2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പാലക്കാട്ട് ബി.ജെ.പിയില്‍ യുദ്ധാന്തരീക്ഷം

 

പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ബി.ജെ.പിയില്‍ യുദ്ധാന്തരീക്ഷം. ശോഭാ സുരേന്ദ്രനും സി. കൃഷ്ണകുമാറുമാണ് ബദ്ധവൈരികളെന്ന നിലയില്‍ പോരിനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ ആറു വര്‍ഷമായി പാലക്കാട്ടുനിന്ന് ലോക്‌സഭയിലെത്തുക എന്ന സ്വപ്നവുമായി പാലക്കാട് കുന്നത്തൂര്‍ മേടില്‍ വീടെടുത്താണ് ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീടു വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ശോഭ മത്സരിച്ചത് തന്റെ ഗ്രൗണ്ട് വര്‍ക്കിന്റെ പുരോഗതിയുടെ ആത്മവിശ്വാസത്തിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശാഫി പറമ്പിലിനെതിരായ പോരാട്ടത്തില്‍ ലഭിച്ച മേല്‍ക്കോയ്മയില്‍ കെട്ടിപ്പൊക്കിയ പാര്‍ലമെന്റ് മോഹങ്ങളാണ് കൃഷ്ണകുമാര്‍ ബി.ജെ.പി ബാന്ധവമുള്ള വ്യവസായികളെ കൂട്ടുപിടിച്ച് തകര്‍ത്തതെന്ന് ശോഭ അടുപ്പമുള്ളവരോട് മനസുതുറക്കുന്നുണ്ട്.

കേരളത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിനുശേഷം പാലക്കാട്ട് ശോഭ മത്സരിക്കുമെന്നാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ശോഭ പാലക്കാട് സ്ഥാനാര്‍ഥിയെന്ന നിലയില്‍ തയാറെടുപ്പുകളും നടത്തിയിരുന്നു. ദലിത്, ആദിവാസി മേഖലകളില്‍ പ്രത്യേക സന്ദര്‍ശന പരിപാടികളും സമരങ്ങളുമൊക്കെയായി സജീവമായിരുന്ന സമയത്തൊക്കെ ഇതിലൊന്നും തനിക്ക് താല്‍പര്യമില്ലെന്ന മട്ടില്‍ നിലപാട് സ്വീകരിച്ച കൃഷ്ണകുമാര്‍ കുറുക്കുവഴികളിലൂടെയാണ് സ്ഥാനാര്‍ഥിത്വം തട്ടിപ്പറിച്ചതെന്ന് ശോഭ പക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.
ഗവര്‍ണറായി നിയമിതനായ ശേഷം കുമ്മനം രാജശേഖരന് തിരുവനന്തപുരത്തു നല്‍കിയ സ്വീകരണത്തില്‍ ശോഭ പാലക്കാടിന്റെ മുത്താണെന്നും പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥിയാണെന്നും കുമ്മനം രാജശേഖരനും പി.എസ് ശ്രീധരന്‍ പിള്ളയും പരസ്യമായി പ്രഖ്യാപിച്ചത് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിലപാടിന് വിധേയമായിട്ടായിരുന്നു. ഇക്കാര്യം ‘സുപ്രഭാത’ത്തില്‍ വാര്‍ത്തയായി വന്നപ്പോള്‍, നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ശോഭ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചുവെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് സുപ്രഭാതം പത്രം തെളിവായി ഉപയോഗിച്ച് ബി.ജെ.പി കേന്ദ്ര ഓഫിസില്‍ പരാതി നല്‍കിയാണ് തന്റെ പാലക്കാട്ടെ സ്ഥാനാര്‍ഥിത്വം ഇല്ലാതാക്കിയതെന്നാണ് ശോഭയുടെ പരാതി. ഇക്കാര്യത്തില്‍ ഒരു പ്രമുഖ വ്യവസായിയുടെ സഹായം കൃഷ്ണകുമാറിനു ലഭിച്ചെന്നും ശോഭയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു.

ആര്‍.എസ്.എസിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വം ശോഭയെ തഴഞ്ഞതില്‍ കടുത്ത പ്രതിഷേധത്തിലാണ് അവരുടെ അനുയായികള്‍. സംസ്ഥാനത്ത് ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാലക്കാട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ ശോഭയ്ക്ക് 1,36,587 വോട്ടുകളാണ് ലഭിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നാല്‍പതിനായിരത്തിലധികം വോട്ട് നേടി ശോഭ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പാലക്കാട് സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ ശോഭ ഉയര്‍ത്തിക്കാട്ടുന്നത് ഇതൊക്കെയാണ്.

എന്നാല്‍ പാലക്കാട് മണ്ഡലത്തിനകത്തുനിന്നുള്ളയാള്‍ മത്സരിക്കണമെന്നാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിനെ പിന്തുണയ്ക്കുന്നവരുടെ വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പത്തി ഏഴായിരത്തിലധികം വോട്ട് നേടി മലമ്പുഴ മണ്ഡലത്തില്‍ കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

കൂടാതെ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ പാലക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനുമാണ് കൃഷ്ണകുമാര്‍. ഇരുനേതാക്കള്‍ക്കുമായി പാര്‍ട്ടിക്കകത്ത് വലിയ അവകാശവാദങ്ങള്‍ നടക്കുന്നതിനിടെയാണ് കൃഷ്ണകുമാര്‍ സീറ്റ് ഉറപ്പിക്കുന്നത്.

തര്‍ക്കങ്ങളില്ലെന്ന് നേതാക്കള്‍ പറയുമ്പോഴും പാലക്കാട് സീറ്റിന്റെ പേരില്‍ ചേരിതിരിഞ്ഞുള്ള യുദ്ധസന്നാഹങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനിടെ ശോഭയോട് അടുപ്പമുള്ള വിഭാഗം പ്രവര്‍ത്തകര്‍ നേരത്തെ പേരിനു മാത്രം പ്രവര്‍ത്തിച്ചിരുന്ന ലോട്ടസ് എന്ന സംഘടനയെ സജീവമാക്കി സമാന്തര സംഘടനാപ്രവര്‍ത്തനം നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.