2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പള്ളുരുത്തി പൊതുശ്മശാനത്തിന്റെ ദൈന്യസ്ഥിതി അടിയന്തരമായി പരിഹരിക്കണം: വിവരാവകാശ കമ്മിഷണര്‍

കൊച്ചി: പള്ളുരുത്തി പൊതുശ്മശാനത്തിന്റെ ദൈന്യസ്ഥിതി പരിഹരിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ നിര്‍ദേശം. സ്വീകരിച്ച നടപടികള്‍ ഒരൂ മാസത്തിനുള്ളില്‍ കമ്മിഷനെ അറിയിക്കണം. പള്ളുരുത്തി പൊതുശ്മശാനവുമായി ബന്ധപ്പെട്ട് വലിയ പുല്ലാര അത്തിമാലപ്പറമ്പ് സുധന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയിലെ ഉത്തരവിലാണ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.വി സുധാകരന്‍ ഈ നിര്‍ദേശം നല്‍കിയത്.
പള്ളുരുത്തി പൊതുശ്മശാനവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപ്പീലിലാണ് കമ്മിഷന്റെ തീര്‍പ്പ്. എറണാകുളം കളക്ടറേറ്റില്‍ നടത്തിയ ഹിയറിംഗില്‍ കമ്മിഷന്‍ ഈ അപ്പീല്‍ പരിഗണിച്ചിരുന്നു. ശ്മശാന നടത്തിപ്പില്‍ കോര്‍പ്പറേഷന്റെ കുറ്റകരമായ അനാസ്ഥ ചൂണ്ടിക്കാട്ടിയ ഹരജിക്കാരന്‍ ഇതു സംബന്ധിച്ച പത്രറിപ്പോര്‍ട്ടുകളും കമ്മിഷന്‍ മുമ്പാകെ ഹാജരാക്കി.
അതേസമയം ശ്മശാനത്തിന്റെ ടെന്‍ഡര്‍ നടത്തിപ്പ് ചുമതല കോര്‍പ്പറേഷന്റെ റവന്യൂ വിഭാഗത്തിനാണെന്നും ഇത് ചെയ്തിട്ടില്ലെന്നും നഗരസഭ പള്ളുരുത്തി മേഖലാ ഓഫീസിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കമ്മീഷനെ ബോധിപ്പിച്ചു. ഇതുമൂലം നാളുകളായി ഒരു വ്യക്തി ശ്മശാനനടത്തിപ്പ് കൈയ്യടക്കി വച്ചിരിക്കുകയാണെന്നും തോന്നിയ പോലെ കൈകാര്യം ചെയ്യുകയാണെന്നും ഇദ്ദേഹം അറിയിച്ചു.
കോര്‍പ്പറേഷന്റെ പള്ളുരുത്തി മേഖലാ ഓഫീസിലെ സൂപ്രണ്ടാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്നും ഇത് കൃത്യമായി ചെയ്യാത്തത് കൊണ്ടാണ് അപ്പീല്‍ ഹര്‍ജിക്കാരന് വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തതെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ഹരജിക്കാരന്‍ ഉന്നയിച്ചിരിക്കുന്ന വിഷയം അത്യന്തം ഗൗരവവും അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.
കേവലമായ വിവരശേഖരണത്തിനപ്പുറം ഒരു പ്രദേശത്തെ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതതെന്ന ബാധിക്കുന്ന ഗുരുതരമായ വിഷയമാണിത്. കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥ മൂലം പൊതുശ്മശാനം സ്വകാര്യവ്യക്തി തോന്നിയതു പോലെ കൈകാര്യം ചെയ്യുകയും മൃതദേഹങ്ങളോട് അനാദരവും അവഹേളനവും പുലര്‍ത്തുകയും ചെയ്യുന്നതിന്റെ സ്‌തോഭജനകമായ വിവരങ്ങളാണ് ഹരജിയിലുള്ളത്.
മൃതദേഹത്തോട് ആദരവ് കാണിക്കുകയെന്നത് മാനവികതയുടെയും മനുഷ്യവംശത്തിന്റെയും കൊടിയടയാളമായാണ് കണക്കാക്കുന്നത്. മനുഷ്യാവകാശം പോലെ തന്നെ മൃതദേഹങ്ങള്‍ക്കും അവകാശമുണ്ടെന്ന് അംഗീകരിക്കുന്നതാണ് പുരോഗതി പ്രാപിച്ച സമൂഹത്തിന്റെ മനസ്. അതു മാനിച്ചു കൊണ്ടാണ് മൃതദേഹത്തിന് മുന്നില്‍ നമസ്‌കരിക്കുകയും പൂക്കളര്‍പ്പിക്കുകയും അഭിവാദ്യങ്ങളര്‍പ്പിക്കുന്നതും പ്രാര്‍ത്ഥനകള്‍ നടത്തുകയുമൊക്കെ ചെയ്യുന്നത്. അധികൃതരുടെ അനാസ്ഥ മൂലം മൃതദേഹങ്ങള്‍ അന്തസോടെ സംസ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുന്നത് മാപ്പര്‍ഹിക്കാത്ത അപരാധമായി മാത്രമേ കാണാനാകൂവെന്നും കമ്മിഷന്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.