2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പാചകത്തില്‍ ശ്രദ്ധവച്ചാല്‍ തടികൂടുന്നത് തടയാം

ഡോ.ഫര്‍ഹദ് കുന്നുമ്മല്‍ ന്യൂട്രീഷനിസ്റ്റ-ഡയറ്റീഷന്‍

കഴിക്കുന്നതിനെപറ്റി മാത്രം പറയുന്നതിനേക്കാള്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നതില്‍ ചില നിര്‍ദേശങ്ങളെങ്കിലും നല്‍കുന്നതാണ് ഉത്തമം. അങ്ങനെ തോന്നുന്നതുകൊണ്ടാണ് ഇതുപോലൊരു കുറിപ്പ്.

ഇന്നയിന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് തടികൂട്ടുമെന്നു പറയുമ്പോള്‍ അതൊഴിവാക്കുന്നു. ഇന്നത് കഴിക്കണമെന്നു പറയുമ്പോള്‍ അത് ചെയ്യുന്നു. എന്നാല്‍ ഇവയൊക്കെയും പാചകം ചെയ്യുന്നിടത്ത് അനാരോഗ്യകരമായ പ്രവണത ഉണ്ടായാല്‍ ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കില്ലെന്നതാണ് സാരം.
വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങളാണ് ഏറ്റവും ആരോഗ്യപ്രദമെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇത് പോഷക സമ്പുഷ്ടവും ആരോഗ്യകരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്നതുമാണ്. എങ്കിലും ചിലപ്പോഴെങ്കിലും വീട്ടിലുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ അപകടകാരികളാകുന്നുണ്ടെന്ന് മനസിലാക്കണം.
പാചകം ചെയ്യുന്നതില്‍ വരുത്തുന്ന തെറ്റുകളും പാചക രീതികളുമാണ് ഇതില്‍ വില്ലനാവുന്നത്. പാചകം ചെയ്യുമ്പോള്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകളും പാചക രീതികളിലെ അറിവില്ലായ്മയും അനാരോഗ്യത്തിലേക്കും തടികൂടുന്ന അവസ്ഥയിലേക്കും നയിക്കും. താഴെ നല്‍കുന്നത് സാധാരണ പാചകത്തിലെ വീഴ്ചകളാണ്. ഇതൊക്കെയും അല്‍പം സാമൂഹ്യജ്ഞാനമുണ്ടെങ്കില്‍ ഒഴിവാക്കാനാവുന്നവയാണ്. പാചകം ഒരു കലയും ശാസ്ത്രവുമാണെന്ന ബോധമുണ്ടായാല്‍ തെറ്റുകളും രീതികളിലെ കുറ്റങ്ങളും കുറയും.

എണ്ണയുടെ അമിതോപയോഗം
എണ്ണയില്ലാത്ത ഭക്ഷണ സാധനങ്ങളില്ല ഇന്നത്തെ അടുക്കളയില്‍. എണ്ണയുടെ വിവിധ രൂപങ്ങളെ വല്ലാതെ ആശ്രയിക്കുന്ന കാലംകൂടിയാണിത്. ആരോഗ്യകരമായ ഗുണങ്ങള്‍ എണ്ണ നല്‍കുന്നുണ്ടെന്നതും ശരി. എന്നാല്‍ എത്രമാത്രം എണ്ണ ഉപയോഗിക്കുന്നു എന്നതും എത്രമാത്രം ഗുണമുള്ള എണ്ണയാണ് ഉപയോഗിക്കുന്നത് എന്നതും പ്രത്യേകം ഗൗനിക്കേണ്ടതാണ്. മെറ്റബോളിസത്തിന് അനുകൂല ഘടകമാണ് എണ്ണ. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും എണ്ണ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ എണ്ണയുടെ അമിതോപയോഗം അനാരോഗ്യവും അസുഖങ്ങളും ക്ഷണിച്ചുവരുത്തും. അതുകൊണ്ട് അത്യാവശ്യത്തിനുമാത്രം എണ്ണ ഉപയോഗിക്കുക.

