2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പാല-പാണക്കാട്: പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ബന്ധം

പി.കെ കുഞ്ഞാലിക്കുട്ടി

 

ആദ്യം റോള്‍ മോഡല്‍… നിയമസഭയിലെത്തിയതോടെ സഹപ്രവര്‍ത്തകര്‍. പൊതുപ്രവര്‍ത്തനത്തിന്റെ ആദ്യനാളുകളില്‍ ദൂരെനിന്ന് നോക്കിക്കണ്ട നേതാവ് ഒടുവില്‍ ഇഴപിരിയാനാവാത്ത ഉറ്റ മിത്രമായി. വാക്കിലും നോക്കിലും എന്നു വേണ്ട എല്ലാത്തിലും എന്നോടൊപ്പം നിന്ന പ്രിയനേതാവിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാവുന്നില്ല. മാണി സാര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. റോള്‍ മോഡലായി കണ്ട നേതാവിനെ ജീവിതത്തില്‍ പകര്‍ത്താന്‍ ഏറെ ശ്രമിച്ചു. ഒരോ പ്രവര്‍ത്തനവും താന്‍ ദൂരെ നിന്ന് നോക്കിക്കണ്ടു.

1991ലെ മന്ത്രിസഭയില്‍ ഒന്നിച്ച് മന്ത്രിയായതുമുതല്‍ തുടങ്ങിയതാണ് ഒന്നിച്ചുള്ള പ്രവര്‍ത്തനം. രാഷ്ട്രീയ വിഷയങ്ങളെല്ലാം ഒന്നിച്ചു നേരിട്ടു. പരസ്പരം ചര്‍ച്ച ചെയ്തും ഇടപഴകിയും വളര്‍ന്നു പന്തലിച്ച ആ ബന്ധം അവസാന നിമിഷം വരെ നീണ്ടു. മുന്നണി രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴും താനുമായുള്ള ബന്ധത്തില്‍ ഇത് ഇളക്കം വരുത്തിയില്ല. കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ വരെ പരസ്പരം ചര്‍ച്ച ചെയ്തിരുന്നു.
നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടുപോയ സാഹചര്യം വന്നപ്പോള്‍ ആ ദുഃഖം തന്നെ അറിയിച്ചിരുന്നു. എല്ലാവരെയും സ്‌നേഹിക്കാനറിയുന്ന മാണി സ്‌നേഹത്തിനു മുന്നില്‍ മാത്രമാണ് തോറ്റുകൊടുത്തിട്ടുള്ളത്. യു.ഡി.എഫിന് പുറത്തുനില്‍ക്കുമ്പോഴും മുസ്‌ലിം ലീഗിനെയും തന്നെയും മറക്കാന്‍ മാണിക്കും മാണിയെ മറക്കാന്‍ തനിക്കുമായിരുന്നില്ല.

കേരളാ കോണ്‍ഗ്രസ് യു.ഡി.എഫില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാലത്താണ് ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ല്‍ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഞാന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ ഏറെ അഭിനന്ദിച്ചവരില്‍ പ്രമുഖനാണ് മാണി.
ഐക്യജനാധിപത്യ മുന്നണിയുമായി ബന്ധപ്പെട്ട നിര്‍ണായക യോഗങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നു മാണി. നിയമസഭയിലെ പ്രസംഗം, അവതരണം എന്നിവ കൈമുതലായുള്ള മാണിയുടെ നേതൃപാടവം തന്നെ ഏറെ ആകര്‍ഷിച്ചതാണ്. ഞാന്‍ എം.എല്‍.എ ആയി നിയമസഭയിലെത്തുന്ന കാലത്തെ അദ്ദേഹം മന്ത്രിയാണ്. 1991 മുതല്‍ ഒന്നിച്ച് ഒരേ മന്ത്രിസഭയില്‍ അംഗങ്ങളായി. ഇത് പതിറ്റാണ്ടുകളോളം തുടര്‍ന്നു. മാണി വിഷയങ്ങള്‍ പഠിച്ചുമാത്രമാണ് സംസാരിച്ചിരുന്നത്. അവസാനം ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളില്‍ കൂട്ടമായും വ്യക്തിപരമായും സംസാരിച്ചു.

പതിവായുള്ള പരിശോധനയുടെ ഭാഗമായി മാത്രമാവും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. മരണത്തിന്റെ നാലുദിവസം മുന്‍പുവരെ ഫോണില്‍ പരസ്പരം സംസാരിച്ചു. മാണിയില്ലാത്ത കേരളാ രാഷ്ട്രീയം ഉണ്ടാക്കുന്ന ശൂന്യത ഏറെ വലുതാണ്. പാലയും പാണക്കാടും തമ്മിലുള്ള ബന്ധം മുന്നണി രാഷ്ട്രീയത്തിനപ്പുറത്ത് സംസ്ഥാനത്തിന്റെ പൊതുവികസനത്തില്‍ വഹിച്ച പങ്കും ഏറെ വലുതാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News