2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പാര്‍വതീ പുത്തനാറില്‍ വ്യാപക കൈയേറ്റമെന്ന് റവന്യൂ റിപ്പോര്‍ട്ട്

 

തിരുവനന്തപുരം: പാര്‍വതി പുത്തനാറില്‍ വ്യാപക കൈയേറ്റമെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ദേശീയ ജലപാത വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടത്തിയ ഉദ്യേഗസ്ഥരാണ് ആയിരത്തിലധികമുള്ള കൈയേറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് വര്‍ഷങ്ങളായിട്ടുള്ളതാണ്. പദ്ധതി നടപ്പാക്കണമെങ്കില്‍ ഓപ്പറേഷന്‍ അനന്തയുടെ രണ്ടാം ഘട്ടത്തില്‍ പാര്‍വതി പുത്തനാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്.
നഗരത്തിലെ ഓടകളുടെ ജലനിര്‍ഗമനം സുഗമമാക്കാനും കൈയേറിയ സ്ഥലം തിരിച്ചുപിടിക്കാനുമാണ് നേരത്തെ ഓപ്പറേഷന്‍ അനന്ത നടപ്പാക്കിയത്. അതിന്റെ ഭാഗമായി വ്യാപകമായി കൈയേറ്റം ഒഴിപ്പിച്ചിരുന്നു. ഒന്നാം ഘട്ടത്തില്‍ 20 കോടി രൂപയാണ് ചെലവഴിച്ചത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ തുക വേണ്ടിവരും. ഒന്നാം ഘട്ടത്തില്‍ ഓടകള്‍ ശരിയാക്കാനും തമ്പാനൂരിലെ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരം കാണാനും സാധിച്ചു.
ഇതിന്റെ ഭാഗമായി തമ്പാനൂര്‍ ചൈത്രം ഹോട്ടലിനു മുന്നിലൂടെ റെയില്‍വേ സ്റ്റേഷന്‍ വഴി കടന്നുപോകുന്ന ഓടയും റെയില്‍വേ പ്ലാറ്റ്‌ഫോമിന് അടിയിലൂടെ പവര്‍ഹൗസ് ടിക്കറ്റ് കൗണ്ടറിന് താഴ്ഭാഗത്തുകൂടി കടന്നുപോകുന്ന ഓടയും ശുചിയാക്കിയതോടെ തമ്പാനൂരിലെ വെള്ളക്കെട്ടിനു ശമനം ഉണ്ടായി. എന്നാല്‍ കൈയേറ്റം ഒഴിപ്പിച്ച റവന്യൂ ഉദ്യോഗസഥര്‍ക്കെതിരേ ഇപ്പോഴും കേസുണ്ട്. കൈയേറ്റം ഒഴിപ്പിച്ച് ഏറ്റെടുത്ത ഭൂമികള്‍ തിരിച്ചുനല്‍കണമെന്നാണ് കേസ് നല്‍കിയവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അനന്തയുടെ രണ്ടാംഘട്ടം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഓപ്പറേഷന്‍ അനന്ത രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഓപ്പറേഷന്‍ അനന്ത തുടങ്ങിയപ്പോള്‍തന്നെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരേ വലിയ സമ്മര്‍ദമുണ്ടായെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. അതേസമയം, രാജധാനി വാണിജ്യ സമുച്ചയത്തിന് അടിയിലൂടെ കടന്നുപോകുന്ന ഓട വീണ്ടെടുക്കുന്ന കാര്യം ഇപ്പോഴും പ്രതിസന്ധിയിലാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. അതിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. രാജധാനിയുടെ പിന്‍ഭാഗത്തെ 52.90 മീറ്റര്‍ സ്ഥലമാണ് വീണ്ടെടുക്കേണ്ടത്. സമുച്ചയത്തിന്റെ ലിഫ്റ്റിന്റെ അടിഭാഗത്തുകൂടിയാണ് ഓട കടന്നുപോകുന്നതെന്നു റവന്യൂ വിഭാഗം കണ്ടെത്തിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.