2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

പാഠപുസ്തക അച്ചടി: തമിഴ്‌നാട് ഏജന്‍സിയില്‍ നിന്ന് കടലാസ് വാങ്ങുന്നത്് ടെന്‍ഡറില്ലാതെ

 

ഫസല്‍ മറ്റത്തൂര്‍ #
മലപ്പുറം: അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തക അച്ചടി സാമഗ്രികള്‍ ടെന്‍ഡര്‍ നടപടികളില്ലാതെ തമിഴ്‌നാട് ഏജന്‍സിയില്‍ നിന്ന് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി. 2019-20 അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങള്‍ക്ക് ആവശ്യമായ കടലാസും മറ്റ് അച്ചടി സാമഗ്രികളും വാങ്ങാനാണ് തമിഴ്‌നാട് ന്യൂസ്പ്രിന്റ് ആന്‍ഡ് പേപ്പേഴ്‌സ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിനെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്്. അടുത്ത അധ്യയനവര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തക അച്ചടിക്കാവശ്യമായ പേപ്പറും അച്ചടി സാമഗ്രികളും സ്റ്റോര്‍ പര്‍ച്ചേഴ്‌സ് മാനുവലിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വാങ്ങുന്നതിനും സമയബന്ധിതമായി പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്യുന്നതിനും കെ.ബി.പി.എസിനെ(കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി)ചുമതലപ്പെടുത്തി ഓഗസ്റ്റില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അച്ചടി സമാഗ്രികള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ഒരു പേപ്പര്‍ മില്ലും പങ്കെടുത്തിരുന്നില്ലെന്നാണ് പറയുന്നത്്. ഇതിനെ തുടര്‍ന്ന് റീ-ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പായാണ് ഇതരസംസ്ഥാന ഏജന്‍സിക്ക് പുറംകരാര്‍ നല്‍കിയിരിക്കുന്നത്. വേണ്ടത്ര പങ്കാളിത്തമില്ലെങ്കില്‍ പേപ്പറിന്റെ ലഭ്യത വൈകുന്നത് മൂലം കേരളത്തിലെ പാഠപുസ്തക അച്ചടിയും വിതരണവും കാലതാമസം നേരിടുമെന്നും ഇതിനു പോംവഴി തമിഴ്‌നാട്ടിലെ ടി.എന്‍.പി.എല്‍ എന്ന സ്ഥാപനത്തെ ഏല്‍പ്പിക്കുന്നതാണെന്നും സൂചിപ്പിച്ച് കെ.ബി.പി.എസ്് മാനേജിങ് ഡയരക്ടര്‍ സര്‍ക്കാറിന് കത്തുനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്‌നാട് ഏജന്‍സിയില്‍ നിന്ന് വിവിധ ഗുണനിലവാരത്തിലുള്ള 11,845.24 മെട്രിക് ടണ്‍ കടലാസ് നേരിട്ടുവാങ്ങാന്‍ കെ.ബി.പി.എസിന് പ്രത്യേക അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്്. വാങ്ങിയതുസംബന്ധിച്ച കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും ഇത്് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍, അച്ചടി ഡയരക്ടര്‍, സ്റ്റേഷനറി കണ്‍ട്രോളര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്്.
പുസ്തകങ്ങളുടെ ഭാരംകുറക്കുന്നതിന്റെ ഭാഗമായി വിവിധ വാള്യങ്ങളായാണ് നിലവില്‍ പാഠപുസ്തക അച്ചടിക്കുന്നത്്. അടുത്തവര്‍ഷത്തെ രണ്ടാം വാള്യത്തിന്റെ അച്ചടി പൂര്‍ത്തിയായാല്‍ സ്റ്റോക്ക് വിവരങ്ങള്‍ വിലയിരുത്തി മാത്രമേ തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷത്തേക്ക് മാത്രമാണ് ടെന്‍ഡറില്ലാതെയുള്ള അനുമതിയെന്നും ഇതുസംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ കെ.ബി.പി.എസ് കൈകാര്യം ചെയ്യണമെന്നും പറയുന്നുണ്ട്. പുറംകരാര്‍ നല്‍കിയ ഏജന്‍സിയുടെ പ്രവര്‍ത്തന പോരായ്മ കാരണം ഗുണമേന്മയില്ലാത്ത കടലാസുകളിലാണ് നേരത്തെ പാഠപുസ്തക അച്ചടി നടന്നിരുന്നത്്. പുതിയ തീരുമാനം പുസ്തകങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
പാഠപുസ്തക അച്ചടിയില്‍ നിന്നും സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കിയ തീരുമാനത്തിന് പിന്നാലെ ടെന്‍ഡറില്ലാതെ ഇതരസംസ്ഥാന ഏജന്‍സിയില്‍ നിന്ന് കടലാസ് വാങ്ങാനുള്ള തീരുമാനം ശക്തായ എതിര്‍പ്പിന് കാരണമായേക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.