2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

പാര്‍ട്ടികോടതികളെ നിലനിര്‍ത്താനാവില്ല


മതനിരപേക്ഷതയെ നെഞ്ചിലേറ്റുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിക്കൊണ്ടാണു പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയതയ്‌ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ത്രാണിയുള്ള ഏകപ്രസ്ഥാനം സി.പി.എമ്മും ഇടതുപക്ഷവുമാണെന്ന പ്രചാരണം ജനം വിശ്വസിച്ചു.

തുടര്‍ന്നാണു കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വമ്പിച്ചഭൂരിപക്ഷത്തോടെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിച്ചത്. കേരളത്തില്‍ ഫാസിസ്റ്റ് വര്‍ഗീയകക്ഷികള്‍ എസ്.എന്‍.ഡി.പി യോഗംപോലുള്ള സംഘടനകളെ വലവീശിപ്പിടിക്കുകയും ഫാസിസ്റ്റ് രാഷ്ട്രീയത്തോടു യു.ഡി.എഫിലെ പ്രമുഖകക്ഷി മൃദുസമീപനം പുലര്‍ത്തുകയാണെന്ന പൊതുവികാരവുമായിരുന്നു തെരഞ്ഞെടുപ്പുസമയത്ത് അലയടിച്ചിരുന്നത്. മതേതര ജനാധിപത്യത്തെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്നവരില്‍ ആ നേരത്തെ രാഷ്ട്രീയകുഴഞ്ഞുമറിച്ചില്‍ ആശങ്ക സൃഷ്ടിച്ചപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വോട്ടുനല്‍കുകയായിരുന്നു.
ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ മുളപൊട്ടലിനു കേരള ജനത നല്‍കിയ മറുപടിയാണു യു.ഡി.എഫിന്റെ പതനവും എല്‍.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവും. എന്നാല്‍ എത്ര പെട്ടെന്നാണ് എല്ലാം കീഴ്‌മേല്‍മറിഞ്ഞിരിക്കുന്നത്! കണ്ടതെല്ലാം വ്യാജമായിരുന്നുവെന്നും സി.പി.എം അവരുടെ പ്രാകൃതകാലത്തേയ്ക്കു മടങ്ങുകയാണെന്നും ഈ പരിഷ്‌കൃതയുഗത്തിലും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്  ഇപ്പോഴുണ്ടാകുന്ന ഓരോ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളും.
സി.പി.എമ്മിന്റെ ചിരിക്കുന്ന മുഖമെന്നു വിശേഷിപ്പിക്കപ്പെടുന്ന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്‍നിന്ന് കേരളമൊരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകളാണു പയ്യന്നൂരില്‍ ഉണ്ടായത്. പാടത്തു പണിക്കു വരമ്പത്തു കൂലി കൊടുക്കുന്ന പാര്‍ട്ടിയാണു സി.പി.എം എന്ന വാക്കുകള്‍ സി.പി.എമ്മിനെക്കുറിച്ചു ജനമനസിലുണ്ടായ എല്ലാ നന്മചിത്രങ്ങളും മായയായിരുന്നെന്ന വിളംബരപ്പെടുത്തലായി മാറി ആ വാക്കുകള്‍.

കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളില്‍നിന്ന് ഊര്‍ജം സംഭരിച്ചാണ് അക്രമികള്‍ നാദാപുരത്തെ തൂണേരി കണ്ണങ്കൈ കല്ലാച്ചിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലം എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നുവേണം കരുതാന്‍. ടി.പി ചന്ദ്രശേഖരന്റെ വധത്തെ അനുസ്മരിപ്പിക്കുംവിധമാണ് അസ്‌ലമിനെയും തുരുതുരാ വെട്ടിവീഴ്ത്തിയത്. ടി.പി ചന്ദ്രശേഖരന് 51 വെട്ടാണ് ഏറ്റതെങ്കില്‍ അസ്‌ലമിന്റെ ശരീരത്തില്‍ എഴുപതിലധികം വെട്ടാണു പതിച്ചുനല്‍കിയത്. ഇന്നോവ കാറില്‍ ‘മാശാ അല്ലാഹ്’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച് ആളെക്കൊല്ലാന്‍ പ്രേരണനല്‍കുന്ന ചേതോവികാരം സി.പി.എം പറയുന്ന മതനിരപേക്ഷതയ്ക്ക് ഒട്ടും യോജിക്കുന്നതല്ല. ‘വിടപറയുക വര്‍ഗീയതയോട്, അണിചേരുക മതനിരപേക്ഷതയ്‌ക്കൊപ്പം’ എന്നത് ഡി.വൈ.എഫ്.ഐ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ മാത്രം മതിയോ? ഡി.വൈ.എഫ്.ഐ പുറത്തുവിട്ട ഈ മുദ്രാവാക്യത്തിന്റെ ആശയം നാദാപുരത്തു നടപ്പാക്കാന്‍ സി.പി.എം പരിശ്രമിക്കേണ്ടതല്ലേ?

സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലുണ്ടാകുന്ന രാഷ്ട്രീയസംഘട്ടനങ്ങളില്‍നിന്നു വ്യത്യസ്തമായി നാദാപുരത്തുണ്ടാകുന്ന സി.പി.എം അക്രമം വര്‍ഗീയകലാപമായി പരിണമിക്കുന്നതെന്തു കൊണ്ടെന്നു മതേതരത്വത്തെക്കുറിച്ചു വാചാലമാകുന്ന സി.പി.എം ചിന്തിക്കുന്നില്ല. തൂണേരി ഷിബിന്‍ വധക്കേസില്‍ അസ്‌ലമിനെ കോടതി വെറുതെവിട്ടപ്പോള്‍ പാര്‍ട്ടി കോടതി നിയമംകൈയിലെടുത്തു വെട്ടിക്കൊല്ലുകയായിരുന്നു. ഷിബിന്‍ വധത്തെത്തുടര്‍ന്നു നടന്ന വിലാപയാത്രയില്‍ പങ്കെടുത്തവര്‍ മുസ്‌ലിം കടകള്‍ക്കു നേരെയും വീടുകള്‍ക്കുനേരെയും അഴിച്ചുവിട്ട ആക്രമണങ്ങള്‍ എന്തിന്റെ പേരിലായിരുന്നു?
കഴിഞ്ഞയാഴ്ച തൂണേരിയില്‍ നടന്ന സി.പി.എം യോഗത്തില്‍വച്ചാണു ഷിബിന്‍ വധക്കേസില്‍ വെറുതെ വിട്ടവര്‍ക്കെതിരേ കൊലവിളിയുയര്‍ന്നത്. ഷിബിന്‍ വധക്കേസ് അന്വേഷണത്തില്‍ ജാഗ്രതപുലര്‍ത്തി ശരിയായ പ്രതികളെ അറസ്റ്റു ചെയ്തു മതിയായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുപകരം കോടതി വെറുതെവിട്ടവര്‍ക്കെതിരേ പാര്‍ട്ടി കോടതിവിധി നടപ്പിലാക്കുന്നതു പരിഷ്‌കൃതസമൂഹത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ചേര്‍ന്നതല്ല. കോടതിവിധിയില്‍ തൃപ്തരല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് വേണ്ടത്. പകരം വധശിക്ഷ സ്വയമേറ്റെടുത്തു നടപ്പിലാക്കുന്ന പ്രാകൃതരീതി കേരളത്തിന് എന്നെന്നും അപമാനം മാത്രമേ വരുത്തിവയ്ക്കൂ. നടന്‍ ശ്രീനിവാസന്‍ പറഞ്ഞതുപോലെ ഇത്തരം സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും നേതാക്കളുടെ വീട്ടിലുള്ളവരാരും കൊല്ലപ്പെടുന്നില്ല. അവരൊക്കെ സസുഖം വാഴുമ്പോള്‍ അഷ്ടിക്കു വകയില്ലാത്ത പാവപ്പെട്ട മനുഷ്യരാണു രാഷ്ട്രീയ പകപോക്കലുകള്‍ക്കിരയാവുന്നത്.

