2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആര്‍.എസ്.പിയുടെ അടിവേര് തോണ്ടാന്‍ സി.പി.എം

രാജു ശ്രീധര്‍

കൊല്ലം: ആര്‍.എസ്.പിയുടെ മുന്നണിമാറ്റവും പിണറായി വിജയന്റെ പരനാറി പ്രയോഗവുംവഴി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ കൊല്ലം സീറ്റില്‍,ആര്‍.എസ്.പിയുടെ അടിവേരു തോണ്ടാന്‍ സി.പി.എം അണിയറ നീക്കം തുടങ്ങി.
നിലവിലെ സാഹചര്യത്തില്‍ ആര്‍.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പുള്ള സീറ്റില്‍ പ്രേമചന്ദ്രനോട് കിടപിടിക്കുന്ന പാര്‍ട്ടിസ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം.
മുന്‍ രാജ്യസഭാംഗവും പാര്‍ട്ടി ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ കെ.എന്‍ ബാലഗോപാലിനെ മല്‍സരിപ്പിക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്.
രാജ്യസഭാംഗമായിരിക്കെ അനുവദിച്ച എം.പി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിടത്തൊക്കെ ബാലഗോപാലിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ പലയിടത്തും ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടി ലോക്കല്‍ സമ്മേളനങ്ങളില്‍ കണ്ടുവരുന്ന വിഭാഗീയത പരിഹരിക്കാന്‍ ഇരുവിഭാഗത്തിന്റെയും അഭിപ്രായങ്ങള്‍ പരാതിക്കിടവരാതെ കേള്‍ക്കാന്‍ ബാലഗോപാല്‍ ശ്രദ്ധിച്ചുവരുന്നുണ്ട്. കൂടാതെ എന്‍.എസ്.എസ് നേതൃത്വത്തിനാകട്ടെ, കൊല്ലം സീറ്റില്‍ ബാലഗോപാല്‍ മല്‍സരിക്കണമെന്നുള്ള താല്‍പര്യത്തിലുമാണ്.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ആകെയുള്ള എഴു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍.കെ പ്രേമചന്ദ്രനായിരുന്നു മുന്‍തൂക്കം. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.എ ബേബിക്ക് സ്വന്തം മണ്ഡലമായ കുണ്ടറയില്‍ പോലും ലീഡ് നിലനിര്‍ത്താനായില്ല. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പതിനൊന്നു മണ്ഡലങ്ങളിലും ഇടതുമുന്നണിയാണ് വിജയിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുനിര്‍ണയ സമയത്തായിരുന്നു ആര്‍.എസ്.പിയുടെ മുന്നണിമാറ്റം. അപ്രതീക്ഷിത സംഭവവികാസങ്ങളില്‍ ഞെട്ടിയ സി.പി.എമ്മിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ആര്‍.എസ്.പിയുടെ ഇറങ്ങിപ്പോക്ക്. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കൊല്ലത്തെത്തിയ പിണറായി ആര്‍.എസ്.പിക്കെതിരേ ‘പരനാറി’പ്രയോഗം നടത്തിയത്. ഇതേതുടര്‍ന്ന് സാമുദായിക വോട്ടുകളിലുണ്ടായ ധ്രുവീകരണം പ്രേമചന്ദ്രന്റെ വിജയത്തിന് പ്രധാനഘടകമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
എന്നാല്‍ ഇത്തവണ ആര്‍.എസ്.പിക്ക് പ്രഹരം നല്‍കാനാണ് മികച്ച പ്രതിച്ഛായയുള്ള ബാലഗോപാലിലൂടെ സി.പി.എം കരുക്കള്‍ നീക്കുന്നതും. വിഭാഗീയത രൂക്ഷമായ കോണ്‍ഗ്രസിലാകട്ടെ,ഘടകകക്ഷി നേതാവായതിനാല്‍ പ്രേമചന്ദ്രനെതിരേ വിമത ശബ്ദങ്ങളില്ല.
എല്ലാ സമുദായ സംഘടനകളുമായും അടുപ്പംപുലര്‍ത്തുന്ന പ്രേമചന്ദ്രന്‍ എം.പി ഫണ്ടുപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.