സോസുകളും ഡ്രസിംഗുകളും
വിവിധയിനം സോസുകളും ഡ്രസിംഗുകളും ഇന്ന് ധാരാളമായി ഉപയോഗിച്ചുവരുന്നു. റെഡിമെയ്ഡ് സോസുകളും ഡ്രസിംഗുകളും പ്രിസര്‍വേറ്റീവുകള്‍ അധികമായി അടങ്ങിയവയായിരിക്കും. അത് ശരീരത്തിലെ കൊഴുപ്പിനെ ഏകോപിപ്പിക്കുകയും കൂട്ടുകയും ചെയ്യും. അതുകൊണ്ട് കഴിയുന്നതും സോസുകളും ഡ്രസിംഗുകളും വീട്ടില്‍ തയാറാക്കുക. മേല്‍പറഞ്ഞതിന്റെ തെളിവിന് കടയില്‍ ലഭിക്കുന്ന ഇവയുടെ ബോട്ടിലുകളുടെ ലേബല്‍ ശ്രദ്ധിച്ചാല്‍ മതി.

മണമല്ല, ഗുണമാണ് വേണ്ടത്
ഭക്ഷണം ഉണ്ടാക്കുമ്പോള്‍ മണത്തിനുവേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത് പലരും അനുകരിച്ചുവരുന്നുണ്ട്. പ്രത്യേകിച്ച് കടയില്‍ നിന്ന് മൂക്കിലേക്കടിച്ചുകയറുന്ന മണത്തിന്റെ മാതൃക വീട്ടില്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് അത്യാപത്താണ്. പഞ്ചസാരയും ഉപ്പും ഒന്നുപോലെ തടി കൂട്ടാന്‍ സഹായിക്കുന്നതാണ്. അതും കൂടിയ നിരക്കില്‍ അധികം ഉപ്പും പഞ്ചസാരയും കുറച്ച് ഗുണത്തിലേക്കാവട്ടെ ശ്രദ്ധ. പോഷകങ്ങളുണ്ടാവണം ആഹാരസാധനങ്ങളില്‍.

കൂടുതല്‍ വറക്കുന്നത്
പാചക രീതിയാണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമെന്നു പറഞ്ഞല്ലോ. വറക്കുന്നതും പൊരിക്കുന്നതുമാണ് ഒഴിവാക്കേണ്ട പാചക രീതികള്‍. വറത്തതും പൊരിച്ചതും മാത്രം ഇഷ്ടപ്പെടുന്നവരോട് ഇത് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും ഒരു മുന്നറിയിപ്പായി ഇത് സ്വീകരിക്കാം. വറുക്കുമ്പോഴും പൊരിക്കുമ്പോഴും ഭക്ഷണ പദാര്‍ഥങ്ങളിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു. അതുവഴി അവ വിഷമയമായി തീരുകയും ചെയ്യുന്നു.

കൂടുതല്‍ വേവിയ്‌ക്കേണ്ട
ഭക്ഷണ പദാര്‍ഥങ്ങള്‍ ആവശ്യത്തിലധികം വേവിക്കുന്നത് നല്ലതല്ല. രുചി കൂട്ടാനാണ് ചില സാധനങ്ങള്‍ കൂടുതല്‍ വേവിക്കുന്നതെന്നാണ് അടുക്കളയില്‍ നിന്നുള്ള വിശദീകരണം. ഉദാഹരണത്തിന് പച്ചക്കറികള്‍ കൂടുതല്‍ വേവിയ്ക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ വിഘടിച്ച് നഷ്ടപ്പെടുന്നു. അതുകാരണം ആരോഗ്യഗുണം നഷ്ടപ്പെടുകയും ചെയ്യുന്നു. പച്ചക്കറികള്‍ വേവിയ്ക്കുമ്പോള്‍ ഇളക്കിയിട്ട് അവ കഴിക്കാന്‍ പാകത്തില്‍ ആക്കിയെടുക്കുക. കൂടുതല്‍ വേവിച്ച് പോഷകം കളയേണ്ട.

കൂടുതല്‍ ഗ്രില്ലിംഗ് വേണ്ട
സ്‌മോക്ക് ചെയ്തതും കല്‍ക്കരിയില്‍ ഗ്രില്‍ ചെയ്ത് എടുത്തതുമായ മാംസം അനാരോഗ്യകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ ഇത് ബ്രെസ്്റ്റ് ക്യാന്‍സര്‍ ഉണ്ടാകാന്‍ 47 ശതമാനം സാധ്യത കൂട്ടുന്നു. സാധാരണ കരുതുന്നത് ഗ്രില്ല് ചെയ്യുന്നത് ഗുണകരവും സുരക്ഷിതവുമാണെന്നല്ലേ. ഇനി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കുന്നതു നല്ലതാണ്.

