2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പാലപ്പിള്ളി തോട്ടം മേഖലയിലെ തൂക്കുപാലങ്ങള്‍ അപകടാവസ്ഥയില്‍

 

പാലപ്പിള്ളി : പാലപ്പിള്ളി തോട്ടം മേഖലയിലെ തൂക്കുപാലങ്ങള്‍ അപകടാവസ്ഥയില്‍. റബ്ബര്‍ എസ്റ്റേറ്റുകളിലെ നൂറു വര്‍ഷത്തോളം പഴക്കമുള്ള തൂക്കുപാലങ്ങളാണു അപകടാവസ്ഥയിലായിരിക്കുന്നത്. ഹാരിസണ്‍, ജ്യുങ് ടോളി കമ്പനികളുടെ തോട്ടങ്ങളിലായി ഏഴു തൂക്കുപാലങ്ങളാണു ഉള്ളത്. തോട്ടം തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയമായ തൂക്കുപാലങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തിയിട്ടു വര്‍ഷങ്ങളായി. പാലങ്ങളുടെ തകരാറുകള്‍ പരിഹരിക്കേണ്ട കമ്പനികള്‍ കൃത്യമായി അറ്റകുറ്റപണികള്‍ നടത്താത്തതാണു പാലങ്ങള്‍ അപകടാവസ്ഥയിലാകാന്‍ കാരണം. പാലങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തിയിട്ടു മൂന്നു വര്‍ഷത്തിലേറെയായെന്നു തൊഴിലാളികള്‍ പറയുന്നു.
കമ്പനികള്‍ തിരിഞ്ഞു നോക്കാതായതോടെ പാലങ്ങളുടെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന പലകകള്‍ ഭൂരിഭാഗവും നാശത്തിന്റെ വക്കിലാണ്. കാലപഴക്കത്താല്‍ തകര്‍ന്നിരിക്കുന്ന ഇത്തരം പലകകളില്‍ ചവിട്ടിയാണു തൊഴിലാളികള്‍ ജീവന്‍ പണയംവച്ചു പാലം കടക്കുന്നത്. റബ്ബര്‍തോട്ടങ്ങളിലൂടെ ഒഴുകുന്ന കുറുമാലി പുഴക്കു കുറുകെയാണു പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1921 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാരാണു പാലങ്ങള്‍ നിര്‍മ്മിച്ചത്.
അമ്പതു മീറ്ററിലേറെ നീളമുള്ള തൂക്കുപാലങ്ങള്‍ രണ്ടു വശങ്ങളിലേക്കും വലിച്ചുകെട്ടിയ ഇരുമ്പു റോപ്പുകളില്‍ പലകകള്‍ ഘടിപ്പിച്ചാണു നിര്‍മിച്ചിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ വര്‍ഷം തോറും കേടുവന്ന പലകകള്‍ മാറ്റി സ്ഥാപിക്കുകയും റോപ്പുകളുടെ തകരാറുകള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടു വന്ന മാനേജ്‌മെന്റുകള്‍ ഉറപ്പു കുറഞ്ഞ റബ്ബര്‍മരത്തിന്റെ പലകകളാണു പാലത്തില്‍ സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ വച്ചിരിക്കുന്ന പലകകള്‍ വെയിലും മഴയും കൊണ്ടു ദ്രവിച്ചു പോകുകയാണു പതിവ്. ചില പാലങ്ങളില്‍ പലകക്കു പകരം നിലവാരമില്ലാത്ത തകിടുകള്‍ ഘടിപ്പിച്ചതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. തുരുമ്പെടുത്തു ഉയര്‍ന്നു നില്‍ക്കുന്നതും തകര്‍ന്നു വീഴാറായ തരത്തിലുള്ളതുമാണു പാലങ്ങളുടെ അവസ്ഥ.
ഇരുവശങ്ങളിലും മണ്ണില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു റോപ്പുകളും തുരുമ്പെടുത്ത നിലയിലാണ്. പാലം കടക്കുന്നവര്‍ ഈ റോപ്പുകളില്‍ പിടിച്ചാണു അക്കരെയെത്തുന്നത്. മേഖലയിലെ ഏഴു പാലങ്ങളിലൂടെ നൂറു കണക്കിനു ആളുകളാണു ദിനംപ്രതി പാലം കടക്കുന്നത്. കാരികുളം, എലിക്കോട്, എച്ചിപ്പാറ, കുണ്ടായി, വലിയകുളം ഇടങ്ങളിലാണു തൂക്കുപാലങ്ങളുള്ളത്. ഇതില്‍ ജനവാസ മേഖലയിലെ പാലങ്ങളെ ആശ്രയിക്കുന്നതും നിരവധി പേരാണ്.
തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികളിലുള്ളവര്‍ ഈ പാലത്തിലൂടെയാണു മറുകര താണ്ടുന്നത്. വിദ്യാര്‍ഥികളും തൊഴിലാളികളും കിലോമീറ്ററുകള്‍ ചുറ്റിവളയുന്നതിനു പകരമായാണു തൂക്കുപാലങ്ങളെ ആശ്രയിക്കുന്നത്. നിരവധി പേര്‍ ഒന്നിച്ചു നടന്നു പോയിരുന്ന പാലങ്ങളിലൂടെ ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണു ഒരേ സമയം കടന്നു പോകുന്നത്. അപകടാവസ്ഥയിലായ പാലത്തിന്റെ കൈവരികളും നടപ്പാതയും പുനര്‍നിര്‍മ്മിച്ചു തൊഴിലാളി കുടുംബങ്ങളുടെ ഭീതിയകറ്റുന്നതോടൊപ്പം ചരിത്ര സ്മാരകങ്ങളായ തൂക്കുപാലങ്ങളെ സംരക്ഷിക്കേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.