2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പശുക്കടവ് ദുരന്തം: മരണം നാലായി

ടി.സി അജ്മല്‍

തൊട്ടില്‍പ്പാലം: പശുക്കടവ് കടന്തറ പുഴയില്‍ ഒഴുക്കില്‍പെട്ട അഞ്ച് യുവാക്കളില്‍ മൂന്നുപേരുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഞായറാഴ്ച വൈകിട്ട് പൂഴിത്തോട് ജലവൈദ്യുത പദ്ധതി പ്രദേശത്ത് മാവട്ടം പുഴയില്‍ കുളിക്കാനിറങ്ങിയ സംഘം അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെടുകയായിരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹം കൂടി ലഭിച്ചത്.
ഇന്നലെ രാവിലെ ആറു മണിയോടെ ദേശീയ ദുരന്തനിവാരണ സേനയുടെ ടീം കമാന്‍ഡര്‍ എ.കെ.അമറിന്റെ നേതൃത്വത്തിലുള്ള 26 അംഗ സംഘം മൂന്ന് ഗ്രൂപ്പുകളായി നടത്തിയ തെരച്ചിലില്‍ കക്കുഴിയുള്ള പറമ്പത്ത് ശശിയുടെ മകന്‍ ഷിജിന്റെ(19) മൃതദേഹം ലഭിച്ചു. രാവിലെ 11 മണിയോടെ പാറയുള്ള പറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ്‌രാജിന്റെ(19) മൃതദേഹവും വൈകിട്ട് നാലോടെ കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്തിന്റെ(19) മൃതദേഹവും കണ്ടെത്തി. ഷിജിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് ഏകദേശം 800 മീറ്ററോളം അകലെ എക്കല്‍ സെന്റര്‍മുക്ക് ഭാഗത്തുനിന്ന് അശ്വന്തിന്റേത് അതിന്റെ തൊട്ടുതാഴെയായി പന്നിക്കോട്ടൂര്‍ കോളനി ഭാഗത്തുനിന്നുമാണു ലഭിച്ചത്. പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷ്(24)ന്റെ മൃതദേഹം ഞായറാഴ്ച രാത്രിതന്നെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. പുഴയില്‍ കാണാതായ കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ദാസ് (22), പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു (20) എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും യു.എല്‍.സി.സി തൊഴിലാളികളും ചേര്‍ന്ന് ഞായറാഴ്ച നടത്തിയ തെരച്ചില്‍ പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ടു. ഇതിനിടെ തൃശൂരില്‍ നിന്ന് ദേശീയ ദുരന്തനിവാരണ സേന എത്തിയെങ്കിലും മഴയും ഇരുട്ടും കാരണം തെരച്ചില്‍ തുടരാനായില്ല. ഇന്നലെ പുലര്‍ച്ചയോടെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ഉഷയാണ് പാറക്കല്‍ രജീഷിന്റെ അമ്മ. സഹോദരന്‍: രഞ്ജിത്ത്. ഗള്‍ഫില്‍ ജോലിയുള്ള രജീഷ് 27-നു തിരിച്ചുപോകാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്. കക്കുഴിയുള്ള പറമ്പത്ത് ഷിജിന്റെ മാതാവ് ബിന്ദു. സഹോദരന്‍: ഷിബിന്‍. പാറയുള്ള പറമ്പത്ത് അക്ഷയ്‌രാജിന്റെ അമ്മ നിഷ. സഹോദരി: അയന. കറ്റോടി അശ്വന്തിന്റെ അമ്മ ശാന്ത. സഹോദരന്‍ അശ്വിന്‍.
കാണാതായവരില്‍പെട്ട പാറയുള്ള പറമ്പത്ത് വിഷ്ണുവിന്റെ അമ്മ ശാന്ത.സഹോദരന്‍ ജിഷ്ണു. അപകടത്തില്‍പെട്ട വിഷ്ണുവിന്റെ സഹോദരനായ ജിഷ്ണു പുഴകടന്ന് പൂഴിത്തോട് ഭാഗത്തേക്ക് പോയതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയത്. കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസിന്റെ അമ്മ ഗീതയാണ്. സഹോദരന്‍ ഷിബിന്‍ദാസ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് അപകടത്തില്‍ പെട്ടവരെല്ലാം. ഡി.വൈ.എഫ്.ഐ കോതോട് യൂണിറ്റ് പ്രസിഡന്റാണ് വിപിന്‍ദാസ്. വിഷ്ണു സെക്രട്ടറിയും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.