2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

പാക് വ്യോമ പാതയിലൂടെ മോദിയുടെ വിമാനം പറക്കില്ല

ന്യൂഡല്‍ഹി: കിര്‍ഗിസ്താനില്‍ നടക്കുന്ന ഉച്ചകോടിയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര പാക് വ്യോമപാത ഒഴിവാക്കി.
ഷാങ്ഹായ് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കായി ഇന്നാണ് മോദി പുറപ്പെടുക. ഉച്ചകോടി നടക്കുന്ന കിര്‍ഗിസ്താനിലെ ബിഷ്‌കെക്കിലേയ്ക്കുള്ള യാത്രയ്ക്ക് പാകിസ്താനു മുകളിലൂടെ പറക്കുന്നതിനു പകരം ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെയാണിത്.

ബാലാകോട്ടിലെ തീവ്രവാദ ക്യാംപുകള്‍ക്ക് നേരെ കഴിഞ്ഞ ഫെബ്രുവരി 26ന് വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാകിസ്താന്റെ 11 വ്യോമപാതകളില്‍ ഒന്‍പത് എണ്ണവും അവര്‍ അടച്ചിരുന്നു.
എന്നാല്‍ മോദിക്കായി ഇതുവഴി പറക്കാന്‍ പാക് സര്‍ക്കാര്‍ കഴിഞ്ഞദിവസം അനുമതി നല്‍കി. വിദേശകാര്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമായിരുന്നു പാക് നടപടി.

പിന്നീട് ഈ വഴി സഞ്ചരിക്കേണ്ടതില്ലെന്ന് വിദേശ കാര്യമന്ത്രാലയും തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ബിഷ്‌കെക്കിലേക്കുള്ള വി.വി.ഐ.പികളുടെ വിമാനങ്ങള്‍ക്കായി രണ്ടു വ്യോമപാതകളാണ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്. പാകിസ്താന്‍ വഴി യാത്ര ചെയ്യുകയാണെങ്കില്‍ നാലുമണിക്കൂര്‍ കൊണ്ട് കിര്‍ഗിസ്താനിലെത്താനാവും. എന്നാല്‍, പുതിയ പാതയിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ നാലുമണിക്കൂര്‍ അധികസമയം എടുക്കും.

ഉച്ചകോടിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്കിടയില്‍ ഇമ്രാന്‍ ഖാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.