2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പാറപ്രദേശത്ത് ഹരിത വിപ്ലവം തീര്‍ത്ത് മൂസ

മഴമറ കൃഷിയില്‍ പുത്തന്‍ പരീക്ഷണങ്ങളും ഈ കര്‍ഷകന്‍ നടത്തുന്നു

 

ആലക്കോട്: തരിശായ പാറപ്രദേശത്ത് പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിക്കുകയാണ് ചപ്പാരപ്പടവ് കോലാര്‍തൊട്ടിയിലെ പ്രവാസി മലയാളി കുന്നില്‍ മൂസ. ആരാലും തിരിഞ്ഞു നോക്കാതെ കിടന്ന പാറപ്രദേശം ഇന്ന് ജൈവകൃഷികളുടെ വിളനിലമാണ്. എടക്കോം ടൗണ്‍ കഴിഞ്ഞ് കോലാര്‍തൊട്ടിയില്‍ എത്തുമ്പോള്‍ ഇടതു വശത്തുള്ള പാറപ്രദേശത്ത് ഇന്ന് വിളയിക്കാത്ത പച്ചക്കറികളില്ല. കൊടും വെയിലിലും ഇവിടുത്തെ കൃഷിത്തോട്ടം പച്ചപിടിച്ചു കിടക്കുന്നത് മൂസയുടെ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ ഉത്തമോദാഹരണം കൂടിയാണ്.

അഞ്ചുവര്‍ഷം മുമ്പാണ് മെയിന്‍ റോഡിനോട് ചേര്‍ന്ന രണ്ടര ഏക്കറോളം പാറപ്രദേശം മൂസ സ്വന്തമാക്കിയത്. സഞ്ചാര യോഗ്യമല്ലാത്ത പാറ പ്രദേശം കൃഷിയടമായി മാറ്റിയെടുക്കാന്‍ നാലുവര്‍ഷത്തോളം വേണ്ടിവന്നു. നൂറുകണക്കിന് ലോഡ് മണ്ണ് നിരത്തിയാണ് കൃഷിയിടം ഒരുക്കിയത്. ചകിരി ചോറും യൂറിയയും ചേര്‍ത്ത പ്രത്യേക മിശ്രിതമാണ് വളമായി ഉപയോഗിക്കുന്നത്. കൃഷി വകുപ്പിന്റെ പ്രോത്സാഹനമാണ് കൃഷിയില്‍ സജീവമാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മൂസ പറയുന്നു. തക്കാളി, വെണ്ട, ചീര, പച്ചമുളക്, വഴുതന തുടങ്ങി എല്ലാവിധ പച്ചക്കറികളും ഇവിടെ ഉല്‍പാദിപ്പിക്കുന്നു. മലബാറി ആടുകള്‍, കാട, അലങ്കാര കോഴികള്‍, ഗ്രാമശ്രീ കോഴികള്‍ എന്നിവയും ഇവിടുത്തെ അന്തേവാസികളാണ്. ഭാര്യ ഫാഹിലയും എല്ലാവിധ പിന്തുണയുമായി മൂസയ്‌ക്കൊപ്പമുണ്ട്. മഴമറ കൃഷിയില്‍ പുത്തന്‍ പരീക്ഷണങ്ങളും ഈ കര്‍ഷകന്‍ നടത്തുന്നു. മനസിനും ശരീരത്തിനും കുളിര്‍മ നല്‍കുന്നതോടൊപ്പം വിഷരഹിത പച്ചക്കറികള്‍ വ്യാപകമാക്കുന്നതിന്റെ സന്ദേശം കൂടിയാണ് മൂസ സമൂഹത്തിന് നല്‍കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.