയാണ്.
ഏകാധിപത്യ ഭരണശൈലി
ഭരണത്തില്‍ എന്താണ് നടക്കുന്നതെന്ന് ഘടക കക്ഷികളോ മന്ത്രിമാരോ മാത്രമല്ല, ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം പോലും അറിയുന്നില്ല. എല്ലാം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തികഞ്ഞ ഏകാധിപത്യ ശൈലിയിലാണ് ഭരണം. വികസനമില്ല, വികസനവാചകമടി മാത്രമേ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നടന്നിട്ടുള്ളു. എല്ലാ മേഖലയിലും പൂര്‍ണമായി പരാജയപ്പെട്ട സര്‍ക്കാരാണിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.