2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

പഴമയിലേക്കു മടങ്ങാനുള്ള സന്ദേശവുമായി അഷ്‌റഫിന്റെ കൃഷിത്തോട്ടം

തൃക്കരിപ്പൂര്‍: വീട്ടുമുറ്റത്തെ ചുരുങ്ങിയ സ്ഥലത്ത് വിവിധ കൃഷികളിറക്കി വിസ്മയമൊരുക്കുകയാണു തൃക്കരിപ്പൂര്‍ പൂച്ചോലിലെ ഒ.ടി അഷ്‌റഫ്. 13 സെന്റിലാണ് കൃഷി. പൂച്ചോലില്‍ റോഡരികത്താണ് അഷ്‌റഫിന്റെ വീട് സ്ഥിതി ചെയ്യുന്നത്. റോഡരികില്‍ മാലിന്യം തള്ളുന്നതു കണ്ടുമടുത്ത ഈ അറുപതുകാരന്‍ ആദ്യം റോഡരികില്‍ വാഴകളും വിവിധയിനം പച്ചക്കറികളും നട്ടുപിടിപ്പിച്ചു. ‘പഴമയിലേക്കു മടങ്ങുക, പ്രകൃതിയെ സ്‌നേഹിക്കുക, രോഗങ്ങളെ അകറ്റുക, കൃഷിയിലേക്കു തിരിച്ചുവരിക, പശുക്കളെയും ആടുകളെയും കോഴികളെയും ജീവിജന്തുക്കളെയും സ്‌നേഹിക്കുക’ എന്ന സന്ദേശവും ഇവിടെ എഴുതി വച്ചു. സന്ദേശം വായിച്ച നിരവധിപേര്‍ കൃഷി ചെയ്തു തുടങ്ങിയെന്ന് അഷ്‌റഫ് സാക്ഷ്യപ്പെടുത്തുന്നു.
അഷ്‌റഫിന്റെ 13 സെന്റ് സ്ഥലത്ത് രണ്ടിനം വാഴകളും നാലുതരം വഴുതന, വിവിധയിനം മുളകുകള്‍, സോയാബീന്‍, മുന്തിരി, വിവിധയിനം പച്ചക്കറികള്‍, ഇലകള്‍, മുസമ്പി, വിവിധയിനം ഔഷധ ചെടികള്‍ എന്നിവയെല്ലാം വളര്‍ന്നു പന്തലിച്ചു കിടക്കുന്നുണ്ട്. അഷ്‌റഫിന് വീടിന്റെ ടെറസില്‍ വിവിധയിനം കൃഷി ഇറക്കണമെന്നുണ്ട്. പക്ഷെ സാമ്പത്തികം തടസമാകുന്നതിനാല്‍ അതിനു കഴിയുന്നില്ല.
വീട്ടു പറമ്പിലെ ഔഷധ ചെടി ഉപയോഗിച്ചുള്ള കുടിവെള്ളം വഴിയാത്രക്കാര്‍ക്കു കുടിക്കാനായി മണ്‍കൂജയില്‍ റോഡരികത്ത് ഒരുക്കിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലെ കൃഷി ഓഫിസര്‍ അഷ്‌റഫിന്റെ കൃഷി തോട്ടം കാണാനെത്തിയിരുന്നു. നിരവധി ആളുകള്‍ ഭൂമി തരിശിടുമ്പോള്‍ ഒരേക്കര്‍ സ്ഥലത്ത് ചെയ്യേണ്ട അത്രയും കൃഷി അഷ്‌റഫ് 13 സെന്റില്‍ ചെയ്തു തീര്‍ത്ത ആശ്ചര്യമാണെന്ന് കൃഷി ഓഫിസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.