
പടിഞ്ഞാറങ്ങാടി: പാഴായി പോകുന്ന പഴങ്ങളുടെ വിത്ത് രേഖരണവും, സംരക്ഷണവും നടത്തി കപ്പൂര്‍ കെ.എ.എം.എ.എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികള്‍. കഴിക്കുന്ന പഴങ്ങളുടെ വിത്ത് സംരക്ഷിച്ചും ഫലവൃക്ഷങ്ങളുടെ താഴെ പാഴായി കിടക്കുന്ന വിത്തുകള്‍ ശേഖരിച്ചും വിദ്യാര്‍ഥികള്‍ നാട്ടിന് പുറത്തേക്കിറങ്ങി.
സ്കൂളിലെ ഔഷധ സസ്യ സംരക്ഷണ സേന അംഗങ്ങള്‍ വിത്തുകള്‍ നേരത്തേ കടലാസ് പാക്കിലാക്കിയിരുന്നു. മഴയുടെ ആരംഭത്തോടെ വിത്ത് മുളപ്പിക്കുന്നതിന്ന് പൊതുജനങ്ങളുടെ കൈകളിലെത്തിക്കലായിരുന്നു അവരുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസം അവര്‍ കാഞ്ഞിരത്താണിയില്‍ ഒത്തുചേര്‍ന്ന് വിത്തുകളുടെ വിതരണം നടത്തി. ഹരിത ഭൂമിക്കായ് നമുക്ക് കൈ കോര്‍ക്കാം എന്ന ആശയത്തോടെയാണ് നാട്ടുകാര്‍ക്കിടയില്‍ വിത്ത് പാക്കറ്റുകള്‍ അവര്‍ വിതരണം ചെയ്തത്.
കപ്പൂര്‍ പഞ്ചായത്ത് അംഗം അലി കുമരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ഫൗസിയ ബീഗം അധ്യക്ഷയായി. സുജാത, പ്രകാശന്, ഷാജി, ടി.കെ ജിദേഷ്കുമാര് സംസാരിച്ചു.