
പൊന്നാനി: സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പശ്ചിമഘട്ടത്തിലെ തുമ്പികളുടെ മേഖലാമാനചിത്രാവലി പുറത്തിറങ്ങി. പഠനങ്ങള്‍ അനുസരിച്ച് 14 കുടുംബങ്ങളിലായി 193 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍74 എണ്ണം തദ്ദേശീയ ഇനങ്ങളാണ്. തുമ്പികളെക്കുറിച്ചുള്ള പഠനങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്താണ് തുടങ്ങിവച്ചത്. പിന്നീട് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരും മറ്റു ഗവേഷകരും തുടരുകയായിരുന്നു.
വിവിധ സ്ഥലങ്ങളിലുള്ള സന്നദ്ധപ്രവര്‍ത്തകരും തുമ്പി ഗവേഷകരും രേഖപ്പെടുത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് തുമ്പികളുടെ ഭൂപടം ഉണ്ടാക്കിയിരിക്കുന്നത്.193 സ്പീഷീസുകളുടെ 5319 റിക്കോഡുകള്‍ ഇതിനായി പരിഗണിച്ചതായി തുമ്പി ഗവേഷകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയ ഇനം തുമ്പിയെ കണ്ടെത്തിയിരിന്നു. കോഴിക്കോട് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരായ ഡോ. കെ.ജി.എമിലിയമ്മയും ഡോ.ജാഫര്‍ പാലോട്ടും ആണ് ഈ കണ്ടുപിടുത്തത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.
സൂചിതുമ്പി വിഭാഗത്തിലെ നിഴല്‍ തുമ്പികളുടെ കുടുംബമായ പ്ലാറ്റിസ്റ്റിക്റ്റിഡെ കുടുംബത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. പ്രോട്ടോസ്റ്റിക് മോന്‍ടികോള എന്നാണ് പുതിയ തുമ്പിക്ക് പേര് നല്‍കിയിട്ടുള്ളത്.