2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പശുവിറച്ചി തിന്നുന്നവള്‍

ഷാഹിന ഇ.കെ

ഇപ്പോളെന്തോ

ഒരാധിയാണ്;
എന്റെ പേര്
ഫാത്തിമയെന്നാണ്.
ഫാത്തിമയും
അന്നയും
ജലജയുമൊക്കെ-
യൊന്നാണെന്ന്
എന്റെ വീടെപ്പോഴു-
മെന്നോടു പറയുമായിരുന്നു.
ഞങ്ങളഞ്ചു നേരം
നമസ്‌കരിക്കുകയും
റംസാനെത്തുമ്പോളുപവസിക്കുകയും
ഓണത്തപ്പനെ കാക്കുകയും
ഒന്നിച്ചു സദ്യയൊരുക്കുകയും ചെയ്യുമായിരുന്നു.
ക്രിസ്തുമസിന് ഞങ്ങളുടെ വീടിന്റെ പേര്
നക്ഷത്രങ്ങളുടെ വീടെന്നായിരുന്നു.
ഫാത്തിമയും
ജലജയും
അന്നയുമൊന്നാണെന്ന്
ഞങ്ങളോരോരുത്തരും കരുതിയിരുന്നു.
കൃഷ്ണനെയും
അല്ലാഹുവിനെയും
ക്രിസ്തുവിനെയും
ഞങ്ങള്‍ക്കിഷ്ടമായിരുന്നു.
ഞാനും
അന്നയും
ജലജയും
ഖുര്‍ആനും
ബൈബിളും
ഗീതയും കഥകളായി
പരസ്പരം പകുത്തിരുന്നു.
ദൈവത്തിലേക്ക്
പല വഴിയ്‌ക്കെത്തുമെന്നും
പലവഴികളുമൊഴുകിച്ചേരു-
ന്നൊരൊറ്റയിടം ദൈവമെന്നെന്നും കേട്ടാണ്
ഞങ്ങളുടെ കുട്ടിക്കാലം മുതിര്‍ന്നത്.
ഞാനുമന്നയും ജലജയു-
മൊന്നിച്ചാണെപ്പോഴുമുണ്ടിരുന്നത്.
പാത്രങ്ങളില്‍
തേങ്ങാക്കൊത്തിട്ട പന്നിമാംസവും
പച്ചക്കുരുമുളകു മണക്കുന്ന പോത്തിറച്ചിയും
ഉള്ളിയിട്ടു മൊരിച്ച മത്സ്യങ്ങളും
പലവിധ പച്ചക്കറികളുമുണ്ടാവുമായിരുന്നു.
കഴിയ്ക്കാനിഷ്ടമുള്ളവ
സ്‌നേഹത്തോടെ പകുത്തപ്പോള്‍
ഇഷ്ടമില്ലാത്തവയെച്ചൊല്ലി ഞങ്ങളാരും കലഹിച്ചില്ല…
ഓരോ ഉരുളയിലു-
മങ്ങനെയെന്റെയുമ്മയും
അന്നയമ്മച്ചിയും ജലജയമ്മയും
സ്‌നേഹപ്പലരുചികളാകുമായിരുന്നു.
ഓര്‍മകളുടെ ജലപാളികളിലൂ-
ടങ്ങനെയൂളിയിടുമ്പോളെന്തു
തണുപ്പ് !
മുങ്ങിനിവരുമ്പോ-
ളെനിക്കുപക്ഷേ, ഭയമാകുന്നു
എന്റെ പേര്,
ഫാത്തിമയെന്നാണ്.
ഒരു വേഗത്തീവണ്ടിയില്‍,
വഴിനടത്തത്തില്‍,
കച്ചവടച്ചന്തയില്‍,
കാഴ്ചമൈതാനത്ത്,
എനിയ്ക്കറിയാം
ഏതു നിമിഷവുമെനി-
ക്കെന്റെ പേരു നഷ്ടമാവാം.
അന്നയും
ജലജയും
ഫാത്തിമയുമൊക്കെയായ
ഞാന്‍,
ഞാന്‍ മാത്രം,
പശുവിറച്ചി തിന്നുന്നവളെന്ന പേരുപേറി-
ച്ചുകന്നു ചുകന്നു പോകാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.