2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

പാര്‍ലമെന്റ് സ്തംഭനത്തിന് അയവില്ല; സാമ്പത്തിക കുറ്റവാളി ബില്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ തുടര്‍ച്ചയായ ആറാംദിവസവും പാര്‍ലമെന്റ് നടപടികള്‍ ബഹളത്തില്‍ മുങ്ങി. ഇതിന്നിടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിടുന്നവരെ നേരിടുന്നതിനു വേണ്ടിയുള്ള ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്‍2018 ലോക്‌സഭയില്‍ അവതരിപ്പിച്ചു. ധനകാര്യ സഹമന്ത്രി ശിവപ്രതാപ് ശുക്ലയാണ് ഒച്ചപ്പാടുള്ള അന്തരീക്ഷത്തില്‍ ബില്‍ സഭയില്‍ വച്ചത്. 100 കോടി രൂപയ്ക്കു മുകളില്‍ വായ്പയെടുത്ത ശേഷം രാജ്യംവിടുന്നവരുടെയോ നിയമത്തിനു മുന്നില്‍ ഹാജരാകാതിരിക്കുന്നവരുടെയോ സ്വത്ത് കണ്ടുകെട്ടണമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
അതേസമയം, ഇന്നലെയും വ്യത്യസ്ത വിഷയത്തില്‍ പ്രതിപക്ഷ ബഹളം കാരണം ഇരുസഭകളും തടസപ്പെട്ടു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പിയും കാവേരി വിഷയത്തില്‍ അണ്ണാ ഡി.എം.കെയും ഉയര്‍ത്തിയ പ്രതിഷേധത്തില്‍ രാജ്യസഭ സ്തംഭിച്ചു. ആന്ധ്രയില്‍ നിന്നുള്ള എം.പിമാര്‍ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭാധ്യക്ഷന്‍ എം. വെങ്കയ്യനായിഡു സഭ ആദ്യം രണ്ടു മണി വരെ നിര്‍ത്തിവെച്ചു. ഉച്ചയ്ക്കു ശേഷം സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു.
ലോക്‌സഭയില്‍ ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി ടി.ആര്‍.എസ്, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്ലാക്കാര്‍ഡുകളുമായി പ്രതിഷേധത്തിന് ഇറങ്ങി. പി.എന്‍.ബി തട്ടിപ്പ് വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് അംഗങ്ങളും ബഹളംവച്ചു. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സഭ ഉച്ചവരെ നിര്‍ത്തിവെച്ചു. ഉച്ചയ്ക്ക് സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.