2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പശുവിന്റെ ജഡം നീക്കിയില്ല; ഗുജറാത്തില്‍ ഗര്‍ഭിണിയുള്‍പ്പെടെ ദലിതര്‍ക്ക് മര്‍ദനം

അഹമദാബാദ്: പശുവിന്റെ പേരില്‍ ഗുജറാത്തില്‍ വീണ്ടും ദലിത് പീഡനം. പശുവിന്റെ ജഡം നീക്കാത്തതിന് ഗര്‍ഭിണിയുള്‍പ്പെടെ ദലിത് കുടുംബത്തിനു നേരെ ക്രൂരമായ ആക്രമണം. ഇരുപത്തഞ്ചുകാരി ഗര്‍ഭിണിയെയും ബന്ധുക്കളെയുമാണ് മേല്‍ജാതിക്കാര്‍ ആക്രമിച്ചത്. ബനാസ്‌കന്ത ജില്ലയിലെ മോട്ട കര്‍ജ ഗ്രാമത്തിലാണ് സംഭവം. സംഗീതബെന്‍ എന്ന യുവതിക്കാണ് മര്‍ദനമേറ്റത്. അഹമദാബാദില്‍ നിന്നു 180 കിലോമീറ്റര്‍ അകലെയാണ് കര്‍ജ ഗ്രാമം. യുവതിയുടെ ഭര്‍ത്താവ് നിലേഷ്ഭായ് അടക്കം അഞ്ചുപേര്‍ക്കെതിരേയും ആക്രമണമുണ്ടായി.
ദര്‍ബാര്‍ സമുദായത്തില്‍പെട്ടവരാണ് അക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ബട് വര്‍സിന്‍ ചൗഹാന്‍, മന്‍കുന്‍സിന്‍ ചൗഹാന്‍, യോഗിസിന്‍ ചൗഹാന്‍, ബാബര്‍സിന്‍ ചൗഹാന്‍, ദിവിര്‍സിന്‍ ചൗഹാന്‍, നരേന്ദ്രസിന്‍ ചൗഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.
പശുക്കളുടെ ജഡം നീക്കി ഫാം വൃത്തിയാക്കണമെന്ന് നിലേഷിനോടും സംഗീതയോടും അക്രമികളിലൊരാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ജോലി ചെയ്യില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം കുടുംബാംഗങ്ങളെ ചീത്തവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ സംഗീതയുടെ വയറിന് ആഘാതമേറ്റു. ഇവര്‍ പുലന്‍പുര്‍ സിവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ചത്ത പശുക്കളെ നീക്കി ഫാം വൃത്തിയാക്കി തന്നില്ലെങ്കില്‍ സംഗീതയെ കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഉനയില്‍ ദലിതര്‍ക്കു നേരെ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ചത്ത പശുക്കളെ കുഴിച്ചുമൂടുന്നതടക്കമുള്ള പ്രവൃത്തികളില്‍ നിന്നു ദലിതര്‍ വിട്ടുനിന്നു പ്രതിഷേധിക്കുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.