2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പാചക വാതക സിലിണ്ടറുകളുമായി പോയ മിനിലോറിക്ക് തീപിടിച്ചു

കളമശ്ശേരി : പാചക വാതക സിലിണ്ടറുകളുമായി പോയ മിനിലോറിക്ക് തീപിടിച്ചു. മറ്റൊരു വാഹനത്തിലെ ഡ്രൈവര്‍ അബ്ദുല്‍ സലാമിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി.ദേശീയപാതയില്‍ പ്രീമിയര്‍ കവലയില്‍ ഇന്നലെ രാവിലെ 10.15 ഓടെയാണ് അപകടം നടന്നത്.
സൗത്ത് കളമശ്ശേരിയിലെ ഹിന്ദ് ഗ്യാസ് ഗോഡൗണില്‍ നിന്ന് മുട്ടം ഭാഗത്തേക്ക് പാചകവാതക വിതരണത്തിനായി പോവുകയായിരുന്ന മിനിലോറിയുടെ എന്‍ജിനിലേക്കുള്ള ഡീസല്‍ പമ്പിന് തീപിടിക്കുകയായിരുന്നു. ഡ്രൈവര്‍ ക്യാബിനടിയില്‍ തീയും പുകയും ഉയര്‍ന്നതോടെ വാഹനം നിര്‍ത്തി ചാടിയിറങ്ങി. ഇതോടെ ടാങ്കര്‍ ലോറിക്ക് തീപിടിച്ചെന്ന് പറഞ്ഞു സമീപ വാസികളും കടക്കാരും മറ്റു വാഹനങ്ങളിലുമുള്ളവര്‍ പ്രാണരക്ഷാര്‍ഥം ഓടി. ഈ സമയം സമീപത്തെ മയൂര ഫാഷന്‍സ് ഉടമ നാസര്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചു. മിനിലോറിയില്‍ ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവര്‍ക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. ഈ സമയം മിനിലോറി ഓടിച്ചു വരികയായിരുന്ന അബ്ദുല്‍സലാം (24) തന്റെ വാഹനത്തില്‍ നിന്ന് ഇറങ്ങി അതു വഴി വന്ന ടാങ്കര്‍ ലോറിയില്‍നിന്ന് ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ എടുത്ത് തീയണക്കുകയായിരുന്നു. ഇതോടെ തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും, ഫെഡറല്‍ ബാങ്കില്‍ നിന്നും ബാറില്‍ നിന്നും, ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് സമീപത്തെ കച്ചവടക്കാരും നാട്ടുകാരും കൂടി പെട്ടെന്നുതന്നെ തീയണച്ചു.
ഏലൂര്‍, തൃക്കാക്കര, ഗാന്ധിനഗര്‍ എന്നീ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവില്‍നിന്ന് ജീവനക്കാര്‍ എത്തിയപ്പോഴേക്കും പൂര്‍ണമായും തീയണച്ചിരുന്നു. പിന്നീട് കളമശ്ശേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ എ.പ്രസാദിനെ നേതൃത്വത്തില്‍ എത്തിയ പൊലിസ് അപകടത്തില്‍പ്പെട്ട മിനി ലോറിയില്‍നിന്ന് മറ്റൊരു വാഹനത്തിലേക്ക് സിലിണ്ടറുകള്‍ മാറ്റി.
ബാറ്ററിയില്‍ നിന്നുള്ള വയര്‍ കത്തിയതാണ് ഡീസല്‍ പമ്പിന് തീപിടിക്കാന്‍ കാരണമെന്ന് സംശയിക്കുന്നു.മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

സലാമിന്റെ മനോധൈര്യം  തുണയായി

കളമശ്ശേരി: പ്രീമിയര്‍ കവലയില്‍ പാചകവാതക സിലിണ്ടറുമായി പോയ മിനിലോറിക്ക് തീപിടിച്ചപ്പോള്‍ രക്ഷകനായത് കളമശ്ശേരി എച്ച്.എം.ടി കോളനി കരുവേലില്‍ അബ്ദുള്‍ സലാം (24). അബ്ദുള്‍ സലാം തക്ക സമയത്ത് തീയണക്കാന്‍ ധൈര്യം കാണിച്ചതുകൊണ്ടാണ് ദേശീയ പാതയില്‍ വന്‍ ദുരന്തം ഒഴിവായത്.ഏലൂര്‍ ഭാഗത്തേക്ക് മിനിലോറിയുമായി പോകുകയായിരുന്നു സലാം.
പാചകവാതക ലോറി കത്തുന്നതും ആളുകള്‍ ഓടുന്നതും കണ്ട സലാം ആദ്യം ലോറി പുറകോട്ടെടുത്ത് തിരിച്ചു പോകാനാണ് ആലോചിച്ചത്. എന്നാല്‍ പെട്ടെന്ന് തന്നെ ധൈര്യം വീണ്ടെടുത്ത്് വണ്ടി ഒതുക്കി ചാടിയിറങ്ങി. എതിര്‍ദിശയില്‍ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി തടഞ്ഞു നിര്‍ത്തി ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് ലോറികള്‍ നിര്‍ത്താതെ പോയി.
.മൂന്നാമത്തെ ടാങ്കര്‍ ലോറി നിര്‍ത്തിയപ്പോള്‍ അതില്‍ നിന്നും ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ തീയണക്കാന്‍ തുടങ്ങിയത്. ഇതിനിടെ പാചക വാതക ലോറിയുടെ ഡീസല്‍ ടാങ്കിനും തീ പിടിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനിടെ സലാമിന്റെ കൈയ്യിന് നിസാര പൊള്ളലേറ്റു. സമീപത്തെ ഫെഡറല്‍ബാങ്കില്‍ നിന്നും ബാറില്‍ നിന്നും പെട്രോള്‍ പമ്പുകളില്‍ നിന്നും മറ്റും നാട്ടുകാര്‍ ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ സംഘടിപ്പിച്ചെത്തിയതും ഉടന്‍ തീയടക്കാന്‍ സഹായകരമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.