2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

പള്‍സര്‍ സുനിയുടെ കത്ത്: കാക്കനാട് ജയില്‍ അധികൃതര്‍ക്കെതിരേ ജയില്‍വകുപ്പിന്റെ അന്വേഷണം


=ജയില്‍ച്ചട്ടം ലംഘിച്ചോയെന്നും അന്വേഷിക്കും
=ജയില്‍ മുദ്ര പതിച്ച പേപ്പറില്‍ ക്വട്ടേഷന്റെ പണം ആവശ്യപ്പെട്ടാണ് സുനില്‍ കത്തെഴുതിയത്

എ.എസ് അജയ്‌ദേവ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍വച്ച് അയച്ച കത്തുമായി ബന്ധപ്പെട്ട് കാക്കനാട് ജയില്‍ അധികൃതര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്താന്‍ ജയില്‍വകുപ്പിന്റെ തീരുമാനം. ദിലീപിനെതിരേ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടിനും പങ്കുണ്ടെന്ന് പി.സി ജോര്‍ജ് എം.എല്‍.എ ആരോപണം ഉന്നയിച്ചിരുന്നു. 

ഗൂഢാലോചനയില്‍ ജയില്‍ സൂപ്രണ്ടിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നല്‍കി. വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് ജയില്‍ ഡി.ജി.പി ശ്രീലേഖയ്ക്ക് കത്ത് കൈമാറി.
ജയിലിനുള്ളില്‍വച്ച് പള്‍സര്‍ സുനിയും കൂട്ടാളിയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കാക്കനാട് ജയില്‍ സൂപ്രണ്ട് നേരത്തേ ജയില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് പള്‍സര്‍ സുനി ജയിലില്‍വച്ച് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും, നാദിര്‍ഷയെയും വിളിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ ഫോണ്‍ നമ്പരുകളും, എത്ര തവണ വിളിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളും ആ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ക്വട്ടേഷന്‍ നടത്തിയതിന്റെ പ്രതിഫലം തരണമെന്നും, ഇല്ലെങ്കില്‍ ആപത്താണെന്നുമുള്ള ഭീഷണിക്കത്ത് ജയിലില്‍നിന്നാണ് പള്‍സര്‍ സുനി അയച്ചത്.ജയില്‍ വളപ്പിനു പുറത്തേക്ക് തടവുകാരുടെ കത്തുകള്‍ പോകണമെങ്കില്‍ ജയില്‍ സൂപ്രണ്ട് വായിച്ച് അനുമതി ലഭിച്ചതിനു ശേഷമായിരിക്കും.
നിയമപരമായ അപാകതകളൊന്നും ആ കത്തിലോ കുറിപ്പിലോ കണ്ടെത്താന്‍ ജയില്‍ സൂപ്രണ്ടിന് പരിശോധനയിലൂടെ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ അത് പ്രതിയുടെ പേരില്‍ ജയിലിനു പുറത്ത് കൈമാറുവാന്‍ ജയില്‍ ചട്ടങ്ങളനുസരിച്ച് കഴിയുകയുള്ളൂ.
എന്നിരിക്കെ, ക്വട്ടേഷന് പണം ആവശ്യപ്പെട്ടുകൊണ്ടെഴുതിയ കത്ത് എങ്ങനെ പുറത്തുപോയെന്നതാണ് അന്വേഷിക്കുന്നത്. ജയില്‍ മുദ്രയുള്ള പേപ്പറിലാണ് ക്വട്ടേഷന്‍ പണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ജയില്‍ അധികൃതരുടെ വീഴ്ചയാണോയെന്നും, ഏതു സാഹചര്യത്തിലാണ് കത്ത് പുറത്തു പോയതെന്നുമായിരിക്കും അന്വേഷിക്കുക.
നടിയ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഗൂഢാലോചനാ കുറ്റത്തിന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇരയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഒരു പക്ഷവും തെറ്റു ചെയ്തിട്ടില്ലെങ്കില്‍ നടനെ ക്രൂശിക്കുന്നത് ശരിയല്ലെന്ന നിലപാടുമായി മറ്റൊരു പക്ഷവും ശക്തമായിരിക്കുകയാണ്.
തടവുകാരെ പരിശോധിക്കുന്നതില്‍ കടുത്ത വീഴ്ചയാണ് ജയില്‍ വാര്‍ഡന്‍മാര്‍ വരുത്തുന്നത്. തടവുകാരുടെ ഭൃത്യന്‍മാരെപ്പോലെയാണ് വാര്‍ഡന്‍മാര്‍ ജയിലിനുള്ളില്‍ പെരുമാറുന്നത്. ടി.പി വധക്കേസിലെ പ്രതികള്‍ നിരന്തരം അത്യാധുനിക ഫോണുകള്‍ ഉപയോഗിക്കുന്നതും, സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതും ഇതുകൊണ്ടാണ്. പരോളില്‍ പോകുന്ന തടവുപുള്ളികള്‍ തിരികെ ജയിലിലെത്തുമ്പോള്‍ മലദ്വാരത്തിലും മറ്റു ശരീരഭാഗങ്ങളിലുമായാണ് മൊബൈല്‍ കടത്തുന്നത്. പരിശോധനയില്ലാതെയും, ദാസിപ്പണി ചെയ്യുന്നതു പോലെയുമുള്ള ജയിലധികൃതരുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ എല്ലാ ജയിലുകളിലും അസ്വസ്ഥത വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

 

 

ദിലീപിനെതിരേ നടന്ന
ഗൂഢാലോചനയില്‍ കാക്കനാട്
ജയില്‍ സൂപ്രണ്ടിനും പങ്ക്: പി.സി ജോര്‍ജ്

മുഖ്യമന്ത്രിക്ക് കത്തു നല്‍കി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരേ നടന്ന ഗൂഢാലോചനയില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടിനും പങ്കുണ്ടെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അന്വേഷണം നടക്കുന്ന കേസില്‍ വീണ്ടും പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി അയച്ച കത്ത് ജയില്‍ സൂപ്രണ്ട് വായിച്ചശേഷമാണോ ജയില്‍ മുദ്ര പതിപ്പിച്ചതെന്ന് പി.സി ജോര്‍ജ് ചോദിക്കുന്നു.
ഇക്കാര്യത്തില്‍ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. ബെഹ്‌റ ജയില്‍ എ.ഡി.ജി.പി എസ്. ശ്രീലേഖയ്ക്ക് കൈമാറി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പി.സി ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.