2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാടശേഖരങ്ങളില്‍നിന്ന് മണ്ണെടുപ്പ്; നടപടി തുടരാമെന്ന് ഹൈക്കോടതി

 

പാലക്കാട്: ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ പാടശേഖരങ്ങളില്‍നിന്ന് അനധികൃതമായി മണ്ണെടുത്തവര്‍ക്കെതിരേ നടപടി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജിയോളജിസ്റ്റിന്റെ അനുമതിയില്ലാതെ ഖനം നടത്തി കളിമണ്ണെടുത്തുണ്ടാക്കിയ ഇഷ്ടികകള്‍ പിടിച്ചെടുത്ത പാലക്കാട് ജില്ലാ കലക്ടറുടെ നടപടിയും ഹൈക്കോടതി ശരിവച്ചു.
നിയമവിരുദ്ധ ഖനത്തിലൂടെ ശേഖരിക്കുന്ന ധാതുക്കളും ഇതുപയോഗിച്ചുള്ള ഉല്‍പന്നങ്ങളും സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന സര്‍ക്കാരിന്റെ വാദം ശരിവച്ചാണ് ഉത്തരവ്.
ഇഷ്ടിക നിര്‍മിക്കാന്‍ ഖനനം നടത്തിയ പാടശേഖരം പൂര്‍വ സ്ഥിതിയിലാക്കാനും അനധികൃതമായി ഖനം നടത്തിയവര്‍ക്കെതിരേ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാനും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ പാടശേഖരങ്ങളില്‍ ഖനം നടത്തിയെടുത്ത കളിമണ്ണ് ഉപയോഗിച്ച് നിര്‍മിച്ച ഇഷ്ടിക കലക്ടര്‍ പിടിച്ചെടുത്തത് തിരികെ ലഭിക്കാന്‍ പാടം പാട്ടത്തിനെടുത്തവര്‍ നല്‍കിയ ഒരുകൂട്ടം ഹരജിയിലാണ് ഉത്തരവ്. പാടത്ത് ഖനം നടത്തി കളിമണ്ണെടുത്തതിനെതിരേ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ് ജില്ലാ കലക്ടര്‍ നടപടിയെടുത്തത്. എന്നാല്‍ ഈ നിയമപ്രകാരം വയല്‍ നികത്താനുപയോഗിച്ച ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുക്കാനാണ് അധികാരമെന്നും ഇഷ്ടിക പിടിച്ചെടുത്തതു നിയമ വിരുദ്ധമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍ 1957 ലെ മൈനിങ് ആന്‍ഡ് മിനറല്‍സ് റെഗുലേഷന്‍സ് ആക്ട്, മൈനര്‍ മിനറല്‍സ് കണ്‍സെഷന്‍ റൂള്‍ എന്നിവയനുസരിച്ച് നിയമവിരുദ്ധമായി ഖനം നടത്തി ശേഖരിച്ച ധാതുക്കളും ഇതുപയോഗിച്ചുള്ള ഉല്‍പന്നങ്ങളും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ക്കാരിനോടു നടപടി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 18 കേസുകള്‍ പാലക്കാട് ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.