2017 February 25 Saturday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

പാരിസ്ഥിതിക പ്രശ്‌ന പദ്ധതികള്‍ക്ക് പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണം

eco-friendly

തിരുവനന്തപുരം: പാറ, മണല്‍ ഖനനമടക്കം പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും പരിസ്ഥിതി വകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കും. ഇതിനായി ചട്ടത്തില്‍ ഭേദഗതി വരുത്തുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതിനാവശ്യമായ ഭേദഗതി വരുത്തേണ്ടത് സെക്രട്ടേറിയറ്റ് ഓഫിസ് മാന്വലിലെ കാര്യനിര്‍വഹണ ചട്ടങ്ങളുടെ രണ്ടാം ഭാഗത്താണ്. ഇതിനുള്ള അധികാരം ഗവര്‍ണര്‍ക്കു മാത്രമായതുകൊണ്ടാണ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന ഖനനങ്ങള്‍ അടക്കമുള്ള പ്രവൃത്തികള്‍ക്ക് പരിസ്ഥിതി വകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കി 2011 ഒക്ടോബര്‍ ഏഴിന് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പരിസ്ഥിതി വകുപ്പില്‍ മാത്രം ഒതുങ്ങിയ ഉത്തരവ് മാനിക്കാന്‍ റവന്യൂ അടക്കമുള്ള മറ്റു വകുപ്പുകള്‍ തയാറായില്ല. ഇതുകാരണം പരിസ്ഥിതി വകുപ്പിന്റെ അനുമതി ഇല്ലാതെ തന്നെ പിന്നീട് പല ഘട്ടങ്ങളിലും ഖന നം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് അനുമതി നല്‍കിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതു കണക്കിലെടുത്താണ് ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്ത് എവിടെയും ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതി നിര്‍ബന്ധമാകും.