ആകര്‍ഷകങ്ങളായ ടോപ്പിംഗുകള്‍
ഏതുതരം ആഹാര സാധനങ്ങളും ആകര്‍ഷകങ്ങളാക്കുന്നതും കൊതിപ്പിക്കുന്നതും അതിന്റെ ടോപ്പിംഗുകള്‍ വഴിയാണ്. കാണാന്‍ സുഖമുണ്ടെങ്കിലും അനാരോഗ്യത്തിന്റെ കേന്ദ്രമാണ് ടോപ്പിംഗുകള്‍. ചീസുകള്‍ മുതല്‍ സോസുകള്‍ വരെ ടോപ്പിംഗുകള്‍ എല്ലാം തന്നെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നവയാണ്. പോഷക സമ്പുഷ്ടമായ സലാഡിനെ ടോപ്പിംഗുകള്‍ കൊണ്ടുമാത്രം നശിപ്പിക്കാന്‍ സാധിക്കുമെന്നത് ചില്ലറക്കാര്യമല്ലല്ലോ.

കഴിക്കലും ഉണ്ടാക്കലും
ഭക്ഷണം പാചകം ചെയ്യുമ്പോള്‍ത്തന്നെ കഴിക്കുന്നത് വീട്ടിലെ മുതിര്‍ന്നവര്‍ നിരുത്സാഹപ്പെടുത്താറുണ്ട്. അതിനു കാരണങ്ങള്‍ നിരവധിയുണ്ടാകാം. എന്നാല്‍ അതിനു ശാസ്ത്രീയമായ ഒരു വശമുണ്ട്. പാചകം ചെയ്യുമ്പോള്‍ കഴിക്കുന്നതുകൊണ്ട് ആഹാരസാധനങ്ങളുടെ മണവും ഗുണവും പൂര്‍ണമായും അനുഭവിക്കാനാവില്ല. അതുമൂലം ആഹാരം വേണ്ടവിധത്തില്‍ ദഹിക്കാതെ വരുന്നു. അത് അനാരോഗ്യത്തിലേക്കും തടി കൂടുന്നതിലേക്കും നയിക്കുന്നത് സ്വാഭാവികമാണെന്നു മനസിലാക്കണം.

മൈക്രോവേവ്
മൈക്രോവേവിലെ ആഹാരം തയാറാക്കല്‍ കഴിയുന്നതും ഒഴിവാക്കുക. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന പല രാസ പദാര്‍ഥങ്ങളിലേക്കുമുള്ള ചുവടുവയ്പായി വേണം പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ ആഹാരസാധനങ്ങള്‍ മൈക്രോവേവ് ചെയ്യുന്നതില്‍ നിന്ന് പ്രതീക്ഷിക്കാന്‍. അഥവാ നിങ്ങള്‍ക്ക് പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ തന്നെ ഉപയോഗിച്ച് മൈക്രോവേവ് തന്നെ ചെയ്യണമെന്നുണ്ടെങ്കില്‍ എഫ്.ഡി.എ അംഗീകാരമുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കാവുന്നതാണ്.

പാചക ഗ്രന്ഥം
പാചക ഗ്രന്ഥം നോക്കിയുള്ള പാചകം നിര്‍ത്താന്‍ സമയമായിരിക്കുന്നു. നിങ്ങളുടെ ആവശ്യത്തിനും പോഷക ഗുണത്തിനും അനുസൃതമായി വേണം പാചകം ചെയ്യാന്‍. പാചക കുറിപ്പടി പ്രകാരം തയാറാക്കിയാല്‍ നിങ്ങള്‍ അധികമായി എണ്ണയും ചീസും നെയ്യും മറ്റും ഉപയോഗിക്കേണ്ടിവരും. അത് തടി കൂടുന്നതിലേക്ക് നയിക്കുകയും ചെയ്യും. പാചക ഗ്രന്ഥത്തില്‍ ഗുണകരമായവ സ്വീകരിച്ച് അതിനനുസൃതമായി പാചകം ചെയ്യുക. ചേര്‍ക്കേണ്ട ഘടകങ്ങള്‍ നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഗുണപ്രദമായി മാറ്റുക. അനാരോഗ്യമെന്നു കണ്ടാല്‍ ഒഴിവാക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.