
കൊടുങ്ങല്ലൂര്‍: പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തോറും കുന്നുകൂടിയത് എണ്ണിയാലൊടുങ്ങാത്തത്ര വസ്ത്രങ്ങളാണ്.
ഉടുതുണിക്ക് മറുതുണിയില്ലാതെ രായ്ക്കുരാമാനം കിടപ്പാടം വിട്ട് പാലായനം ചെയ്തവര്‍ക്ക് സഹായമെത്തിക്കാന്‍ സമൂഹമൊന്നടങ്കം ഒന്നിച്ചു നിന്നപ്പോള്‍ മറ്റു ചിലര്‍ അത് മാലിന്യ നിര്‍മാര്‍ജ്ജനത്തിനുള്ള അവസരമാക്കി മാറ്റി.
ദുരിതബാധിതര്‍ക്ക് പുതിയ വസ്ത്രങ്ങള്‍ സമ്മാനിച്ച് പലരും മാതൃകയായപ്പോള്‍ വേറെ ചിലര്‍ ദുരിതാശ്വാസ ക്യാംപുകളെ പഴകിയ വസ്ത്രങ്ങള്‍ കൊണ്ടുവന്നു തള്ളാനുള്ള ഇടമാക്കി. ഗതികേടുകൊണ്ട് പലപ്പോഴും ദുരിതബാധിതര്‍ പഴയ വസ്ത്രങ്ങള്‍ കൈപ്പറ്റിയെങ്കിലും ഒട്ടും തന്നെ ഉപയോഗിക്കാന്‍ കഴിയാത്ത വിധം പഴഞ്ചനായ വസ്ത്രങ്ങള്‍ ക്യാംപുകളില്‍ കെട്ടിക്കിടന്നു.
കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ പോലും ചിലര്‍ സഹാനുഭൂതിയുടെ മറവില്‍ ക്യാംപുകളില്‍ കൊണ്ടുവന്നുപേക്ഷിച്ചു. വര്‍ഷങ്ങളായി വീടുകളില്‍ കെട്ടിക്കിടന്നിരുന്ന പഴയ വസ്ത്രങ്ങള്‍ അപ്പാടെ തള്ളിയവര്‍ ഉപകാരത്തേക്കാള്‍ ഉപദ്രവമാണ് ചെയ്തത്.
ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്ന ചില വിദ്യാലയങ്ങളില്‍ അധ്യായനം പുനരാരംഭിച്ചപ്പോള്‍ കുന്നുകൂടിയ പഴയ വസ്ത്രങ്ങള്‍ ഒഴിവാക്കലായിരുന്നു പ്രധാന പ്രശ്നം.