2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

പാതിരാത്രി പടി ഇറക്കിയതെന്തിന്?

അലോക് വര്‍മയുടെ ഹരജി വിധി പറയാനായി മാറ്റി

ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് ഒക്ടോബര്‍ 24ന് അര്‍ധരാത്രി ധൃതിപിടിച്ച് സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്ന് അലോക് വര്‍മയെ മാറ്റിയതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി.
കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സി.വി.സി) മുന്‍പാകെ അലോക് വര്‍മയ്‌ക്കെതിരേ പരാതി എത്തുന്നതിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ ഒക്ടോബര്‍ 23ന് അല്ല തുടങ്ങിയത്. അതിനും രണ്ടുമാസം മുന്‍പേ സി.ബി.ഐയുടെ തലപ്പത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
ഒക്ടോബര്‍ 24 വരെ നിങ്ങള്‍ ഇതെല്ലാം സഹിക്കുകയായിരുന്നോ? എന്നിരിക്കെ ഒക്ടോബര്‍ 24ന് അര്‍ധരാത്രി പെട്ടെന്നൊരു തീരുമാനം എടുക്കാനുള്ള പ്രചോദനം എന്താണ് ? ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചോദിച്ചു. തന്നെ സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്ന് നിര്‍ബന്ധിത അവധിയില്‍വിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് അലോക് വര്‍മ നല്‍കിയതുള്‍പ്പെടെയുള്ള ഹരജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇങ്ങിനെ ചോദിച്ചത്.
മൂന്നംഗ സുപ്രിംകോടതി ബെഞ്ച് മുന്‍പാകെ ബുധനാഴ്ച കേസില്‍ വാദംകേള്‍ക്കവേ, അലോക് വര്‍മയും സി.ബി.ഐ സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ പൂച്ചയെ പോലെ അടികൂടിയതിനാലാണ് പുറത്താക്കിയതെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, സംശയാസ്പദമായ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് അര്‍ധരാത്രിയിലെ ധൃതിപിടിച്ചുള്ള മാറ്റങ്ങളെ സുപ്രിംകോടതി ചോദ്യംചെയ്തത്. കേസില്‍ ബുധനാഴ്ചത്തെ പോലെ ഇന്നലെയും ശക്തമായ വാദപ്രതിവാദമാണ് നടന്നത്. നാലുമണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ കേസ് വിധിപറയാനായി മാറ്റി.
സി.ബി.ഐ മേധാവിയും ഉപമേധാവിയും തമ്മിലുള്ള തര്‍ക്കം ഒരുരാത്രി കൊണ്ട് ഉണ്ടായതല്ല. പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ്ജസ്റ്റിസ് എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ എന്തിനാണ് സി.ബി.ഐ മേധാവിയെ മാറ്റിയത് ? സര്‍ക്കാര്‍ നടപടിയില്‍ ന്യായം വേണം.
കമ്മിറ്റിയുമായി കൂടിയാലോചിക്കുന്നതില്‍ എന്തായിരുന്നു നിങ്ങള്‍ക്കു തടസമെന്നും കോടതി ചോദിച്ചു. ചില അടിയന്തര സാഹചര്യങ്ങളില്‍ അടിയന്തര നടപടികള്‍ വേണ്ടിവരുമെന്നായിരുന്നു സി.വി.സിക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി പറഞ്ഞത്. അങ്ങിനെയാണെങ്കില്‍ തീരുമാനം എടുത്തശേഷമെങ്കിലും അറിയിക്കാമായിരുന്നില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
അലോക് വര്‍മയോടും രാകേഷ് അസ്താനയോടും തല്‍ക്കാലം മാറിനില്‍ക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. അവരെ സ്ഥലംമാറ്റിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നടപടിയെടുത്തതിനെ ന്യായീകരിക്കുന്നില്ലെന്നും സി.വി.സി അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിന് യോജിച്ച നടപടിയായിരുന്നോ എടുത്തതെന്നും അലോക് വര്‍മക്കെതിരേ ഒരുപരാതി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂവെന്നും ബെഞ്ചിലെ ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു. എന്നാല്‍ ഈ സമയം കേസിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കോടതി കടക്കരുതെന്ന് തുഷാര്‍ മേത്ത അഭ്യര്‍ഥിച്ചു.
വിസിറ്റിങ് കാര്‍ഡില്‍ സി.ബി.ഐ ഡയരക്ടര്‍ എന്ന പദവിവയ്ക്കാന്‍ മാത്രമുള്ളതല്ല രാജ്യത്തെ ഏറ്റവും സുപ്രധാന അന്വേഷണ ഏജന്‍സിയുടെ മേധാവി പദവിയെന്ന് അലോക് വര്‍മക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി നരിമാന്‍ ചൂണ്ടിക്കാട്ടി.
വര്‍മ ഇപ്പോഴും ഡയരക്ടര്‍ ആണെന്നു സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പിന്നെ എന്തിനാണ് അദ്ദേഹത്തെ വീട്ടിലിരുത്തിയത് ? നരിമാന്‍ ചോദിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.