2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പശ്ചിമഘട്ട സംരക്ഷണം: കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയേക്കില്ല

 

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിനു തിരിച്ചടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിസ്ഥിതി മന്ത്രാലയം ഉള്‍പ്പെടുത്തിയേക്കില്ല. കൂടുതല്‍ മേഖലകള്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ അംഗീകരിക്കാനാകില്ലെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. 2017ല്‍ ഇറക്കിയ കരട് വിജ്ഞാപനം അതേപടി പുതുക്കിയിറക്കുകയാവും മന്ത്രാലയം വീണ്ടും ചെയ്യുക. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉടനുണ്ടാകുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഹരിത ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുന്‍പ് പശ്ചിമഘട്ടവുമായി അതിര്‍ത്തി പങ്കിടുന്ന കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട, ഗോവ എന്നീ സംസ്ഥാനങ്ങളുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. എങ്ങനെ സമവായമുണ്ടാക്കാമെന്നത് സംബന്ധിച്ചാകും സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുക.
അതേസമയം, കേരളത്തിന് വേണ്ടി മാത്രം അന്തിമ വിജ്ഞാപനം ഇറക്കണമെന്ന ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചത്. ഇക്കാര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ മാസം 26ന് അവസാനിച്ചിരുന്നു. റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖലയില്‍ മാറ്റം വരുത്തണമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം. എന്നാല്‍, അതിനിടെ കേരളത്തില്‍ വലിയ നാശംവിതച്ച പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന് ഹരിത ട്രൈബ്യൂണല്‍ സുപ്രധാന ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആറ് മാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കണമെന്നും ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഫെബ്രുവരിക്കു മുന്‍പായി അന്തിമ വിജ്ഞാപനം പുറത്തുവരേണ്ടതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.