2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പാലില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നുണ്ടെന്ന് മില്‍മയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആലത്തൂര്‍: നാടന്‍പാലിന്റെ മറവില്‍ പാലില്‍ മായവും അളവില്‍ മറിമായവും കാണിക്കുവെന്ന് പരസ്യത്തിനു പിന്നാലെ പാക്കറ്റ് പാലില്‍ പാല്‍പ്പെടി ചേര്‍ക്കുന്നുണ്ടെന്ന് മില്‍മയുടെ ഫേസ് ബുക്ക് പോസ്റ്റ്. മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂനിയന്റെ ഫേസ് ബുക്കിലാണ് പാല്‍പ്പൊടി ചേര്‍ക്കുന്നുണ്ടെന്ന് സമ്മതിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന പോഷക ഘടകങ്ങള്‍ പാലില്‍ നിലനിര്‍ത്തണമെങ്കില്‍ പാക്കറ്റ് പാലില്‍ പാല്‍പ്പൊടി ചേര്‍ത്തേ മതിയാവൂയെന്ന് പോസ്റ്റില്‍ പറയുന്നു. പാലില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പും, കൊഴിപ്പിതര ഖരപദാര്‍ത്ഥങ്ങളും നിശ്ചിത അളവില്‍ വേണമെന്ന് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ കേരളത്തിലെ സാഹചര്യത്തില്‍ ഇപ്പോഴും പാലിന്റെ കൊഴിപ്പിതര ഖരപദാര്‍ഥങ്ങള്‍ (എസ്.എന്‍.എഫ്) 8.2 മുതല്‍ 8.3 ശതമാനം വരെ മാത്രമേ ശരാശരി പശുവിന്‍ പാലില്‍നിന്ന് ലഭിക്കുന്നുള്ളൂ. അതുകൊണ്ട് 8.3 ശതമാനത്തെ 8.5 ശതമാനമാക്കി ഉയര്‍ത്തി നിയമപരമായ ബാധ്യത പാലിക്കുന്നതിനാണ് പായ്ക്കറ്റ് പാലില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. പാലില്‍ 12 മുതല്‍ 13 ശതമാനം വരെയുള്ള ഖരപദാര്‍ത്ഥങ്ങളെ കൊഴുപ്പെന്നും(ഫാറ്റ്), കൊഴിപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ (എസ്.എന്‍.എഫ്) എന്നുമായി തിരിച്ചിട്ടുള്ളത്.
ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ടോണ്‍ഡ് പാലില്‍ കുറഞ്ഞത് 3.5 ശതമാനം കൊഴുപ്പും, 8.5 ശതമാനം കൊഴിപ്പിതര ഖരപദാര്‍ഥങ്ങളും ഉണ്ടായിരിക്കണം. ഈ അളവിലെത്തിക്കുന്നതിനാണ് 0.2 മുതല്‍ 0.3 ശതമാനം വരെ പാല്‍പ്പൊടി പാക്കറ്റ് പാലില്‍ ചേര്‍ക്കുന്നത്. 475 മില്ലി ലിറ്റര്‍ പാലില്‍ ഒന്ന് മുതല്‍ ഒന്നര ഗ്രാം പാല്‍പ്പൊടിയാണ് ചേര്‍ക്കുന്നുള്ളൂവെന്നും പോസ്റ്റില്‍ പറയുന്നു. ഇത് മറച്ചുവെയ്‌ക്കേണ്ട കാര്യമില്ലെന്നും, അറിയണമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News