2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പാടത്ത് പാട്ടും പറമ്പത്ത് കാറ്റും തരും ഈ ഹൈടെക് തൊപ്പി

സുല്‍ത്താന്‍ ബത്തേരി: പാടത്തുംപറമ്പത്തും പണിയെടുക്കുമ്പോള്‍ അല്‍പം പാട്ടുകേള്‍ക്കണമെന്ന് തോന്നിയാല്‍ തൊപ്പിയിലെ സ്വിച്ച് ഒന്ന് അമര്‍ത്തിയാല്‍ മതി, പിന്നെ ഇഷ്ടഗാനം ചെവിയിലെത്തും. ചൂട് അല്‍പം കൂടിയാലോ ഈ തൊപ്പി തരും ഇളംകാറ്റും. കര്‍ഷകര്‍ക്ക് പണി ആസ്വദിച്ച് ചെയ്യാനാകുന്നതൊക്കെ ഈ ഹൈടെക് തൊപ്പിയിലുണ്ട്. ബത്തേരി സര്‍വജന സ്‌കൂളിലെ വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥിയായ പി.വി ജിതിനാണ് ഫാനും ലൈറ്റും പാട്ടുമൊക്കെയുള്ള തൊപ്പി നിര്‍മിച്ചിരിക്കുന്നത്.
ഏതുകാലാവസ്ഥയിലും ചൂടാവുന്ന തരത്തിലാണ് തൊപ്പിയുടെ രൂപ കല്‍പ്പന. ചൂടു കൂടിയാല്‍ കുളിര്‍ തെന്നലായി ഫാന്‍ പ്രവര്‍ത്തിപ്പിക്കാം. രാത്രിയില്‍ വെളിച്ചവും. ജോലിക്കിടയില്‍ അല്‍പം പാട്ടു കേള്‍ക്കണമെന്ന് തോന്നിയാലും തൊപ്പി ഉപകാരപ്പെടും. ഒരു ബാറ്ററിയും ചെറിയ സോളാര്‍ പാനലുപയോഗിച്ചാണ് ഈ മിടുക്കന്‍ ഹൈടെക് തൊപ്പി തയാറാക്കിയിരിക്കുന്നത്. സോളാറില്‍ നിന്നാണ് ഫാനും ലൈറ്റും പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഒരു മാസം മുന്‍പ് ബത്തേരിയില്‍ നടന്ന എക്‌സിബിഷന്‍ കണ്ടതുമുതലാണ് ഇത്തരമൊരു തൊപ്പി രൂപകല്‍പ്പന ചെയ്യണമെന്ന തോന്നലുണ്ടായതെന്ന് ജിതിന്‍ പറയുന്നു.
സ്‌കൂളിലെ അധ്യാപകരും മാതാപിതാക്കളും കൂടെ നിന്നപ്പോള്‍ തൊപ്പി ദിവസങ്ങള്‍ക്കുള്ളില്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചെന്ന് ജിതിന്‍ പറഞ്ഞു. വി.എച്ച്.സി.ഇ അഗ്രികള്‍ച്ചര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജിതിന്‍ നമ്പ്യാര്‍കുന്ന് പുളിച്ചിമൂല വിജയന്റെയും സരിതയുടേയും മകനാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.