2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പാക് താലിബാനെതിരേ യു.എസ് ആക്രമണം നടത്തണമെന്ന് റഹീല്‍ ശരീഫ്

ഇസ്്‌ലാമാബാദ്: പാക് താലിബാന്റെ ഒളിത്താവളങ്ങള്‍ക്ക് നേരേ ആക്രമണം നടത്തണമെന്ന് പാക് സൈനിക മേധാവി അമേരിക്കയോട് ആവശ്യപ്പെട്ടു. പാക് താലിബാന്റെ ഒളിത്താവളങ്ങളും അവരുടെ നേതാവ് മുല്ല ഫസലുല്ലയ്ക്കും നേരേ ആക്രമണം നടത്താനാണ് പാക് സൈനിക മേധാവി റഹീല്‍ ശരീഫ് അമേരിക്കയോട് ആവശ്യപ്പെട്ടത്.

ഫസലുല്ല ഇപ്പോള്‍ അഫ്്ഗാനിസ്ഥാനിലാണെന്നാണ് സംശയിക്കുന്നത്. അഫ്ഗാന്‍ ദൗത്യത്തിനായുള്ള അമേരിക്കയുടെ കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സനുമായുള്ള പ്രത്യേക കൂടിക്കാഴ്ചയിലാണ് പാക് താലിബാനെ അടിച്ചമര്‍ത്തണമെന്ന നിലപാടുമായി റഹീല്‍ ശരീഫ് രംഗത്തെത്തിയത്. നേരത്തെ പാകിസ്താന്‍ അതിര്‍ത്തി കടന്ന് യു.എസ് ഡ്രോണുകള്‍ ആക്രമണം നടത്തുന്നതിനെതിരേ റഹീല്‍ ശരീഫ് രംഗത്തുവന്നിരുന്നു. അതേസമയം, ഇന്ത്യക്കെതിരേയും അദ്ദേഹം കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ കമാന്‍ഡറോട് ആക്ഷേപമുന്നയിച്ചു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളായ റോ, എന്‍.ഡി.എസ് എന്നിവയെ പാകിസ്താനില്‍ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന് റഹീല്‍ ശരീഫ് പറഞ്ഞു. അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല മന്‍സൂര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടശേഷം ഇതാദ്യമായാണ് പാക് ഔദ്യോഗിക വൃത്തങ്ങള്‍ അമേരിക്കന്‍ സൈനിക വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. പാകിസ്താനില്‍ വച്ചാണ് യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ നേതാവിനെ വധിച്ചത്.

അഫ്ഗാന്‍ താലിബാനെതിരേ യു.എസ് നടത്തിയ ആക്രമണം, പാകിസ്താന്റെ പരമാധികാരം ലംഘിച്ചാണെന്നായിരുന്നു പാക് നിലപാട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.

തുടര്‍ന്ന് പാകിസ്താനിലെ ഭീകരസംഘടനകള്‍ക്കെതിരേ തങ്ങള്‍ ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പാക് സൈനിക മേധാവി പ്രഖ്യാപിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.