2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

പഴയകുന്നുമ്മേല്‍ പഞ്ചായത്തിന് നഷ്ടപ്പെടുന്നത് 21.33 ലക്ഷം

വാര്യര്‍ വി. കിളിമാനൂര്‍

കിളിമാനൂര്‍: വിജിലന്‍സ് അന്വേഷണത്തിന് പിന്നാലെ അടച്ച തുകയും സോള്‍വന്‍സിയും മടക്കി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. അതോടെ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിന് മാര്‍ക്കറ്റ് ലേലവുമായി ബന്ധപ്പെട്ട് 2017-18 സാമ്പത്തിക വര്‍ഷം 21,33,333 രൂപ നഷ്ടപ്പെടുമെന്നുറപ്പായി. പഞ്ചായത്ത് ഭരണ സമിതിയുടെയും സെക്രട്ടറിയുടെയും സമയോചിതമായ ഇടപെടല്‍ ഉണ്ടാകാത്തതാണ് ഭീമമായ സാമ്പത്തിക നഷ്ടത്തിന് കാരണമായതെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് സര്‍ക്കാരിന്റെ ഉത്തരവ്.
കരാറുകാരന്‍ ഉത്തരവിന്റെ പകര്‍പ്പുമായി ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്ക് അടച്ച തുകയും സോള്‍വന്‍സിയും മടക്കി നല്‍കാന്‍ ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചതായി അറിയുന്നു. 2017 -18 വര്‍ഷത്തെ കിളിമാനൂര്‍ പുതിയ കാവിലെ പൊതു മാര്‍ക്കറ്റിലെ നികുതി പിരിക്കാനുള്ള അവകാശം അടയമണ്‍ തടത്തില്‍ ചരുവിള വീട്ടില്‍ ഗുരുദാസന്‍ ആണ് ലേലം പിടിച്ചത്. ലേലത്തില്‍ പങ്കെടുക്കാന്‍ കെട്ടിവെച്ച ഒരു ലക്ഷം രൂപക്ക് പുറമെ 9,25,000 രൂപയും 20,00007 രൂപയുടെ സോള്‍വന്‍സിയും പഞ്ചായത്തിന് നല്‍കിയാണ് കരാറില്‍ ഒപ്പ് വച്ചത്. ലേല നടപടികള്‍ ചട്ടപ്രകാരമായിരുന്നു എന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഏപ്രില്‍ ഒന്നാം തിയതി ഗുരുദാസന്‍ മാര്‍ക്കറ്റില്‍ നികുതി പിരിക്കാന്‍ വന്നപ്പോള്‍ പഞ്ചായത്ത് ഭരണ സമിതിയിലെ സി.പി.ഐലെ മൂന്ന് അംഗങ്ങളുടെ നേതൃത്വത്തില്‍ പിരിവ് തടഞ്ഞു. അമിത തുക ഈടാക്കുന്നു എന്നാരോപിച്ചാണ് പിരിവ് തടഞ്ഞത്.
നികുതി പിരിക്കാന്‍ അനുവദിക്കുന്നില്ലന്ന് കാട്ടി ഗുരുദാസന്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും പഞ്ചായത്ത് വിഷയത്തില്‍ മൗനം പാലിച്ചു. തുടര്‍ന്ന് കെട്ടിവെച്ച തുകയും സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റും മടക്കി നല്‍കി പുനര്‍ ലേലം നടത്തുകയോ, പഞ്ചായത്ത് നേരിട്ട് പിരിക്കുകയോ ചെയ്ത് കാറില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുദാസന്‍ പഞ്ചായത്തില്‍ വീണ്ടും കത്ത് നല്‍കിയെങ്കിലും അതും പഞ്ചായത്ത് പരിഗണിച്ചില്ല .ഫലത്തില്‍ മാര്‍ച്ച് 31 വരെയും നികുതി പിരിവ് നടന്നില്ല. 2017 ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷം പിരിവ് നടന്നില്ലെന്ന വിവരം സെക്രട്ടറി അറിയിച്ചതായി റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഗുരുദാസനെതിരെ റവന്യു റിക്കവറി നടപടിയുമായി മുന്നോട്ട് പോയപ്പോഴാണ് ഗുരുദാസന്‍ സര്‍ക്കാരിനെ സമീപിച്ചത്. വകുപ്പ് തലത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചകള്‍ വ്യക്തമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി തുടര്‍ന്നാണ് ഗുരുദാസന്‍ അടച്ച തുകയും സോള്‍വന്‍സിയും മടക്കി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായത് .സര്‍ക്കാര്‍ ഉത്തരവ് വന്നെങ്കിലും അതിനെ മറികടക്കാന്‍ പഞ്ചായത്ത് നീക്കം നടക്കുന്നതായി അറിയുന്നു. 2018 വര്‍ഷത്തെ ലേല നടപടികളിലെ വീഴ്ചകളെ പറ്റിയും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട് . സര്‍ക്കാര്‍ അനുമതിയില്ലാതെ മാര്‍ക്കറ്റിലെ നികുതിയില്‍ പഞ്ചായത്ത് വര്‍ധനവ് വരുത്തിയെന്നാണ് പ്രധാന കണ്ടെത്തല്‍. ഒപ്പം പഞ്ചായത്തില്‍ ബാധ്യത ഉള്ളയാളിനാണ് ലേലം ഉറപ്പിച്ചു നല്‍കിയതെന്നും പരാമര്‍ശം ഉണ്ട്. 2017-18, 2018-19 വര്‍ഷങ്ങളിലെ നികുതി പിരിവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുകള്‍ നിലവിലുണ്ട്. വിജിലന്‍സ് റിപ്പാര്‍ട്ട് ഇന്നലെ വിശദമായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു .


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.