രണ്ടുസഹോദരിമാരും ഉമ്മയും മാത്രമുള്ള നിര്‍ധനകുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഇരുപത്തിനാലാംവയസില്‍ കൊലയാളികളുടെ കൊടുവാളുകള്‍ക്കിരയാകേണ്ടിവന്ന അസ്‌ലം. ഷിബിന്‍ വധത്തെത്തുടര്‍ന്ന് അസ്‌ലമിന്റെ തറവാടുവീട് നേരത്തേതന്നെ അക്രമികള്‍ അഗ്നിക്കിരയാക്കുകയും വീടുകൊള്ളയടിക്കുകയും ചെയ്തിരുന്നു. വാടകവീട്ടില്‍ അഭയംതേടേണ്ടിവന്ന ഈ നിര്‍ധനകുടുംബം നാട്ടുകാരുടെ സഹായത്തോടെ പണിതീര്‍ത്തുകൊണ്ടിരിക്കുന്ന കൊച്ചുവീട്ടിലേയ്ക്കു താമസം മാറാന്‍ ഒരുങ്ങുന്നതിനിടെയാണു അസ്‌ലമിന്റെ ജീവിതം നടുറോഡില്‍ അവസാനിപ്പിച്ചത്.
ടി.പി വധക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട സി.പി.എം നേതാക്കളും പ്രവര്‍ത്തകരും നിരപരാധികളാണെന്നു മാറാട് കോടതി വിധിച്ചപ്പോള്‍ തങ്ങളുടെ നേതാക്കള്‍ നിരപരാധികളാണെന്നു കോടതി പറഞ്ഞല്ലോയെന്ന് ഊറ്റംകൊണ്ട സി.പി.എം നേതാക്കള്‍ എന്തേ ആ ആനുകൂല്യവും സൗമനസ്യവും അസ്‌ലമിനു നല്‍കിയില്ല? ടി.പി വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടാലും ഞങ്ങള്‍ വെറുതെ വിടുകയില്ലെന്നു ടി.പി ചന്ദ്രശേഖരന്റെ ബന്ധുക്കളോ പാര്‍ട്ടിക്കാരോ കൊലവിളി നടത്തിയില്ലല്ലോ.

കണ്ണൂരിന്റെ കൊലപാതകരാഷ്ട്രീയത്തിന്റെ രക്തപ്പുഴകള്‍ കോഴിക്കോടു ജില്ലയിലേയ്ക്ക് ഒഴുക്കുകയാണോ. സി.പി.എം നഷ്ടപ്പെട്ട വിശ്വാസ്യത മതനിരപേക്ഷതയുടെ പേരുപറഞ്ഞു വീണ്ടെടുത്താണ് ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി കേരളത്തില്‍ അധികാരത്തില്‍വന്നത്. മതനിരപേക്ഷത വെല്ലുവിളിനേരിട്ട സന്ദര്‍ഭത്തില്‍ അതില്‍ നിന്നു മുതലെടുപ്പു നടത്തുകയായിരുന്നുവോ സി.പി.എം എന്ന ധാരണ അരക്കിട്ടുറപ്പിക്കും വിധമുള്ള വാക്കുകളും പ്രവൃത്തികളും നേതാക്കളില്‍നിന്നും പാര്‍ട്ടിയില്‍നിന്നുമുണ്ടാകുമ്പോള്‍ ജനം സ്തംഭിച്ചുനില്‍ക്കുകയല്ലാതെ മറ്റെന്താണു ചെയ്യുക.
മുതലെടുപ്പു രാഷ്ട്രീയമായിരുന്നില്ല കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ തങ്ങള്‍ സമര്‍പ്പിച്ചതെന്നു തെളിയിക്കാന്‍ ഭരണകൂടത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും കഴിയേണ്ടതുണ്ട്. ജനങ്ങളെ മതനിരപേക്ഷത പറഞ്ഞു വഞ്ചിച്ചാണ് അധികാരത്തില്‍ വന്നതെങ്കില്‍ ഇതരസംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും സി.പി.എമ്മിനെ കാലത്തിന്റെ കടലെടുക്കുന്ന സമയം വിദൂരമാവുകയില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.