2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പാര്‍വതീപുത്തനാറിലെ മലിനജലം ഒഴുക്കിവിടുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും: മന്ത്രി കടകംപള്ളി

തിരുവനന്തപുരം:   മഴക്കാലപൂര്‍വ ശുചീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലയുടെചുമതലയുള്ള മന്ത്രി കടകംപള്ളിസുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ കലക്ടറേറ്റില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു.പാര്‍വതീപുത്തനാറിലെ കെട്ടിക്കിടക്കുന്ന മലിനജലം  ഒഴുക്കിവിടുന്നതിന്  നൂതന സാങ്കേതിക വിദ്യ  ഉപയോഗിക്കുമെന്ന്  മന്ത്രി  അറിയിച്ചു. ചെന്നൈയിലും മറ്റും പരീക്ഷിച്ച സാങ്കേതിക വിദ്യയുടെ സാധ്യത പരിശോധിക്കാന്‍ ജില്ലാ കലക്ടറെ   ചുമതലപ്പെടുത്തി.
ആമയിഴഞ്ചാന്‍ തോടും മാലിന്യക്കൂമ്പാരമാണ്. ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സ്ഥലം സന്ദര്‍ശിച്ച് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടിയെടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.മഴക്കാലപൂര്‍വ ശുചീകരണം സംബന്ധിച്ച നടപടികള്‍ക്കായി ഇന്ന്  താലൂക്ക്തലത്തില്‍ എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍ക്കൊള്ളിച്ച്  ഡെപ്യൂട്ടി കലക്ടര്‍മാരും തഹസില്‍ദാര്‍മാരും യോഗം വിളിക്കണം.തൊട്ടടുത്ത ദിവസങ്ങളില്‍ പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ യാഗം ചേര്‍ന്ന് നടപടികള്‍ കാര്യക്ഷമമാക്കണം.
ജില്ലയിലെ പി.ഡബ്‌ളിയു.ഡി ഓട നിര്‍മ്മാണങ്ങളുടെയും ശുചീകരണത്തിന്റെയും പൊതുസ്ഥിതി ചര്‍ച്ച ചെയ്യാന്‍ ഒരാഴ്ചക്കകം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു.
ദേശീയ ആരോഗ്യമിഷനില്‍ നിന്നും ശുചിത്വമിഷനില്‍നിന്നും 10,000 രൂപ വീതവും, വാര്‍ഡുകളിലേക്ക് 5000 രൂപയും എല്ലാ വാര്‍ഡുകളിലേക്ക് അനുവദിച്ചിട്ടുണ്ട്. ഈ 25,000 രൂക്ക് പുറമേ തദ്ദേശസ്ഥാപനങ്ങളുടെ തനത്ഫണ്ടും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. രണ്ടാഴ്ചക്കകം പുരോഗതി വിലയിരുത്താന്‍ അവലോകനം യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
പാറകള്‍ അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന തൊളിക്കോട് ചിത്തിപ്പാറയില്‍ ബംഗളൂരുവില്‍ നിന്നുള്ള സാങ്കേതികസഹായം എത്തിക്കാന്‍ ശ്രമിക്കും. അടിയന്തരആവശ്യമുണ്ടെങ്കില്‍ പാറയ്ക്ക് സമീപം താമസിപ്പിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയാണ് പാറയുടെ അപകടാവസ്ഥ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതത് എം.എല്‍.എമാരെ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം വഹിക്കാന്‍ ചുമതലപ്പെടുത്തണമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ദുരിതാശ്വാസക്യാമ്പുകളില്‍ ഭക്ഷണവും സൗകര്യങ്ങളും ഒരുക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജൂണ്‍ ഒന്നുമുതല്‍ അഞ്ചുവരെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാ വാര്‍ഡിലും ജനപ്രതിനിധികള്‍ ഏകോപനചുമതല വഹിക്കണം. ദുരിതാശ്വാസക്യാമ്പുകള്‍ക്കായി സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ പലയിടത്തും ക്ലാസുകള്‍ മുടങ്ങുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ കമ്മ്യൂണിറ്റി ഹാള്‍ പോലുള്ള സ്ഥലങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും അനുബന്ധപ്രശ്‌നങ്ങളും കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പരുകളായ 0471 2730045, 944711281 എന്നീ നമ്പരുകളില്‍ അറിയിക്കാം.
യോഗത്തില്‍ എം.എല്‍.എമാരായ ഡി.കെ. മുരളി, ഐ.ബി. സതീഷ്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, മറ്റ് എം.എല്‍.എമാരുടെ പ്രതിനിധികള്‍, വിവിധ തദ്ദേശസ്ഥാന മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.